|    Aug 18 Fri, 2017 7:52 pm
FLASH NEWS

മാനസിക വിഭ്രാന്തിയില്‍ നാടുവിട്ടിറങ്ങിയ ടീനയ്ക്കും അമിത്തിനും പുനര്‍ജന്മം

Published : 8th October 2016 | Posted By: Abbasali tf

മുണ്ടക്കയം: ഗുജറാത്തില്‍ നിന്നു മാനസിക വിഭ്രാന്തിയില്‍ നാടു വിട്ടിറങ്ങിയ ടീനയ്ക്കും (32) മകന്‍ അമിത്തിനും (മൂന്ന്) ഇതു പുനര്‍ജന്മം. ആറു മാസം മുമ്പ് കാണാതായ മകള്‍ സുരക്ഷിതമായി വീട്ടിലെത്തിയപ്പോള്‍ അമ്മ മരിയ സന്തോഷത്തിനൊപ്പം കണ്ണീരും പൊഴിച്ചു. സ്വന്തം മകളെയും കൊച്ചു മകനെയും തിരിച്ചു നല്‍കാന്‍ സഹായിച്ച സന്നദ്ധ സംഘടനകള്‍ക്ക് നന്ദി മാത്രമായിരുന്നു അമ്മയ്ക്കു പറയാനുണ്ടായിരുന്നത്. കോട്ടയം പുതുപ്പള്ളിയില്‍ നിന്നാണ് ആറു മാസം മുമ്പ് ടീനായെയും മകന്‍ അമിത്തിനെയും നാട്ടുകാര്‍ കണ്ടെത്തിയത്. ഓടയില്‍ നിന്നു വെള്ളം കോരിക്കുടിക്കുന്ന അമ്മയെയും മകനെയും കണ്ട നാട്ടുകാര്‍ ചൈല്‍ഡ് ലൈഫിനെ വിവരം അറിയിക്കുകയായിരുന്നു. മാനസിക വിഭ്രാന്തി കാണിക്കുന്ന ടീനയെയും മകനെയും എന്തു ചെയ്യണമെന്നു പകച്ചു നിന്നപ്പോള്‍ അസീസി ഷെല്‍ട്ടര്‍ ഹോം ഒരു മടിയുമില്ലാതെ ഇവരെ സ്വീകരിച്ചു. പിന്നീടുള്ള ദിവസങ്ങള്‍ ടീനയുടെ കുടുംബങ്ങള്‍ക്കായുള്ള അന്വേഷണവും രോഗ ചികില്‍സയും നടത്താനുള്ള ശ്രമം നടത്തി. പരസ്പര വിരുദ്ധമായി കാര്യങ്ങള്‍ സംസാരിക്കുന്ന ടീനയുടെ കുടുംബ വിവരങ്ങള്‍ ശേഖരിക്കാന്‍ ഏറെ നാളെടുക്കേണ്ടി വന്നു. ഷെല്‍ട്ടര്‍ ഹോം മാനേജര്‍ സിസ്റ്റര്‍ ടെസി മരിയ മുണ്ടക്കയം പോലിസിന്റെ് സഹായത്തോടെ ഇവരെ കൂടുതല്‍ സൗകര്യത്തിനായി ചെങ്ങന്നൂര്‍ സ്‌നേഹധാരയിലേയ്ക്ക് മാറ്റുകയും പിന്നീട് അവിടെ നിന്നു കൊല്ലം എസ്എസ് സമിതി ഇവരെ ഏറ്റെടുക്കുകയും ചെയ്തു. പിന്നീട് ഇവര്‍ നടത്തിയ അന്വേഷണമാണ് ഗുജറാത്തിലെ അംഗ്ലേശ്വര്‍ ജില്ലയില്‍ വാളിയ താലൂക്കില്‍ ഡോലക്പൂര്‍ വില്ലേജില്‍ കൊണ്ടെത്തിച്ചത്. ഭര്‍ത്താവ് ഉപേക്ഷിച്ച ടീനാ മാനസിക വിഭ്രാന്തിയിലാവുകയായിരുന്നുവത്രെ. അമിത്തിനെ കൂടാതെ മറ്റു രണ്ടു കുട്ടികളില്‍ ഒന്നിനെ ഭര്‍ത്താവു കൊണ്ടുപോയി.രണ്ടു കുട്ടികളും ടീനയുടെ മാതാവു മരിയയും മരിയയുടെ സഹോദരിയോടൊപ്പമാണ് താമസിക്കുന്നത്. സ്വന്തമായി വീടോ സാമ്പത്തികമായി കാര്യമായ പിന്‍ബലമോ ഇല്ലാതെ കുടുംബം ബുദ്ധിമുട്ടുന്നതിനിടെയാണ് മാനസിക അസ്വസ്ഥത അനുഭവപ്പെട്ട ടീന കുഞ്ഞുമായി കേരളത്തിലേക്കെത്തിയത്. എസ്എസ് സമിതി ഡയറക്ടര്‍ ഫ്രാന്‍സിസ് സേവ്യര്‍ സഹ പ്രവര്‍ത്തകന്‍ മാത്യു ഇവരുടെ ഇടപെടീലാണ് ടീനയ്ക്കു വീണ്ടും അമ്മയുടെ അരികിലെത്താന്‍ സഹായിച്ചത്. മാനസിക അസ്വസ്ഥതയ്ക്കു കുറവുണ്ടായി സാധാരണ ജീവിതത്തിലേക്കു മടങ്ങുന്ന ടീന നാട്ടിലെത്തി അമ്മയെ കണ്ടതോടെ നെടുവീര്‍പ്പിട്ടു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക