|    Sep 22 Fri, 2017 9:42 am
Home   >  Editpage  >  Middlepiece  >  

മാനസികാരോഗ്യപരമായ പ്രഥമശുശ്രൂഷ

Published : 10th October 2016 | Posted By: SMR

ഡോ. അനീസ് അലി

ലോകാരോഗ്യ സംഘടനയുടെ (ഡബ്ല്യുഎച്ച്ഒ) നേതൃത്വത്തില്‍ എല്ലാ വര്‍ഷവും ഒക്ടോബര്‍ 10 ലോക മാനസികാരോഗ്യ ദിനമായി ആചരിക്കുകയാണ്. മാനസികാരോഗ്യത്തെക്കുറിച്ച് ആഗോളതലത്തില്‍ ബോധവല്‍ക്കരണം, മാനസികാരോഗ്യം നിലനിര്‍ത്താന്‍ ആവശ്യമായ ശ്രമങ്ങളുടെയും പ്രവര്‍ത്തനങ്ങളുടെയും പങ്കുവയ്ക്കല്‍, ഇവയുടെ ഏകോപനം എന്നിവയാണ് ഈ ദിനാചരണത്തിലൂടെ ഡബ്ല്യുഎച്ച്ഒ പ്രധാനമായി ലക്ഷ്യമിടുന്നത്.
മാനസികാരോഗ്യപരമായ പ്രഥമശുശ്രൂഷ എന്നതാണ് ഈ വര്‍ഷത്തെ മാനസികാരോഗ്യ ദിനത്തിന്റെ സന്ദേശവും മുദ്രാവാക്യവും. ശരീരത്തിന് ആരോഗ്യക്കുറവോ അസുഖമോ വന്നാല്‍ പ്രഥമശുശ്രൂഷ സംബന്ധിച്ച് ഏറക്കുറേ എല്ലാവര്‍ക്കും അറിവും അവബോധവുമുണ്ട്. അതേസമയം, ഒരാളുടെ മനസ്സിന് ആരോഗ്യക്കുറവോ പ്രതിസന്ധിയോ വന്നാല്‍ എന്താണ് ചെയ്യേണ്ടതെന്നതു സംബന്ധിച്ച് മിക്കവരും അജ്ഞരാണ്. ഇതിനോട് രണ്ടുതരം സമീപനമാണ് ഭൂരിപക്ഷം പേരും സ്വീകരിക്കുന്നത്: ഒന്ന്, രോഗി തന്നെയാണു പ്രശ്‌നത്തിന്റെ കാരണക്കാരന്‍ എന്ന നിലയില്‍ കുറ്റവും കുഴപ്പവുമെല്ലാം അയാളുടെ തലയില്‍ തന്നെ കെട്ടിവയ്ക്കും. രണ്ട്, എല്ലാം വെറുതെ തോന്നലും സംശയവുമാണെന്ന മട്ടില്‍ പ്രശ്‌നം അവഗണിക്കും. മാനസികപ്രശ്‌നങ്ങളോട് ഈ രണ്ടു സമീപനവും പാടില്ല. പകരം എന്താണു കാരണം എന്നു കണ്ടെത്തി ശരിയായ ചികില്‍സയിലേക്ക് രോഗിയെ എത്തിക്കുകയാണു വേണ്ടത്. അതു കുടുംബത്തിന്റെ മാത്രം ഉത്തരവാദിത്തമല്ല; സമൂഹത്തിന്റെ ദൗത്യം കൂടിയാണ്.
ഈ വര്‍ഷത്തെ മാനസികാരോഗ്യദിന സന്ദേശത്തിന് രണ്ടു തലത്തിലുള്ള അര്‍ഥങ്ങളുണ്ട്. ഇക്കാര്യം ലോകാരോഗ്യ സംഘടന തന്നെ വ്യക്തമാക്കിയിട്ടുമുണ്ട്. ഒന്ന്, തീര്‍ത്തും വ്യക്തിയധിഷ്ഠിതമായ തലം. ഒരു വ്യക്തിയുടെ മാനസികാരോഗ്യത്തിനു ക്ഷതമേല്‍ക്കുന്ന സംഭവങ്ങള്‍ ഉണ്ടാവുമ്പോള്‍ സ്വീകരിക്കേണ്ട പ്രഥമശുശ്രൂഷയെക്കുറിച്ചും സമീപനത്തെക്കുറിച്ചുമുള്ള അവബോധം സൃഷ്ടിക്കല്‍.
ലോകമെങ്ങും പടരുന്ന അശാന്തിയും പ്രശ്‌നങ്ങളും അത് ജനസമൂഹങ്ങളുടെ മാനസികനിലയില്‍ ഏല്‍പ്പിക്കുന്ന ആഘാതങ്ങളുമാണ് ഇന്നത്തെ സന്ദേശത്തിന്റെ ആഗോള പരിപ്രേക്ഷ്യം. ഈ മാനസികാഘാതങ്ങളെ എങ്ങനെ മറികടക്കാം എന്നതാണ് ലോകത്തിനു മുന്നിലെ ചോദ്യം. വ്യക്തിയധിഷ്ഠിത തലത്തേക്കാള്‍ ലോകാരോഗ്യ സംഘടന ഊന്നല്‍ നല്‍കിയത് ഈ ആഗോള പ്രതിസന്ധിക്കാണ്. യുദ്ധം, ആക്രമണം, സംഘര്‍ഷം തുടങ്ങിയവ സൃഷ്ടിച്ച വിഹ്വലതയുടെ ആഘാതത്തിലാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ 10 കോടിയോളം മനുഷ്യര്‍. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ളവരാണിത്. അരുംകൊലകളുടെ നേര്‍ക്കാഴ്ചകളും കണ്ണില്‍ച്ചോരയില്ലാത്ത ആക്രമണങ്ങളുടെ ദുരിതങ്ങളും ഇവരുടെ മനസ്സിനെ കീഴ്‌മേല്‍ മറിക്കുന്നു. ഇത്തരം അനുഭവങ്ങള്‍ വ്യക്തികളുടെ മാനസികതലത്തിലേല്‍പ്പിക്കുന്ന ആഘാതങ്ങളുടെ വ്യാപ്തിയും തീവ്രതയും വിവരണാതീതമാണ്. ഇതു വ്യക്തിയെ ആകപ്പാടെ മാറ്റിക്കളയും. ചിലര്‍ ജീവിതത്തിലൊരിക്കലും മോചനമില്ലാത്ത വിധമുള്ള മാനസികാഘാതത്തിലാവുന്നു. അവരെ എങ്ങനെ രക്ഷിക്കാമെന്ന ആലോചനയാണു പ്രധാനം. യുദ്ധങ്ങളുടെയും സംഘര്‍ഷങ്ങളുടെയും ദുരിതം അനുഭവിക്കുന്നവര്‍ക്ക് ഭക്ഷണവും വെള്ളവും എത്തിക്കുകയും പുനരധിവസിപ്പിക്കുകയും ചെയ്യുന്നതുപോലെ തന്നെ മാനസികമായ ആശ്വാസവും നല്‍കണം. അവരുടെ മനസ്സിനേറ്റ ‘ഷോക്ക്’ പരിഹരിക്കാനും സാധാരണ അവസ്ഥയിലേക്കു തിരികെ കൊണ്ടുവരാനുമുള്ള പ്രഥമ ചികില്‍സയും കൗണ്‍സലിങും വേണം. ഭക്ഷണം കിട്ടിയാല്‍ വിശപ്പു മാറും. വസ്ത്രവും താമസസ്ഥലവുമൊക്കെ പുതിയതു കിട്ടുമ്പോള്‍ പ്രശ്‌നപരിഹാരമാവും. പക്ഷേ, മനസ്സിനേല്‍ക്കുന്ന മുറിവ് അങ്ങനെയല്ല. സംഘര്‍ഷമേഖലകളിലെ ജനങ്ങളുടെ മനസ്സിനേല്‍ക്കുന്ന മുറിവ് വളരെ വലുതാണ്.
ഇതിനൊപ്പം ലോകാരോഗ്യ സംഘടന എടുത്തുപറയുന്ന മറ്റൊരു പ്രശ്‌നമാണ് പലായനവും അഭയാര്‍ഥിപ്രവാഹവും. ലോകത്താകെ ആറു കോടിയിലേറെ ആളുകള്‍ ഇപ്പോള്‍ സ്വദേശങ്ങളില്‍നിന്നു പുറന്തള്ളപ്പെട്ട് പല സ്ഥലങ്ങളിലായി ചിതറിക്കിടക്കുകയാണ്. പിറന്ന നാടുകളില്‍നിന്നു പറിച്ചെറിയപ്പെടുമ്പോള്‍ മനസ്സിനുണ്ടാവുന്ന വേദന ചില്ലറയല്ല.
മനസ്സാണ് യഥാര്‍ഥത്തില്‍ ജീവിതത്തിന്റെ താളം നിയന്ത്രിക്കുന്നത്. മനസ്സിനു സ്വസ്ഥതയില്ലെങ്കില്‍ ശരീരം, ആരോഗ്യം, സമ്പത്ത്, കുടുംബജീവിതം, സാമൂഹികജീവിതം, ജോലി തുടങ്ങിയവയൊക്കെ അവതാളത്തിലാവും. നിസ്സാരമോ അജ്ഞാതമോ ആയ കാരണങ്ങള്‍ മുതല്‍ അറിഞ്ഞിട്ടും അവഗണിച്ച കാരണങ്ങള്‍ വരെ പലതുകൊണ്ടും മനസ്സ് സംഘര്‍ഷഭരിതമാവാം. ഇവയൊക്കെ അടിസ്ഥാനകാരണം കണ്ടെത്തി ശരിയായ ചികില്‍സ നല്‍കിയാല്‍ പരിഹരിക്കാവുന്നതും മറികടക്കാവുന്നതുമാണ്. പക്ഷേ, യഥാര്‍ഥ ചികില്‍സയിലേക്ക് ഏറ്റവും