|    Jan 23 Mon, 2017 6:12 am
FLASH NEWS

മാന്തളിര്‍ സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് പള്ളി; പാത്രിയാര്‍ക്കീസ് പക്ഷം നല്‍കിയ എസ്എല്‍പി സുപ്രിംകോടതി തള്ളി

Published : 9th February 2016 | Posted By: SMR

പത്തനംതിട്ട: നാല്‍പതുവര്‍ഷം നീണ്ടു നിന്ന കുളനട മാന്തളിര്‍ സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് പള്ളിത്തര്‍ക്കത്തിന് അന്ത്യം. ഹൈക്കോടതിയുടെ വിധിക്കെതിരേ പാത്രിയാര്‍ക്കീസ് പക്ഷം നല്‍കിയ സ്‌പെഷല്‍ ലീവ് പെറ്റീഷന്‍(എസ്എല്‍പി) സുപ്രീംകേ ാടതി തള്ളിയതോടെ പള്ളിയുടെയും സെമിത്തേരിയുടെയും ഉടമസ്ഥാവകാശം ഓര്‍ത്തഡോക്‌സ് വിഭാഗത്തിന് മാത്രമായി.
മാനുഷിക പരിഗണന വച്ച് സെമിത്തേരിയില്‍ പാത്രിയാര്‍ക്കീസ് വിഭാഗത്തിന്റെ സംസ്‌കാരം നടത്തി കൊടുക്കാന്‍ തങ്ങള്‍ തയാറാണെന്നും പക്ഷേ, അതിനായി അപേക്ഷിക്കണമെന്നും പള്ളി വികാരി ജോണ്‍ പി ഉമ്മന്‍, ചെങ്ങന്നൂര്‍ ഭദ്രാസന സെക്രട്ടറി ഫാ. തോമസ് കൊക്കാപ്പറമ്പില്‍, ഫാ. തോമസ് അമയില്‍, ഇടവക ട്രസ്റ്റിമാരായ സണ്ണിജോണ്‍, പി എം മത്തായി അറിയിച്ചു. പാത്രിയര്‍ക്കീസ്‌വിഭാഗത്തിന്റെ സംസ്‌കാര കര്‍മങ്ങള്‍ അവരുടെ ഭവനത്തില്‍ വച്ച് പൂര്‍ത്തിയാക്കി സെമിത്തേരിയില്‍ മൃതദേഹം എത്തിക്കുമ്പോള്‍ തങ്ങളുടെ വൈദികന്‍ അടക്കി കൊടുക്കും.
ഈ വ്യവസ്ഥ അംഗീകരിച്ചാല്‍ സെമിത്തേരി ഉപയോഗിക്കുന്നതിന് തടസമില്ല. 1975 ലാണ് പള്ളിത്തര്‍ക്കം ആരംഭിച്ചത്. അന്ന് പൂട്ടിയ പള്ളിയുടെ താക്കോല്‍ 2008 ല്‍ ആലപ്പുഴ സബ്ഡിവിഷണല്‍ മജിസ്‌ട്രേറ്റ് ഓര്‍ത്തഡോക്‌സ് വിഭാഗത്തിന് കൈമാറി. ഈ നടപടി ചോദ്യം ചെയ്ത് യാക്കോബായ വിഭാഗം ഹൈക്കോടതിയില്‍ ക്രിമിനല്‍ റിവിഷന്‍ പെറ്റീഷന്‍ ഫയല്‍ ചെയ്തു.
1995ല്‍ സുപ്രീംകോടതി വിധി പ്രഖ്യാപിച്ച പൗലോസ് മാര്‍ അത്താനാസിയോസ് മെത്രാപ്പോലീത്തന്‍ കേസില്‍ തന്നെ മാന്തളിര്‍പ്പള്ളിയുടെ പൊസഷനും ടൈറ്റിലും ഉറച്ചതാണെന്നും പള്ളി അതില്‍ കക്ഷിയാണെന്നുമുള്ള ഓര്‍ത്തഡോക്‌സ് വിഭാഗത്തിന്റെ അവകാശവാദം ഹൈക്കോടതി അംഗീകരിച്ചു.
കഴിഞ്ഞ വര്‍ഷം ജൂണ്‍ 18 ന് മാന്തളിര്‍ പള്ളി ഓര്‍ത്തഡോക്‌സ് വിഭാഗത്തിന് അവകാശപ്പെട്ടതാണെന്ന് ഹൈക്കോടതി വിധി പ്രഖ്യാപിച്ചു. ഇതിനെതിരേയാണ് യാക്കോബായ വിഭാഗം എസ്എല്‍പി സുപ്രീംകോടതിയില്‍ നല്‍കിയത്. ഇതിന് ശേഷം ഓര്‍ത്തഡോക്‌സ് വിഭാഗം പള്ളി തുറന്ന് ആരാധന നടത്തിപ്പോരുകയാണ്.
ഇതിനിടെ യാക്കോബായ വിഭാഗത്തിന്റെ സംസ്‌കാരച്ചടങ്ങുകള്‍ നടത്താന്‍ സ്ഥലമില്ലെന്ന പരാതി ഉയര്‍ന്നതിനെ തുടര്‍ന്ന് ഇരുകൂട്ടരെയും വിളിച്ചു ചേര്‍ത്ത് ജില്ലാ കലക്ടര്‍ ചര്‍ച്ച നടത്തി. ഇതനുസരിച്ച് ഒരു വൈദികനെ മാത്രം യാക്കോബായ വിഭാഗത്തിന്റെ സംസ്‌കാരത്തിന് സെമിത്തേരിയില്‍ പ്രവേശനം അനുവദിക്കാവുന്നതാണെന്ന് ധാരണയായി. ഈ ധാരണ സുപ്രീംകോടതിയില്‍ നിലവിലുള്ള കേസ് അവസാനിക്കുന്നതു വരെ മാത്രമാണെന്ന് യാക്കോബായ വിഭാഗത്തിന്റെ നിര്‍ബന്ധപ്രകാരം എഴുതിച്ചേര്‍ത്തിരുന്നു.
കോടതിയുടെ അന്തിമവിധി വന്നതോടെ പള്ളിയുടെയും സെമിത്തേരിയുടെയും പൂര്‍ണ അവകാശം തങ്ങള്‍ക്കാണെന്നും സെമിത്തേരിയോട് ചേര്‍ന്നുള്ള അഞ്ച് സെന്റ് കൈവശം വച്ചിരിക്കുന്നത് വിട്ടു നല്‍കാനുള്ള ധാര്‍മികത പാത്രിയര്‍ക്കീസ് പക്ഷം കാണിക്കണമെന്നും ഓര്‍ത്തഡോക്‌സ് വൈദികര്‍ ആവശ്യപ്പെട്ടു. കഴിഞ്ഞ അഞ്ചിനാണ് സ്‌പെഷല്‍ ലീവ് പെറ്റീഷന്‍ ജസ്റ്റിസ് പിനോഖേ ചന്ദ്രഘോഷ്, ജസ്റ്റിസ് അമിതാബാ റോയ് എന്നിവര്‍ അടങ്ങുന്ന സുപ്രീം കോടതി ഡിവിഷന്‍ ബഞ്ച് തള്ളിയത്. ഓര്‍ത്തഡോക്‌സ് വിഭാഗത്തിന് വേണ്ടി അഡ്വ. രാജീവ് ധവാന്‍, അഡ്വ. എസ്. ശ്രീകുമാര്‍, അഡ്വ. ഇ എം എസ് അനാം ഹാജരായി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 99 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക