മാനസികാരോഗ്യ കേന്ദ്രം അന്താരാഷ്ട്ര നിലവാരത്തിലേക്ക്
Published : 10th July 2016 | Posted By: SMR
കോഴിക്കോട്: സംസ്ഥാന ബജറ്റില്‍ 100 കോടി രൂപ വകയിരുത്തിയതോടെ കോഴിക്കോട് മാനസികാരോഗ്യ കേന്ദ്രത്തിന് ഇത് സ്വപ്ന സാക്ഷാത്കാരം. മാനസികാരോഗ്യ കേന്ദ്രത്തിലെ അന്തേവാസികളുടെ സൗകര്യങ്ങള്‍ മെച്ചപ്പെടുത്താന്‍ ഏറെ നാളായി കഠിനാധ്വാനം ചെയ്യുന്ന ജനപ്രതിനിധികള്‍, സ്റ്റാഫംഗങ്ങള്‍, ഉദ്യോഗസ്ഥര്‍, ബിസിനസ് സ്ഥാപനങ്ങള്‍, സന്നദ്ധ ജീവകാരുണ്യ പ്രവര്‍ത്തകര്‍ തുടങ്ങിയവരുള്‍പ്പെട്ട കൂട്ടായ്മയ്ക്ക് അഭിമാന മുഹൂര്‍ത്തം കൂടിയാണിത്.
കേന്ദ്രത്തെ അന്താരാഷ്ട്ര നിലവാരത്തിലേക്കുയര്‍ത്താന്‍ കഴിഞ്ഞ ഒരു വര്‍ഷമായി ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തി ല്‍ നടക്കുന്ന ശ്രമങ്ങള്‍ക്കുള്ള അംഗീകാരവുമാണ് ഈ ബജറ്റ് പ്രഖ്യാപനം. ഇതുമായി ബന്ധപ്പെട്ട് തയ്യാറാക്കിയ മാസ്റ്റര്‍ പ്ലാന്‍ ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചര്‍ക്ക് കഴിഞ്ഞ ദിവസം ജില്ലാ കലക്ടര്‍ കൈമാറിയിരുന്നു.
ബജറ്റിനു ശേഷം ഇതിന്മേല് വിശദമായ ചര്‍ച്ച സംഘടിപ്പിക്കുമെന്ന് മന്ത്രി പ്രഖ്യാപിക്കുകയുമുണ്ടായി. ബജറ്റില്‍ 100 കോടി വകയിരുത്തിയതോടെ മാസ്റ്റര്‍ പ്ലാന്‍ നടപ്പിലാക്കാനുള്ള ശ്രമങ്ങള്‍ക്ക് ഗതിവേഗം കൈവരുമെന്നാണ് വിലയിരുത്തപ്പെടുന്നത്. 11 ലക്ഷം ചതുരശ്ര അടി സ്ഥലത്ത് 1000 പേര്‍ക്ക് കിടത്തി ചികില്‍സാ സൗകര്യമുള്ള പുതിയ കെട്ടിടം ഉള്‍പ്പെടെ വിവിധ പദ്ധതികളടങ്ങുന്ന മാസ്റ്റര്‍ പ്ലാന്‍ നടപ്പിലാക്കാന്‍ 400 കോടിയാണ് ചെലവ് കണക്കാക്കുന്നത്.
കേന്ദ്രസംസ്ഥാന സര്‍ക്കാര്‍ സഹായത്തിനു പുറമെ ബിസിനസ് ഗ്രൂപ്പുകളില്‍ നിന്നും വ്യക്തികളില്‍ നിന്നുമുള്ള ധനസമാഹരണത്തിലൂടെ പദ്ധതി നടപ്പാക്കാനാണ് ശ്രമം. ഇതില്‍ സംസ്ഥാന സര്‍ക്കാറിന്റെ വിഹിതമാണ് ബജറ്റ് പ്രഖ്യാപനത്തിലൂടെ ലഭിച്ചിരിക്കുന്നത്.
നിലവില്‍ കേന്ദ്രം നിലനില്‍ക്കുന്ന 20 ഏക്കര്‍ സ്ഥലത്തെ മൂന്നു സോണുകളായി തിരിച്ച് 10 വര്‍ഷത്തിനുള്ളില്‍ നിര്‍മാണം പൂര്‍ത്തീകരിക്കാനാണ് പദ്ധതി. ചികില്‍സാ കേന്ദ്രമെന്നതിലുപരി മാനസികാരോഗ്യ രംഗത്തെ മികച്ച പഠനഗവേഷണ കേന്ദ്രമായി ഇതിനെ വികസിപ്പിക്കും. രോഗികളുടെ പുനരധിവാസത്തിനും ശാരീരിക മാനസികോല്ലാസത്തിനുമുള്ള സൗകര്യങ്ങളും ഇവിടെയൊരുക്കും. മാനസികാരോഗ്യ കേന്ദ്രത്തിലെ അന്തേവാസികളുടെ ചികില്‍സയും ജീവിത സാഹചര്യങ്ങളും മെച്ചപ്പെടുത്താനുള്ള ശ്രമങ്ങള്‍ കഴിഞ്ഞ ഒരു വര്‍ഷമായി നടപ്പാക്കി വരുന്നുണ്ട്. ഇതിന്റെ ഭാഗമായി രോഗം ഭേദമായ 115 ഓളം പേരെ സ്വന്തം വീടുകളിലും മറ്റു സ്ഥാപനങ്ങളിലുമായി പുനരധിവസിപ്പിക്കാനായി.
ഡിസ്ചാര്‍ജ് അദാലത്ത് ഉള്‍പ്പെടെയുള്ള പരിപാടികള്‍ സംഘടിപ്പിച്ചായിരുന്നു ഇത് സാധ്യമാക്കിയത്. ചരിത്രത്തിലാദ്യമായി അന്തേവാസികളുടെ എണ്ണം കേന്ദ്രത്തിന്റെ ശേഷിയേക്കാള്‍ കുറച്ചു കൊണ്ടുവരാനും അതു വഴി ബാക്കിയുള്ളവര്‍ക്ക് മെച്ചപ്പെട്ട സേവനം ലഭ്യമാക്കാനും സാധിച്ചു.
പതിറ്റാണ്ടുകള്‍ മുമ്പുള്ള ഇവിടുത്തെ ഭക്ഷണക്രമം പരിഷ്ക്കരിക്കാനും കംപാഷനേറ്റ് കോഴിക്കോടിന്റെ വളണ്ടിയര്‍മാരുടെ സഹായത്തോടെ സാധിച്ചിരുന്നു. അന്തേവാസികളുടെ കലാസൃഷ്ടികളും നിത്യോപയോഗ സാധനങ്ങളും ഉള്‍പ്പെടെയുള്ള ഉല്‍പ്പന്നങ്ങള്‍ പൊതുജനങ്ങള്‍ക്കായി വില്‍പ്പന നടത്തുന്നതിനും കേന്ദ്രത്തോടുള്ള പൊതു സമീപനം മാറ്റിയെടുക്കുന്നതിനുമായി സോള്‍ ഓഫ് കോഴിക്കോട് എന്ന സ്ഥാപനം കഴിഞ്ഞ ദിവസമാണ് ഇവിടെ പ്രവര്‍ത്തനം തുടങ്ങിയത്.
മാനസികാരോഗ്യകേന്ദ്രത്തില്‍ മാറ്റത്തിന്റെ വെളിച്ചം എത്തിക്കാന്‍ ശ്രമിക്കുന്ന ആരോഗ്യമന്ത്രി കെ കെ ഷൈലജ ടീച്ചര്‍, എംഎല്‍എമാരായ ഡോ. എം കെ മുനീര്‍, എ പ്രദീപ് കുമാര്‍, മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കാന്‍ മുന്‍ കൈയെടുത്ത ഡോ. ഇദ്രീസ്, മലബാര്‍ ഗോള്‍ഡ് ഉള്‍പ്പെടെയുള്ള ബിസിനസ് സ്ഥാപനങ്ങള്‍, ആര്‍ക്കിടെക്റ്റ് ടോണിയും സംഘവും, ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റിയിലെ സബ് ജഡ്ജ് ആര് എല്‍ ബൈജു, ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. ആര് എല്‍ സരിത, ഡോ. റോഷന് ബിജിലി, കംപാഷനേറ്റ് കോഴിക്കോട് അംഗങ്ങള്‍, മാനാഞ്ചിറ സ്ക്വയര്‍ പ്രവര്‍ത്തകര്‍, ബ്ലഡ് ഡോണേഴ്സ് കേരള പ്രവര്‍ത്തകര്‍, ഹെല്പിങ് ഹാ ന്‍ഡ്സ് തുടങ്ങിയവരെ കോഴിക്കോട് ജില്ലാ കലക്ടര്‍ എന്‍ പ്രശാന്ത് അനുമോദിച്ചു.

......................................................................................................................
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.