വൈകിയെത്തുന്നു എന്നതാണ് മാനസിക ചികില്‍സാരംഗത്തെ ഏറ്റവും വലിയ പ്രതിസന്ധി. വിദേശരാജ്യങ്ങളില്‍ ഇക്കാര്യത്തില്‍ കുറേക്കൂടി അവബോധമുണ്ട്. എന്നാല്‍, നാം ഇപ്പോഴും മാനസികമായ ആരോഗ്യക്കുറവിനെ മനോരോഗം എന്ന തലത്തില്‍ മാത്രം കാണുകയും അതുകൊണ്ടുതന്നെ ചികില്‍സകളിലേക്കു പോവാന്‍ മടിച്ചുനില്‍ക്കുകയും ചെയ്യുന്നു. മറ്റെല്ലാ വഴികളും വിഫലമാവുകയും പ്രശ്‌നം കൂടുതല്‍ വഷളാവുകയും ചെയ്യുമ്പോഴായിരിക്കും ചികില്‍സകനിലേക്ക് എത്തുക. മാനസികാരോഗ്യ പ്രഥമ ചികില്‍സയെക്കുറിച്ച് സമൂഹത്തില്‍ അവബോധമുണ്ടാക്കാനുള്ള ശ്രമങ്ങള്‍ ഏറ്റവും സജീവമാക്കുക എന്നതാണ് ഇന്നത്തെ ദിനത്തിന്റെ സന്ദേശം.
ശാരീരികരോഗങ്ങള്‍ ഉണ്ടാവുമ്പോള്‍ പ്രഥമ ചികില്‍സ എങ്ങനെ എന്നതു സംബന്ധിച്ച് സ്‌കൂളുകളിലെ പാഠ്യപദ്ധതിയില്‍ പരിമിതമായെങ്കിലും പ്രതിപാദിക്കുന്നുണ്ട്. എന്നാല്‍, മാനസികപ്രശ്‌നങ്ങളോടുള്ള പ്രഥമ ചികില്‍സയെക്കുറിച്ച് ഒന്നുമില്ല. യഥാര്‍ഥത്തില്‍ ഇന്നത്തെ വിദ്യാര്‍ഥികള്‍ തന്നെ മുന്‍തലമുറകളിലെ വിദ്യാര്‍ഥികളേക്കാള്‍ മാനസികസംഘര്‍ഷം അനുഭവിക്കുന്നവരാണ്. അവര്‍ക്ക് അതില്‍നിന്നു മുക്തി നേടാന്‍ മാനസിക വ്യായാമവും ബോധവല്‍ക്കരണവും വേണം. അതിനൊപ്പം നാളെ അവര്‍ ജീവിക്കാനിരിക്കുന്ന സമൂഹത്തിലും ഒട്ടേറെ പ്രശ്‌നങ്ങള്‍ നേരിടാനുണ്ടാവും. ഈ സാഹചര്യത്തില്‍ സ്‌കൂളുകളിലെ പാഠ്യപദ്ധതിയില്‍ (കരിക്കുലം) മാനസികാരോഗ്യ പദ്ധതികള്‍ കൂടി ചേര്‍ക്കണം എന്ന അഭ്യര്‍ഥന സര്‍ക്കാരിനും വിദ്യാഭ്യാസ വിദഗ്ധര്‍ക്കും മുന്നില്‍ സമര്‍പ്പിക്കുന്നു. വിദ്യാര്‍ഥികള്‍ക്കു മാനസിക വ്യായാമവും ആശ്വാസവും കരുത്തും നല്‍കാനുള്ള പരിശീലന പദ്ധതികളും സര്‍ക്കാര്‍ ആസൂത്രണം ചെയ്യണം. മാര്‍ക്കുകള്‍ നേടുക എന്നതിനപ്പുറം നാളത്തെ സമൂഹത്തിന്റെ വെല്ലുവിളികള്‍ ഏറ്റെടുത്തു ജീവിക്കാന്‍ മാനസികാരോഗ്യവും കരുത്തുമുള്ള സമൂഹത്തെ വാര്‍ത്തെടുക്കുക എന്നതാണല്ലോ വിദ്യാഭ്യാസത്തിന്റെ യഥാര്‍ഥ ലക്ഷ്യം. പാഠ്യപദ്ധതിയിലുള്‍പ്പെടുത്തുന്നതിനു പുറമെ പൊതുവായ ഒരു മാനസികാരോഗ്യ നയവും നമ്മുടെ സംസ്ഥാനത്തിനു വേണം. ഇക്കാര്യത്തില്‍ ഒരു നയപ്രഖ്യാപനം ഉണ്ടാവണമെന്ന അഭ്യര്‍ഥന കൂടി സര്‍ക്കാരിനു മുന്നില്‍ സമര്‍പ്പിക്കുന്നു.
(രാമനാട്ടുകര മനശാന്തി ഹോസ്പിറ്റലില്‍ കണ്‍സള്‍ട്ടന്റ് ന്യൂറോ സൈക്യാട്രിസ്റ്റ് ആണ് ലേഖകന്‍.)

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക