|    Jan 20 Fri, 2017 9:32 pm
FLASH NEWS

മാനേജ്‌മെന്റുകള്‍ കൊള്ളയ്‌ക്കൊരുങ്ങുന്നു

Published : 1st September 2016 | Posted By: SMR

റഹീം നെട്ടൂര്‍

കൊച്ചി: സാമൂഹിക പ്രതിബദ്ധത ഉയര്‍ത്തിക്കാണിച്ച് സ്വകാര്യ സ്വാശ്രയ മെഡിക്കല്‍ കോളജുകള്‍ കോപ്പുകൂട്ടുന്നത് വന്‍ കൊള്ളയ്ക്ക്. 20 ശതമാനം സീറ്റില്‍ തങ്ങള്‍ കേവലം 25,000 രൂപയ്ക്ക് പഠിപ്പിക്കാമെന്ന മാനേജ്‌മെന്റുകളുടെ വാദം ഏകദേശം എല്ലാവരും സ്വാഗതംചെയ്ത മട്ടാണ്. സര്‍ക്കാരും ഇക്കാര്യം അംഗീകരിച്ചിട്ടുണ്ട്. ബാക്കി 30 ശതമാനം മെറിറ്റ് സീറ്റിലാണത്രെ തര്‍ക്കം. എന്നാല്‍ ഈ 20 ശതമാനം സീറ്റ് പ്രയോഗം ഒരു കുതന്ത്രമാണ്. 20 ശതമാനം സീറ്റ് എന്നു പറയുമ്പോള്‍ ഏകദേശം 100 സീറ്റുള്ള കോളജില്‍ 20 സീറ്റിലെങ്കിലും 25,000 രൂപയെന്ന കുറഞ്ഞ ഫീസായിരിക്കുമെന്നാണു പൊതുവെയുണ്ടാവുന്ന ധാരണ. ചര്‍ച്ചകള്‍ക്കു ശേഷം പല മാധ്യമങ്ങളും ഇത്തരത്തിലാണ് റിപോര്‍ട്ട് ചെയ്തിരിക്കുന്നതും. ഇപ്പോള്‍ റിപോര്‍ട്ട് ചെയ്തുകൊണ്ടിരിക്കുന്നതും.
എന്നാല്‍ സര്‍ക്കാരിനു വിട്ടുനല്‍കുന്ന 50 ശതമാനം സീറ്റിലെ 20 ശതമാനത്തിലാണു കുറഞ്ഞ ഫീസിന് പഠിപ്പിക്കാമെന്നു പറയുന്നത്. അതായത് സര്‍ക്കാരിനു നല്‍കുന്ന 50ല്‍ കേവലം 10 സീറ്റുകളില്‍ മാത്രം. അതേസമയം കഴിഞ്ഞവര്‍ഷമാവട്ടെ സര്‍ക്കാരിനു നല്‍കിയ 50 ശതമാനത്തില്‍ 40 ശതമാനത്തില്‍ കവിയാത്ത സീറ്റുകളിലായിരുന്നു 25,000 രൂപ ഫീസ്. അതായത് സര്‍ക്കാരിനു ലഭിക്കുന്ന 50ല്‍ 20 സീറ്റിലും കുറഞ്ഞ ഫീസിലാണു വിദ്യാര്‍ഥികള്‍ക്കു പഠിക്കാന്‍ അവസരം ലഭിച്ചത്. 10 വിദ്യാര്‍ഥികള്‍ക്കു കുറഞ്ഞ ഫീസില്‍ പഠിക്കാനുള്ള അവസരമാണ് മാനേജ്‌മെന്റുകള്‍ തന്ത്രപരമായി ഒഴിവാക്കിയിരിക്കുന്നത്.
ഉയര്‍ന്ന ഫീസ് ആദ്യം ആവശ്യപ്പെട്ട് ഒത്തു തീര്‍പ്പെന്നോണം തങ്ങളുദ്ദേശിക്കുന്ന ഫീസിലേക്ക് സര്‍ക്കാരിനെ എത്തിക്കുകയെന്നതാണ് മാനേജ്‌മെന്റുകളുടെ ലക്ഷ്യം. ആരോഗ്യമന്ത്രിയുമായി കഴിഞ്ഞദിവസം നടത്തിയ ആദ്യ ചര്‍ച്ചയില്‍ മുഴുവന്‍ സീറ്റുകളിലും 15 ലക്ഷമെന്ന ഏകീകൃത സീറ്റ് വേണമെന്ന് ആദ്യം വാദിച്ചു. അന്നു തന്നെ വൈകീട്ട് നടത്തിയ ചര്‍ച്ചയില്‍ തങ്ങള്‍ എസ്ഇബിസി, ബിപിഎല്‍ വിദ്യാര്‍ഥികളെ കുറഞ്ഞ ഫീസില്‍ പഠിപ്പിക്കാന്‍ തയ്യാറാണെന്നും സര്‍ക്കാരിനു നല്‍കുന്ന ബാക്കി സീറ്റുകളില്‍ 10 മുതല്‍ 12 ലക്ഷം വരെ വേണമെന്നുമായി ആവശ്യം. മെറിറ്റ് സീറ്റില്‍ വേണമെങ്കില്‍ 10 ശതമാനം വര്‍ധിപ്പിക്കാമെന്നായി സര്‍ക്കാര്‍. ഇപ്പോള്‍ മാനേജ്‌മെന്റ് സീറ്റില്‍ കഴിഞ്ഞ 4.40 ലക്ഷമെങ്കിലും വേണമെന്ന നിലയിലേക്ക് മാനേജ്‌മെന്റുകള്‍ താഴ്‌നിരിക്കുന്നു. മാനേജ്‌മെന്റുകള്‍ താഴ്‌നപ്പോള്‍ 10 ശതമാനം വര്‍ധനയെന്നതിനു പകരം രണ്ടരലക്ഷം വരെ പരമാവധി വര്‍ധന നല്‍കാമെന്ന ധാരണയിലാണു സര്‍ക്കാര്‍. മൂന്നുലക്ഷത്തിലെങ്കിലും സര്‍ക്കാരിനെ എത്തിക്കാനും മാനേജ്‌മെന്റിനുള്ള 35 ശതമാനം സീറ്റിലും 15 ശതമാനം എന്‍ആര്‍ഐ സീറ്റിലും വലിയ വര്‍ധന വരുത്താനുമായിരിക്കും മാനേജ്‌മെന്റുകള്‍ ഇന്ന് മുഖ്യമന്ത്രിയുമായി നടക്കുന്ന ചര്‍ച്ചയില്‍ ശ്രമിക്കുക.
കഴിഞ്ഞതവണ സര്‍ക്കാരിനു നല്‍കിയ 50ല്‍ 60 ശതമാനം സീറ്റുകളില്‍ (30 സീറ്റുകളില്‍) 1.85 ലക്ഷം മാത്രമായിരുന്നു ഫീസ്. ഇത്തവണ മാനേജ്‌മെന്റുകള്‍ ആവശ്യപ്പെടുന്നതാവട്ടെ സര്‍ക്കാരിനു നല്‍കുന്ന 50ല്‍ 80 ശതമാനത്തിനും (40 സീറ്റുകളില്‍) 4.40 അഞ്ചു ലക്ഷവും. രണ്ടര ലക്ഷം വരെയാക്കാമെന്ന് ഇപ്പോഴേ സമ്മതിച്ചിരിക്കുന്ന സര്‍ക്കാരിനാവട്ടെ തങ്ങള്‍ക്കു ലഭിക്കുന്ന ക്വോട്ടയില്‍ ഉയര്‍ന്ന ഫീസ് നല്‍കേണ്ട 30 സീറ്റ് 40 ആയി വര്‍ധിച്ചതിനെക്കുറിച്ച് ഒരു ആശങ്കയുമില്ല.
അതേസമയം സര്‍ക്കാരുമായി ചര്‍ച്ചയ്ക്കില്ലാതെ കത്തോലിക്ക മാനേജ്‌മെന്റുകള്‍ മുഴുവന്‍ സീറ്റിലും 4.40 ലക്ഷം ഈടാക്കാനുള്ള മുന്‍ കരാറിന്റെ അടിസ്ഥാനത്തിലാണു നീങ്ങുന്നത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 82 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക