|    Aug 17 Thu, 2017 12:47 am
FLASH NEWS
Home   >  Todays Paper  >  page 12  >  

മാനവികത നഷ്ടപ്പെടുന്ന ഈ കാലഘട്ടത്തില്‍ ബഷീറിന്റെ കൃതികള്‍ ഏറെ പ്രസക്തം: എംടി

Published : 25th October 2016 | Posted By: SMR

കൊച്ചി: മാനവികത നഷ്ടപ്പെടുന്ന ഈ കാലഘട്ടത്തില്‍ ബഷീറിന്റെ കൃതികള്‍ ഏറെ പ്രസക്തമാണെന്ന് എഴുത്തുകാരന്‍ എം ടി വാസുദേവന്‍ നായര്‍ പറഞ്ഞു. പ്രവാസി ദോഹ- പ്രവാസി ട്രസ്റ്റ് ഏര്‍പ്പെടുത്തിയ വൈക്കം മുഹമ്മദ് ബഷീര്‍ പുരസ്‌കാരം എറണാകുളം ചങ്ങമ്പുഴ പാര്‍ക്കില്‍ നടന്ന ചടങ്ങില്‍ ചലച്ചിത്ര സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന് സമര്‍പ്പിക്കുകയായിരുന്നു അദ്ദേഹം.
ദിവസങ്ങള്‍ ചെല്ലുംതോറും നമ്മുടെ ജീവിതവും ജീവിതശൈലിയും വളരെ തീക്ഷ്ണവും തീവ്രവുമായി മാറുകയാണ്. എല്ലാ നനവുകളും നഷ്ടപ്പെടുത്തുന്ന ഒരു ഊഷ്വരഭൂമിയായി ജീവിതം മാറിക്കൊണ്ടിരിക്കുന്നതായിട്ടാണ് നാം പത്രമാധ്യമങ്ങളിലൂടെ അറിയുന്നതെന്നും അദ്ദേഹം പറഞ്ഞു. മാനവികത എന്നും തന്റെ മുഖമുദ്രയായി കൊണ്ടുനടന്ന വ്യക്തിയാണ് ബഷീര്‍. എക്കാലവും നമ്മുടെ മനസ്സുകളില്‍ നിലനില്‍ക്കുന്ന വ്യക്തിയാണ് അദ്ദേഹമെന്നും എംടി പറഞ്ഞു. ലോക ഭൂപടത്തില്‍ നമ്മുടെ ഭാഷയെയും സിനിമയെയും രേഖപ്പെടുത്താന്‍ നമുക്ക് സിദ്ധിച്ച മഹാപ്രതിഭയാണ് അടൂര്‍ ഗോപാലകൃഷ്ണന്‍. വളരെ മനോഹരമായി ബഷീറിന്റെ കൃതികളുടെ ദൃശ്യാവിഷ്‌കാരം അവതരിപ്പിച്ച പ്രതിഭയാണ് അദ്ദേഹമെന്നും എംടി പറഞ്ഞു.
അടൂരിന്റെ പല സിനിമകളും തന്നെ ആകര്‍ഷിച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അങ്ങേയറ്റത്തെ ആരാധനയോടെ കാണുന്ന ഒരു എഴുത്തുകാരനായ ബഷീറിന്റെ പേരിലുള്ള പുരസ്‌കാരം തനിക്ക് നല്‍കി ബഹുമാനിച്ചതിന് അങ്ങേയറ്റം നന്ദിയുണ്ടെന്ന് പുരസ്‌കാരം ഏറ്റുവാങ്ങിക്കൊണ്ട് അടൂര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞു. തനിക്ക് അതു നല്‍കിയ വലിയ പ്രകാശം താന്‍ ജ്യേഷ്ഠസഹോദരനെപ്പോലെ കാണുന്ന എംടിയാണ് എന്നതാണ്. ബഷീറിന്റെ കൃതികള്‍ ഇഷ്ടപ്പെടുന്നതുപോലെ തന്നെ എംടിയുടെ കൃതികളും വായിക്കുകയും ആരാധനാപൂര്‍വമുള്ള സമീപനം സ്വീകരിക്കുകയും ചെയ്തിട്ടുള്ളയാളാണ് താനെന്നും അദ്ദേഹം പറഞ്ഞു. ബഷീറിന്റെ എല്ലാ കൃതികളും തനിക്കിഷ്ടമാണ്. അതില്‍ തന്റെ ഹൃദയത്തെ വളരെ വേദനിപ്പിച്ച കൃതിയാണ് പാത്തുമ്മയുടെ ആട്. ഈ കൃതിയില്‍ ഒരു അത്യപൂര്‍വമായ മൗലികതയുണ്ടെന്നു തോന്നിയിട്ടുണ്ടെന്നും അടൂര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞു.
മികച്ച ഡബ്ബിങിനുള്ള ദേശീയ അവാര്‍ഡ് നേടിയ പ്രഫ. അലിയാരെ എം ടി വാസുദേവന്‍ നായര്‍ ചടങ്ങില്‍ ആദരിച്ചു. അടൂര്‍ ഗോപാലകൃഷ്ണനുള്ള പുരസ്‌കാര സമര്‍പ്പണം വൈക്കം മുഹമ്മദ് ബഷീറിന്റെ മകന്‍ അനീസ് ബഷീറും പ്രശസ്തിപത്ര സമര്‍പ്പണം എം എ റഹ്മാനും ചടങ്ങില്‍ നിര്‍വഹിച്ചു. എഴുത്തുകാരന്‍ എന്‍ എസ് മാധവന്‍ ബഷീര്‍ അനുസ്മരണ പ്രഭാഷണം നടത്തി. ബാബു മേത്തര്‍, പ്രഫ. അലിയാര്‍, കെ കെ സുധാകരന്‍, കെ ബാലചന്ദ്രന്‍ സംസാരിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക