|    Mar 23 Fri, 2018 12:21 pm
FLASH NEWS

മാനസികാരോഗ്യ കേന്ദ്രത്തില്‍ മധ്യവയസ്‌കനെ അടച്ച സംഭവത്തില്‍ കേസെടുത്തു

Published : 24th November 2016 | Posted By: SMR

നെടുങ്കണ്ടം: മധ്യവയസ്‌കനെ ബലമായി കാറില്‍ക്കയറ്റിക്കൊണ്ടുപോയി മാനസികരോഗ കേന്ദ്രത്തില്‍ അടച്ച സംഭവത്തില്‍ സഹോദരനും മക്കള്‍ക്കുമെതിരേ കേസെടുത്തു. അറസ്റ്റ് ചെയ്തു കോടതിയില്‍ ഹാജരാക്കിയ പ്രതികളെ ജാമ്യത്തില്‍വിട്ടു. തൂക്കുപാലം ജമീല മന്‍സിലില്‍ അബ്്ദുല്‍ കെ നാസറിനെയാണ് (52)കുടുംബ പ്രശ്‌നത്തിന്റെ പേരില്‍ പൈങ്കുളം എസ്എച്ച് മാനസികരോഗ കേന്ദ്രത്തില്‍ അടച്ചത്. സംഭവത്തില്‍ നാസറിന്റെ മകന്‍ നിയാസ്,നാസറിന്റെ സഹോദരന്‍ അബ്്ദുല്‍ കെ നജീബ്, നാസറിന്റെ ഭാര്യാസഹോദരീ പുത്രന്‍ ഹാരിസ് എന്നിവരെയാണ് നെടുങ്കണ്ടം പോലിസ് അറസ്റ്റ് ചെയ്തത്.കേസില്‍ മറ്റൊരു മകന്‍ അബ്്ദുല്‍ എം നസീബ് കൂടി പിടിയിലാവാനുണ്ട്.21നു രാവിലെയാണ് കേസിനാസ്പദമായ സംഭവം. തേക്കടിയില്‍ വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥനായ നാസറിനെ മകന്‍ ആശുപത്രിയില്‍ പോകണമെന്നു പറഞ്ഞ് വിളിച്ചുവരുത്തുകയായിരുന്നു.മകന്റെ ഓപറേഷന്‍ നടത്താനുള്ള പണവുമായി തേക്കടിയില്‍ നിന്നെത്തിയ തന്നെ തൂക്കുപാലം ടൗണില്‍ നിന്നും സഹോദരന്‍ നജീബും സംഘവും കാറില്‍പ്പിടിച്ചു കയറ്റുകയായിരുന്നെന്നു നാസര്‍ പോലിസിനു നല്‍കിയ മൊഴിയില്‍ പറയുന്നു.കാറില്‍ കയറ്റിയ  ഉടന്‍ കൈയും കാലും കൂട്ടിക്കെട്ടി. നജീബിനെ കൂടാതെ മക്കളായ നിയാസ്,നസീബ്, ഭാര്യ നസീമ, ഭാര്യാസഹോദരീ പുത്രന്‍ ഹാരിസ് എന്നിവര്‍ ചേര്‍ന്ന് ബോധം കെടുത്തുകയും പൈങ്കുളം ആശുപത്രി അധികൃതരെ തെറ്റിദ്ധരിപ്പിച്ച് സെല്ലില്‍ അടപ്പിക്കുകയുമായിരുന്നു. സംഭവം അറിഞ്ഞ നാട്ടുകാര്‍ നെടുങ്കണ്ടം സ്‌റ്റേഷനില്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് കേസ് തൊടുപുഴ പോലിസിനു കൈമാറി.തൊടുപുഴ പോലിസാണ് നാസറിനെ ആശുപത്രിയില്‍ എത്തി മോചിപ്പിച്ചത്. ഇതിനിടെ പൈങ്കുളം ആശുപത്രിയില്‍ നിന്ന് തന്നെ ഏര്‍വാടിയിലേക്കു മാറ്റാനും കുടുംബാംഗങ്ങള്‍ ശ്രമിച്ചതായി നാസര്‍ പറഞ്ഞു.  ബുധനാഴ്ച പുലര്‍ച്ചെയോടെ തൂക്കുപാലത്തെത്തിച്ച നാസറിനെ ശാരീരികാസ്വസ്ഥതകള്‍ മൂലം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അതേസമയം, പ്രതികളെ രക്ഷിക്കാന്‍ രാഷ്ട്രീയ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് പോലിസ് കേസില്‍ ദുര്‍ബല വകുപ്പുകളാണ് ചുമത്തിയതെന്ന് ആക്ഷേപമുയര്‍ന്നു. പട്ടാപ്പകല്‍ തട്ടിക്കൊണ്ടുപോവുകയും മാനസികരോഗ കേന്ദ്രത്തില്‍ അടയ്ക്കുകയും ചെയ്‌തെന്ന പരാതിയിലാണ് പോലിസ് പ്രതികളുമായി ഒത്തുകളിച്ചതെന്നാണ് ആരോപണം. നാസറിനു നിയമ പരിരക്ഷ അടക്കമുള്ളവ ചെയ്തുകൊടുക്കാനുള്ള നടപടി സ്വീകരിച്ചതായി ഉടുമ്പന്‍ചോല താലൂക്ക് കുടുംബ കോടതി അധികൃതര്‍ അറിയിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss