|    Mar 2 Thu, 2017 12:16 am
FLASH NEWS

മാനേജര്‍ ക്ലാസ് മുറികള്‍ താഴിട്ടുപൂട്ടി; സംഘര്‍ഷാവസ്ഥ

Published : 17th November 2016 | Posted By: SMR

കല്ലമ്പലം: സ്‌കൂള്‍ നടത്തുന്നതു ലാഭകരമല്ലെന്ന് പറഞ്ഞു മാനേജര്‍ ക്ലാസ് മുറികളും ഉച്ചഭക്ഷണം തയ്യാറാക്കുന്ന മുറിയും താഴിട്ടുപൂട്ടി. കല്ലമ്പലം മരുതിക്കുന്ന് ഭാസുരവിലാസം യുപി സ്‌കൂളിന്റെ മൂന്നു ക്ലാസ് മുറികളും കഞ്ഞിപ്പുരയുമാണു മാനേജര്‍ പൂട്ടിയത്. സ്‌കൂള്‍ പൂട്ടണമെന്നാവശ്യപ്പെട്ടു മാനേജര്‍ കഴിഞ്ഞ മെയില്‍ അപേക്ഷ നല്‍കിയിരുന്നു. എന്നാല്‍ ഈ അപേക്ഷയ്ക്കു മറുപടിയൊന്നും ലഭിച്ചിരുന്നില്ല. ഇതിനിടെയാണ് ഇന്നലെ രാവിലെ മാനേജരെത്തി ക്ലാസ് മുറികള്‍ പൂട്ടിയത്. സ്‌കൂള്‍ പൂട്ടിയതില്‍ പ്രതിഷേധിച്ച് വിവിധ രാഷ്ട്രീയപ്പാര്‍ട്ടികളുടെ നേതൃത്വത്തില്‍ സ്‌കൂള്‍ മാനേജരെ ഉപരോധിച്ചത് സംഘഷാവസ്ഥ സൃഷ്ടിച്ചു. പ്രദേശത്തെ ഏറ്റവും സാധാരണക്കാരായ ആളുകളുടെ മക്കള്‍ പഠിക്കുന്ന വിദ്യാലയത്തെ ലാഭക്കൊതിയുടെ പേരില്‍ ഇല്ലാതാക്കാനുള്ള ശ്രമം അനുവദിക്കില്ലെന്നു നാട്ടുകാര്‍ പറഞ്ഞു. സ്‌കൂളിലെ പാചകപ്പുര അടക്കമുള്ള മുറികള്‍ മാനേജര്‍ താഴിട്ടുപൂട്ടിയതോടെ 85ഓളം വിദ്യാര്‍ഥികളുടെ ഉച്ചഭക്ഷണം മുടങ്ങി. സ്‌കൂള്‍ തുറക്കാനെത്തിയ ജീവനക്കാരാണ് മുറികള്‍ പ്രത്യേക താഴിട്ടുപൂട്ടിയതായി കണ്ടത്. തുടര്‍ന്ന് ഇവര്‍ പിടിഎ പ്രതിനിധികളെ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്നു സ്ഥലത്തെത്തിയ ഇവര്‍ പൂട്ടുതുറക്കാന്‍ ആവശ്യപ്പെട്ടെങ്കിലും മാനേജര്‍ വഴങ്ങിയില്ല. എസ്ഡിപിഐ, സിപിഎം, സിപിഐ, കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തകരും സ്ഥലത്തെത്തി. എഇഒയുടെ അധ്യക്ഷതയില്‍ പ്രതിഷേധക്കാരും സ്‌കൂള്‍ മാനേജരുമായി നടന്ന ചര്‍ച്ചയെ തുടര്‍ന്നു വിദ്യാര്‍ഥികള്‍ക്ക് ഉച്ചഭക്ഷണം നല്‍കാമെന്നും സ്‌കൂള്‍ മുറികളുടെ താക്കോല്‍ ഹെഡ്മിസ്ട്രസിന് നല്‍കാമെന്നുമുള്ള മാനേജരുടെ രേഖാമൂലമുള്ള ഉറപ്പിനെ തുടര്‍ന്ന് പ്രതിഷേധം അവസാനിപ്പിച്ചു. സ്‌കൂള്‍ അടച്ചുപൂട്ടാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് സ്‌കൂള്‍ മാനേജര്‍ ഉന്നത അധികാരികള്‍ക്കു നിവേദനം നല്‍കിയതിനെ തുടര്‍ന്നു സമ്പത്ത് എംപി, വി ജോയി എംഎല്‍എ, മുന്‍ എംഎല്‍എ വര്‍ക്കല കഹാര്‍, ജില്ലാ പഞ്ചായത്ത് മെംബര്‍ ബി പി മുരളി, ബ്ലോക്ക് പഞ്ചായത്ത് മെംബര്‍ നിസാര്‍, വാര്‍ഡ് മെംബര്‍ ബിന്ദു എന്നിവരെ മുഖ്യ രക്ഷാധികാരികളാക്കി നാവായിക്കുളം പഞ്ചായത്ത് പ്രസിഡന്റ് തമ്പി ചെയര്‍മാനും സ്‌കൂള്‍ പിടിഎ പ്രസിഡന്റ് ശ്രീകുമാര്‍ കണ്‍വീനറുമായി സ്‌കൂള്‍ സംരക്ഷണ സമിതി രൂപീകരിച്ചു പ്രവര്‍ത്തിക്കുകയായിരുന്നു. തുടര്‍ന്ന് ഇവരുടെയും രാഷ്ട്രീയ, സാമൂഹിക പ്രവര്‍ത്തകരുടെയും ശ്രമഫലമായി സ്‌കൂളില്‍ കൂടുതല്‍ കുട്ടികള്‍ പ്രവേശനം നേടിയിരുന്നു. സ്‌കൂളിലെ അടിസ്ഥാനസൗകര്യങ്ങള്‍ വികസിപ്പിക്കാതെ സ്‌കൂള്‍ കോംപൗണ്ടിനകത്ത് മാനേജര്‍ പല സ്വകാര്യ നിര്‍മാണപ്രവര്‍ത്തനങ്ങളും നടത്തിയിരുന്നു. ഇതിനെതിരേ നാട്ടുകാരുടെ പരാതി നിലനില്‍ക്കെയാണു പുതിയ സംഭവങ്ങള്‍.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 21 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day