|    Oct 22 Mon, 2018 5:23 pm
FLASH NEWS

മാനാഞ്ചിറ-വെള്ളിമാടുകുന്ന് റോഡ് : ഉദ്യോഗസ്ഥരുടെ സമീപനം തടസ്സമാവുന്നുവെന്ന്

Published : 26th September 2017 | Posted By: fsq

 

കോഴിക്കോട്: മാനാഞ്ചിറ- വെള്ളിമാട്കുന്ന് റോഡിന്റെ നിര്‍മാണ പ്രവൃത്തികള്‍ അനിശ്ചമായി നീണ്ടതിനു പിന്നില്‍ ചില ഉദ്യോഗസ്ഥരുടെ ജനവിരുദ്ധ നിലപാടാണെന്ന്്് എം കെ രാഘവന്‍ എംപി. റോഡ് വികസനം സംബന്ധിച്ച് ടൗണ്‍ഹാളില്‍ നടന്ന പ്രക്ഷോഭത്തിന്റെ നാള്‍വഴികള്‍ എന്ന പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മാനാഞ്ചിറ-വെള്ളിമാടുകുന്ന് റോഡ് നിര്‍മാണ പദ്ധതിയുടെ പിന്നിലേക്ക്് നടന്നാല്‍ ഉദ്യോഗസ്ഥ അനാസ്ഥയാണ് ബോധ്യപ്പെടുന്നത്. യുഡിഎഫ് ഭരണകാലത്ത്് ഈ പദ്ധതിക്കായി 64 കോടി രൂപ അനുവദിച്ചതാണ്. ചില ഉദ്യോഗസ്ഥരുടെ നിഷേധാത്മക നിലപാടുകാരണമാണ് ഈ തുക വിനിയോഗിക്കാനാവാതെ പോയത്. നഗരത്തില്‍ അടുത്ത ദിവസം ഉദ്ഘാടനം ചെയ്യാനിരിക്കുന്ന ആറ് റോഡുകള്‍ക്കൊപ്പം നിര്‍മാണം പൂര്‍ത്തിയാക്കേണ്ടിയിരുന്ന ഈ പദ്ധതി വൈകുന്നതിന് വ്യക്തമായ കാരണം എന്തെന്ന് ആര്‍ക്കും പറയാനാവാത്ത അവസ്ഥയാണ്. റോഡ് സംബന്ധിച്ച ഫയല്‍ ഒരുകാലത്ത് കാണാതായി. പിന്നീട് കണ്ടെത്തി. പുതിയ സര്‍ക്കാര്‍ വന്നപ്പോള്‍ പദ്ധതിക്ക് 50 കോടി അനുവദിച്ചു. ചെറിയ തുക കുറവുണ്ടെന്നു കാട്ടി ഒരു ഉദ്യോഗസ്ഥന്‍ അത് തിരിച്ചയച്ചു. ഇതോടെ പ്രവൃത്തിയും മുടങ്ങി. മുഖ്യമന്ത്രിയേയും ധനകാര്യമന്ത്രിയേയും നേരില്‍കണ്ട് കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ദൗത്യസംഘം രൂപീകരിക്കണമെന്നും എം കെ രാഘവന്‍ പറഞ്ഞു. പദ്ധതിയെ എവിടെയൊക്കയോ തുരങ്കം വെക്കാന്‍ ഉദ്യോഗസ്ഥ സമൂഹം ശ്രമിക്കുന്നതായി ചടങ്ങില്‍ സംസാരിച്ച മുന്‍ മന്ത്രി ഡോ. എം കെ മുനീറും പറഞ്ഞു. പദ്ധതി അട്ടിമറിക്കാന്‍ ശ്രമിക്കുന്ന ഉദ്യോഗസ്ഥരെ കണ്ടെത്തി നിയമത്തിനു മുന്നില്‍ കൊണ്ടുവരണം. മേലില്‍ ഇത്തരത്തിലുള്ള തടസവാദങ്ങള്‍ ഉന്നയിച്ച് ജനകീയ പദ്ധതികള്‍ അട്ടിമറിക്കുന്ന സാഹചര്യം ഉണ്ടാവാതിരിക്കാന്‍ ഇത്തരം ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി എടുത്തേപറ്റൂ. പദ്ധതി കിഫ്ബിയില്‍ പാസാക്കിയെടുത്ത്്, പദ്ധതിക്കാവശ്യമായ 284 കോടി രൂപയും ഒരുമിച്ച് ലഭ്യമാക്കാനുള്ള ശ്രമങ്ങള്‍ ഉണ്ടാവണമെന്നും, അതിന് തന്റെ എല്ലാവിധ പിന്തുണയും ഉണ്ടാവുമെന്നും മുനീര്‍ പറഞ്ഞു. കോഴിക്കോട് നഗരത്തെ സംബന്ധിച്ച് മുന്‍ഗണന നല്‍കി പൂര്‍ത്തിയാക്കേണ്ട റോഡാണിതെന്ന്് ഡോ.എ അച്യുതന്‍ പറഞ്ഞു. കഴിഞ്ഞ 30 വര്‍ഷമായി പറഞ്ഞുകൊണ്ടിരിക്കുന്ന ആവശ്യമാണ് മാനാഞ്ചിറ-വെള്ളിമാടുകുന്ന് റോഡ്. ഇക്കാലത്തിനിടയില്‍ നിരവധി റോഡുകളുടെ നിര്‍മാണം നടന്നു. എന്നിട്ടും ഈ പദ്ധതി നടപ്പായില്ല. ഒരു ജനകീയ വിഷയം എന്ന നിലയില്‍ മുഴവന്‍ രാഷ്ട്രീയപാര്‍ട്ടികളും ഒരുമിച്ചു നിന്ന് റോഡിനായി പ്രയത്‌നിക്കണണെന്നും അദ്ദേഹം പറഞ്ഞു. ഡോ.എം ജി എസ് നാരായണന്‍ അധ്യക്ഷത വഹിച്ചു. മാധ്യമ വാര്‍ത്താ പ്രദര്‍ശനം പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന പ്രസിഡണ്ട് കമാല്‍ വരദൂര്‍ ഉദ്ഘാടനം ചെയ്തു. സിപിഐ ജില്ലാ സെക്രട്ടറി ടി വി ബാലന്‍, ബിജെപി സ്റ്റേറ്റ് കമ്മറ്റി അംഗം ടി പി സുരേഷ്, ജനതാദള്‍ സംസ്ഥാന സെക്രട്ടറി പി കിഷന്‍ചന്ദ്, കേരള കോണ്‍ഗ്രസ്സ് എം ജില്ലാ സെക്രട്ടറി എന്‍ വി ബാബുരാജന്‍, പ്രസ്സ് ക്ലബ്ബ് പ്രസിഡന്റ് കെ പ്രേമനാഥ്, യു കെ കുമാരന്‍, എന്‍ഐടി. അസോസിയേറ്റ് പ്രൊഫസര്‍ ഡോ.പി പി അനില്‍കുമാര്‍, റിട്ട. ടൗണ്‍ പ്ലാനര്‍ എന്‍ കെ ബാലകൃഷ്ണന്‍, ജനറല്‍ സെക്രട്ടറി എം പി.വാസുദേവന്‍, കണ്‍വീനര്‍ കെ വി സുനില്‍ കുമാര്‍ സംസാരിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss