|    Sep 26 Wed, 2018 12:48 pm
FLASH NEWS

മാനാഞ്ചിറ ചത്വരത്തിലെ നടപ്പാത നിര്‍മാണം ഇപ്പോഴും സ്വപ്്‌ന പദ്ധതി

Published : 6th May 2017 | Posted By: fsq

 

കോഴിക്കോട്: ഒരു പ്രധാന വീഥിയും ഒരു ഇടവീഥിയും പൂര്‍ണമായും ഒഴിവാക്കിക്കൊണ്ടായിരുന്നു നഗരത്തില്‍ മാനാഞ്ചിറ ചത്വര നിര്‍മിതി നടന്നത്. മിഠായിത്തെരുവില്‍ നിന്നും സെന്‍ട്രല്‍ ലൈബ്രറിക്ക് മുന്നിലൂടെ കോമണ്‍വെല്‍ത്ത് ഫാക്ടറിയുടെ കിഴക്കേ മതിലോരത്തൂടെ മാനാഞ്ചിറയുടെ കിഴക്കേ ഭാഗത്തുകൂടെ വയനാട് റോഡിലേക്ക് നീളുന്ന ഒരു മനോഹര റോഡ് തീര്‍ത്തും ഇല്ലാതാക്കി. ആ റോഡിലായിരുന്നു ടാഗോര്‍ പാര്‍ക്ക്. റോഡിന് മറുവശത്ത് അന്‍സാരിപാര്‍ക്ക്. ഈ വീഥിയില്‍ മാനാഞ്ചിറയോട് ചേര്‍ന്ന വലിയ കാല്‍നടപാതയില്‍ കുറേ സിമന്റില്‍ തീര്‍ത്ത ചാരുബഞ്ചുകള്‍. സായാഹ്‌നസവാരിക്കിറങ്ങുന്ന പ്രശസ്തരും അപ്രശസ്തരുമായ വന്ദ്യവയോധികര്‍ കുശലം പറഞ്ഞ് ഇരിക്കുന്ന കാഴ്ച. ഇതൊക്കെ തീര്‍ത്തും ഇല്ലാതാക്കി. ജില്ലാ വിദ്യാഭ്യാസ ഓഫിസിന് മുന്നില്‍ നിന്ന് ടാഗോര്‍ പാര്‍ക്കിനേയും മാനാഞ്ചിറ മൈതാനത്തേയും വേര്‍തിരിച്ച് ഒരു ഇടറോഡ്. കാല്‍നടയാത്രക്കാര്‍ക്കും വാഹനങ്ങള്‍ക്കും എളുപ്പത്തില്‍ മുറിച്ചുകടക്കാന്‍ ഏറെ ഉപകാരപ്രദമായിരുന്നു ഈ ഇടറോഡ്. മാനാഞ്ചിറ ചത്വരനിര്‍മാണാവശ്യാര്‍ഥം മൈതാനവും, ചിറയും, രണ്ട് പാര്‍ക്കുകളും കൂട്ടിചേര്‍ത്തു. ഇതുകാരണം വാഹനങ്ങളും കാല്‍നടയാത്രക്കാര്‍ക്കും കിലോമീറ്ററോളം ദൂരം നടന്ന് മാനാഞ്ചിറ ചത്വരത്തെ വലം വെക്കേണ്ട ഗതികേടിലുമായി. മാനാഞ്ചിറ മൈതാനം വൈകുന്നേരം തുറക്കുന്നതുവരേയും കാല്‍നടക്കാര്‍ ഈ വലിയ വൃത്തം ചുറ്റി നടക്കേണ്ട അവസ്ഥയിലുമായി. മാനാഞ്ചിറ മൈതാനത്തിന്റെ വടക്കു ഭാഗത്ത് ഈ പഴയ റോഡിന് പകരം കോമണ്‍വെല്‍ത്ത് റോഡില്‍ നിന്നും പാവമണി റോഡിലേക്ക് നീങ്ങുന്ന ഒരു നടപ്പാത നിര്‍മിക്കുവാന്‍ നഗരസഭക്ക് പദ്ധതിയുണ്ടായിരുന്നു. എത്രയെത്ര കാല്‍നടക്കാര്‍ക്ക് ‘ഊര് ചുറ്റാതെ’ എളുപ്പത്തില്‍ നടന്നുപോകാനും സമയം ലാഭിക്കാനും കഴിയുന്നതാണ് ഈ നടപ്പാത. എന്നാല്‍ നടപ്പാത നിര്‍മിക്കുമെന്ന് പറയുകയല്ലാതെ നടപ്പാത നിര്‍മാണ പ്രവൃത്തി ആരംഭിക്കാന്‍ നഗരസഭ ഇനിയും മുന്നോട്ടു വരാത്തത് പ്രതിഷേധാര്‍മാണ്. മീനം, മേടം മാസങ്ങളിലെ ഇതുവരെയില്ലാത്ത കഠിനവെയിലില്‍ മാനാഞ്ചിറ ചത്വരം ചുറ്റേണ്ട അതി സാഹസികത ജനം തുടരുകയാണ്. ടൗണ്‍ഹാളിലേക്കും സിറ്റി സ്റ്റാന്റുകളിലേക്കും കോടതി ഭാഗത്തേക്കും എല്ലാം പോകേണ്ടവര്‍ തലചുറ്റി മൂക്കു പിടിക്കേണ്ട അവസ്ഥയാണ് ചത്വരം തുറന്നതു മുതല്‍ അനുഭവിക്കുന്നത്. കഴിഞ്ഞ മാര്‍ച്ചില്‍ കോഴിക്കോട് നഗരസഭ സംസ്ഥാന സര്‍ക്കാരിന് അമൃത് എന്ന പേരില്‍ ഒരു പദ്ധതി സമര്‍പ്പിച്ചിരുന്നു. മാനാഞ്ചിറ ചത്വരം കുറേകൂടി സൗകര്യപ്രദവും മോഡി കൂട്ടുകയും ചെയ്യുന്നതാണ് ലക്ഷ്യം. അടല്‍ മിഷന്‍ ഫോര്‍ റന്യൂവേഷന്‍ ആന്റ് അര്‍ബന്‍ ട്രാന്‍സ്‌പോര്‍ട്ട് സ്‌കീം എന്നാണി പദ്ധതിയുടെ മുഴുവന്‍ പേര്. ഈ പദ്ധതിയില്‍ കോമണ്‍വെല്‍ത്ത് കമ്പനി മുതല്‍ സിറ്റി പോലിസ് കമിഷണറുടെ ആസ്ഥാനമന്ദിരത്തിന് മുന്നലേക്ക് ഒരു നടപ്പാത നിര്‍മിക്കുന്ന കാര്യം പറയുന്നുണ്ട്. മേല്‍കൂരയോട് കൂടിയതും പുഷ്പാലംകൃതമായ വള്ളികുടിലുകളുടെ രൂപത്തിലുള്ള നടക്കാവാണ് വിഭാവനം ചെയ്തിട്ടുള്ളത്. ഈ പദ്ധതി എത്രയും വേഗം നടപ്പിലാക്കാനുള്ള ശ്രമം നഗരസഭാ ആരംഭിച്ചാല്‍ നടപ്പാത പ്രവൃത്തി തുടങ്ങും. ജനങ്ങളുടെ യാത്രാദുരിതം ഒഴിവാകുകയും ചെയ്യും.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss