|    Oct 21 Sun, 2018 12:32 am
FLASH NEWS

മാനാഞ്ചിറ-വെള്ളിമാടുകുന്ന് റോഡ് വികസനം : റോഡ് ഉപരോധിക്കും

Published : 24th September 2017 | Posted By: fsq

 

“കോഴിക്കോട് : മാനാഞ്ചിറ-വെള്ളിമാടുകുന്ന് റോഡ് വികസനത്തിന് 100 കോടി രൂപ ഉടനെയും ബാക്കി മുഴുവന്‍ തുക നവംബര്‍ മാസത്തിലും അനുവദിക്കണമെന്നാവശ്യപ്പെട്ട് ആക്ഷന്‍ കമ്മിറ്റി ഒക്‌ടോബര്‍ 2- ഗാന്ധിജയന്തി ദിനത്തില്‍ മാനാഞ്ചിറയില്‍ റോഡ് ഉപരോധം നടത്തുന്നതിന്റെ മുന്നോടിയായി “മാനാഞ്ചിറ-വെള്ളിമാടുകുന്ന് റോഡ് വികസനം-പ്രക്ഷോഭത്തിന്റെ നാള്‍വഴികള്‍’ മാധ്യമ വാര്‍ത്താ പ്രദര്‍ശനവും വിശദീകരണ സമ്മേളനവും നാളെ കോഴിക്കോട് ടൗണ്‍ഹാളില്‍ നടക്കും. രാവിലെ 10 ന്‌വിശദീകരണ സമ്മേളനം എം.കെ.രാഘവന്‍ എംപി.യും മാധ്യമ വാര്‍ത്താ പ്രദര്‍ശനം പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന പ്രസിഡന്റ് കമാല്‍ വരദൂരും ഉദ്ഘാടനം ചെയ്യും. ആക്ഷന്‍ കമ്മിറ്റി പ്രസിഡന്റ് ഡോ.എം.ജി.എസ്. നാരായണന്‍ അധ്യക്ഷത വഹിക്കും. മുന്‍ മന്ത്രി ഡോ. എം.കെ.മുനീര്‍ എംഎല്‍എ, സിപിഎം നേതാക്കളും മുന്‍ മേയര്‍മാരുമായ ടി.പി.ദാസന്‍, എം.ഭാസ്‌ക്കരന്‍, ഡിസിസി പ്രസിഡന്റ് അഡ്വ.ടി.സിദ്ധിഖ്, മുസ്ലീം ലീഗ് ജില്ലാ പ്രസിഡന്റ് ഉമ്മര്‍ പാണ്ടികശാല, ബിജെപി. മേഖലാ സെക്രട്ടറി പി. രഘുനാഥ്, സിപി.ഐ. ജില്ലാ സെക്രട്ടറി ടി.വി.ബാലന്‍, ജനതാദള്‍ യു. ജില്ലാ പ്രസിഡന്റ് മനയത്ത് ചന്ദ്രന്‍, കേരള കോണ്‍ഗ്രസ്സ് എം. ജില്ലാ സെക്രട്ടറി എന്‍.വി. ബാബുരാജന്‍, പ്രസ്സ് ക്ലബ്ബ് പ്രസിഡന്റ് കെ.പ്രേമനാഥ്, ഡോ.എ.അച്ചുതന്‍, തായാട്ട് ബാലന്‍, സാഹിത്യകാരന്‍ യു.കെ. കുമാരന്‍, സിനിമാ സംവിധായകന്‍ വി.എം.വിനു, എന്‍ഐ.ടി. അസോസിയേറ്റ് പ്രൊഫസര്‍ ഡോ.പി.പി. അനില്‍കുമാര്‍, റിട്ട. പി.ഡബ്ല്യു.ഡി. സൂപ്രണ്ടിംഗ് എഞ്ചിനീയര്‍ സാബു.കെ.ഫിലിപ്പ്, റിട്ട. ടൗണ്‍ പ്ലാനര്‍ എം.കെ. ബാലകൃഷ്ണന്‍ പങ്കെടുക്കും. എ. പ്രദീപ് കുമാര്‍ എംഎല്‍.എ, വിദേശത്തായതിനാല്‍ എത്തിച്ചേരാന്‍ സാധ്യതയില്ല. സാമൂഹ്യ-സാംസ്‌ക്കാരിക-രാഷ്ട്രീയ രംഗത്തെ മറ്റ് പ്രമുഖ നേതാക്കളും കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍മാരും, റസിഡന്റ്‌സ് അസോസിയേഷനുകളുടെ ഭാരവാഹികളും വ്യാപാരി വ്യവസായി പ്രതിനിധികളും പരിപാടിയില്‍ സംബന്ധിക്കും. കഴിഞ്ഞ മെയ് 26 ന് 714-ാം നമ്പര്‍ ഉത്തരവു പ്രകാരം സര്‍ക്കാര്‍ 50 കോടി രൂപ അനുവദിച്ചിരുന്നുവെങ്കിലും മൂന്നര മാസം കഴിഞ്ഞ് ഈ 15 നാണ് കലക്ടറുടെ അക്കൗണ്ടില്‍ തുക എത്തിയത്. ഇതുവരെ സ്ഥലം മുന്‍കൂര്‍ രജിസ്റ്റര്‍ ചെയ്തു കൊടുത്തവരുടെ തുക നല്കാന്‍ മാത്രമേ ആ സംഖ്യ തികയുകയുള്ളൂ. ബാക്കി ഭൂരേഖകള്‍ നല്‍കി കാത്തിരിക്കുന്നവരുടെ സ്ഥലം തുടര്‍ന്ന് ഏറ്റെടുക്കണമെങ്കില്‍ മന്ത്രിമാര്‍ ഉറപ്പു നല്‍കിയ പ്രകാരം 100 കോടി രൂപ ഉടനെയും ബാക്കി തുക നവംബര്‍ മാസത്തിലും ലഭിക്കണമെന്ന് ആവശ്യപ്പെട്ടാണ് ആക്ഷന്‍ കമ്മറ്റി നാലാം ഘട്ട സമരപരിപാടികള്‍ പ്രഖ്യാപിച്ചിട്ടുള്ളത്. നഗരപാതാ വികസന പദ്ധതിയിലെ മറ്റ് ആറ് റോഡുകളുടെ പ്രവൃത്തി പൂര്‍ത്തീകരിച്ചുവെങ്കിലും അതിപ്രധാനമായ ഈ റോഡിന്റെ സ്ഥലം ഏറ്റെടുപ്പ് പോലും ഇഴഞ്ഞു നീങ്ങുകയാണ്. ഈ റോഡിന്റെ വികസനം കൂടി പൂര്‍ത്തീകരിച്ചാല്‍ മാത്രമേ നഗരത്തിലെ വാഹന ഗതാഗതം സുഗമമാകുകയുള്ളൂ.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss