|    Oct 20 Sat, 2018 7:57 am
FLASH NEWS
Home   >  Todays Paper  >  page 12  >  

മാനസികാരോഗ്യ സംരക്ഷണം സുപ്രധാനം

Published : 20th August 2018 | Posted By: kasim kzm

കണ്ണൂര്‍: ദുരന്തമുഖത്തു നിന്നു രക്ഷപ്പെട്ടവരുടെ മാനസികാരോഗ്യം സംരക്ഷിക്കുകയെന്നത് സുപ്രധാനമാണെന്ന് കോഴിക്കോട് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെന്റല്‍ ഹെല്‍ത്ത് ആന്റ് ന്യൂറോ സയന്‍സസ് അറിയിച്ചു.
കേരളം നേരിട്ടുകൊണ്ടിരിക്കുന്ന കടുത്ത പ്രളയസാഹചര്യത്തില്‍ ജനങ്ങളുടെ മാനസികാരോഗ്യം പലപ്പോഴും വേണ്ടത്ര പരിഗണന നേടാതെപോകുന്നുവെന്ന ആശങ്ക പരക്കെ നിലനില്‍ക്കുന്നു.
പ്രളയവും അതിനോട് അനുബന്ധിച്ച ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളും നിലവില്‍ ഊര്‍ജിതമായി നടക്കുന്നുണ്ടെങ്കിലും സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമായതിനു ശേഷം ഉരുത്തിരിയാവുന്ന മാനസികാരോഗ്യ വെല്ലുവിളികള്‍ അതിതീവ്രമായിരിക്കും. ദുരന്തമുഖത്തും അതിനു ശേഷവും ആളുകള്‍ക്ക് മാനസികാഘാതം ഏല്‍ക്കാന്‍ സാധ്യത കൂടുതലാണ്.
സാധാരണയായി ദുരന്തത്തിനു ശേഷം കാണുന്ന മനോരോഗ ലക്ഷണങ്ങള്‍ ഇവയാണ്: ഉറക്കമില്ലായ്മ, വിട്ടുമാറാത്ത ദേഷ്യം, തലവേദന, കടുത്ത കുറ്റബോധം, നിരാശ, സംസാരം തീരെ കുറയുക, കരച്ചില്‍, ഭക്ഷണത്തോട് താല്‍പര്യമില്ലാതാവുക, പേടിപ്പെടുത്തുന്ന സ്വപ്‌നങ്ങള്‍ കാണുക, അകാരണ ഭയം- പ്രത്യേകിച്ചും മഴ/ വെള്ളം കാണുമ്പോ ള്‍ അല്ലെങ്കില്‍ ദുരന്തവുമായി ബന്ധപ്പെട്ട മറ്റു വസ്തുക്കള്‍ കാണുമ്പോള്‍, ആത്മഹത്യാ ചിന്തകള്‍. കുട്ടികളില്‍ മുകളില്‍ സൂചിപ്പിച്ച ലക്ഷണങ്ങള്‍ കൂടാതെ അകാരണമായി ദേഷ്യം പ്രകടിപ്പിക്കുക, വാശി കാണിക്കുക, എപ്പോഴും മാതാപിതാക്കള്‍ കൂടെത്തന്നെ വേണമെന്ന് ശാഠ്യം പിടിക്കുക എന്നിവയും കാണാം.

പരിഹാരമാര്‍ഗങ്ങള്‍

* താന്‍ നേരിട്ട അനുഭവങ്ങള്‍ മറ്റുള്ളവരോട് തുറന്നു സംസാരിക്കുന്നതിനും പങ്കുവയ്ക്കുന്നതിനും അവസരങ്ങള്‍ കണ്ടെത്തുകയും ഉപയോഗപ്പെടുത്തുകയും ചെയ്യുക.
* നിലവില്‍ മനോരോഗ ചികിത്സയില്‍ ഉള്ളവര്‍ മരുന്നുകള്‍ മുടങ്ങാന്‍ ഇടവന്നിട്ടുണ്ടെങ്കില്‍ കഴിയുന്നതും വേഗം വിദഗ്ധരുടെ ഉപദേശം തേടുകയും ചികിത്സ പുനരാരംഭിക്കുകയും ചെയ്യുക.
* മുമ്പ് മനോരോഗങ്ങള്‍ വന്നിട്ടുള്ളവര്‍ക്ക് ഇത്തരം സന്ദര്‍ഭങ്ങളില്‍ രോഗം വീണ്ടും വരാന്‍ ഇടയുണ്ട്. ലക്ഷണങ്ങള്‍ തുടക്കത്തിലേ കണ്ടെത്തുകയും ചികിത്സ പുനരാരംഭിക്കുകയും ചെയ്യാന്‍ ബന്ധുക്കള്‍ ശ്രദ്ധിക്കേണ്ടതാണ്.
* ശരിയായ ഉറക്കം കിട്ടുന്നുവെന്ന് ഉറപ്പുവരുത്തുക. ഉറങ്ങുന്നതിനും ഭക്ഷണം കഴിക്കുന്നതിനും കഴിവതും കൃത്യമായ സമയക്രമം പാലിക്കുക.
* കുട്ടികളെ കാര്യങ്ങള്‍ പറഞ്ഞു മനസ്സിലാക്കുക. കുട്ടികള്‍ ദുരന്തത്തെക്കുറിച്ചും അതിനോട് അനുബന്ധിച്ച മറ്റു കാര്യങ്ങളെക്കുറിച്ചും സംസാരിക്കുകയാണെങ്കില്‍ അവരെ പറയാന്‍ അനുവദിക്കുകയും ക്ഷമാപൂര്‍വം കേള്‍ക്കുകയും ചെയ്യുക.
* ആത്മീയ-സാമൂഹിക കൂട്ടായ്മകളില്‍ പങ്കാളികളാവുക. പ്രതീക്ഷ കൈവിടാതിരിക്കുക.
* അതിജീവനം ദുഷ്‌കരമാണെങ്കിലും അസാധ്യമല്ല എന്ന് തിരിച്ചറിയുകയും ഒത്തൊരുമയോടെ പ്രയത്‌നിക്കുകയും ചെയ്യുക.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss