|    Sep 24 Sun, 2017 5:47 pm
FLASH NEWS

മാന്തോപ്പുകളില്‍ മാരക കീടനാശിനി പ്രയോഗം

Published : 11th November 2016 | Posted By: SMR

കൊല്ലങ്കോട്: തെന്മലയോര പ്രദേശമായ പയ്യല്ലൂര്‍ തൊണ്ടേക്കാട് ജനവാസ പ്രദേശങ്ങളില്‍ സമീപത്തുള്ള മാന്തോപ്പുകളില്‍ മാരക കീടനാശിനി പ്രയോഗം മൂലം ദേഹാസ്വസ്ഥ്യം അനുഭവപ്പെടുന്നതായി നാട്ടുകാരുടെ പരാതി. കേരളത്തില്‍ നിരോധിച്ച എന്‍ഡോസള്‍ഫാന്‍ പോലുള്ള മാരക കീടനാശിനികള്‍ പല പേരുകളിലും കണ്ടയ്‌നര്‍ സീല്‍ മാറ്റിയും മാന്തോപ്പുകളില്‍ ചില കര്‍ഷകര്‍ ഉപയോഗിക്കുന്നതായി അവര്‍ പറയുന്നു. കീടനാശിനി പ്രയോഗം നടത്തിയാല്‍ മണിക്കൂറുകളോളം ആ പ്രദേശത്തില്‍ കീടനാശിനിയുടെ ഗന്ധം പടരുന്നതിനാല്‍ ശ്വസിക്കുന്നവര്‍ക്ക് തലവേദന, ഛര്‍ദ്ദി, മനംപുരട്ടല്‍, ശരീരക്ഷീണം എന്നിവ അനുഭവപ്പെടുന്നതായി പരിസരവാസികള്‍ പറയുന്നു. ഇന്നലെ തൊണ്ടേക്കാട് ജ്ഞാനാനന്ദ ആശ്രമത്തിനോട് ചേര്‍ന്നുള്ള മാന്തോപ്പില്‍ കീടനാശിനി പ്രയോഗം മൂലം നാട്ടുകാര്‍ ഏറെ പ്രയാസപ്പെട്ടതായി പറയുന്നു. പരാതിയെ തുടര്‍ന്ന് കൊല്ലങ്കോട് പോലിസ് സ്ഥലത്തെത്തി പയ്യല്ലൂര്‍ തൊണ്ടേക്കാട് മേഖലയിലെ കീടനാശിനി പ്രയോഗം നിര്‍ത്തിവച്ചു. അതേസമയം തെന്മലയോര പ്രദേശങ്ങളിലും മലയടിവാര പ്രദേങ്ങളിലുമായി നടത്തുന്ന കീടനാശിനി പ്രയോഗം നിയന്ത്രണമില്ലാതെ തുടരുകയാണ്. പെട്ടിഓട്ടോറിക്ഷയിലും വലിയ വാഹനങ്ങളിലും അഞ്ഞൂറ് ലിറ്റര്‍ മുതല്‍ രണ്ടായിരം ലിറ്റര്‍ ശേഷിയുള്ള വാട്ടര്‍ ടാങ്കില്‍ രഹസ്യ കേന്ദ്രങ്ങളില്‍ വച്ചാണ് മാരക കീടനാശിനികള്‍ കലര്‍ത്തുന്നത്. കേരളത്തില്‍ ഉപയോഗിക്കാവുന്ന കീടനാശിനികള്‍ ഇവരുടെ വാഹനത്തില്‍ സൂക്ഷിക്കുന്നതിനാല്‍ പരിശോധന നടത്തിയാലും ഇതു മാത്രമേ ലഭിക്കൂ. പ്രത്യേകം തയ്യാറാക്കി വാഹനത്തില്‍ ഘടിപ്പിച്ചിട്ടുള്ള ചെറിയ മോട്ടോര്‍ പ്രവര്‍ത്തിച്ചാണ് ടാങ്കിലെ കീടനാശിനി പ്രയോഗം മാന്തോപ്പുകളില്‍ നടത്തുന്നത്. ഇത് പ്രയോഗിക്കുന്നവര്‍ വേണ്ടത്ര സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കാതെയാണ് കീടനാശിനി പ്രയോഗം നടത്തുന്നത്. നിരോധിത കീടനാശിനി പ്രയോഗങ്ങള്‍ സമീപ പ്രദേശങ്ങളിലും വ്യാപകമായി നടത്തുന്നതായി നാട്ടുകാര്‍ പറയുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക