|    Apr 23 Mon, 2018 3:10 pm
FLASH NEWS
Home   >  Fortnightly   >  

മാനവികതയുടെ പുതുചന്ദ്രന്‍

Published : 12th October 2015 | Posted By: G.A.G

ടി.കെ. മുത്തുക്കോയ


ഒരു കൊല്ലംകൂടി അതിന്റെ ഇലകള്‍ പൊഴിക്കുന്നു; പുതുപ്പിറവിയുടെ പുഞ്ചിരിയിലൂടെയാണ് പുതുകൊല്ലത്തിന്റെ സുദിനം നമ്മളിലേക്ക് വരുന്നത്. പുതുപ്പിറവിയോടെ പ്രകൃതി സ്വയം നവീകരിക്കുന്നുണ്ട്. എന്നാല്‍ അതിന്റെ ഗുണഭോക്താക്കളായ നാം മനുഷ്യര്‍ എന്താണ് ചെയ്യുന്നത്. നമ്മുടെ മനസ്സിന്റെ മൂലയില്‍ അടിഞ്ഞുകൂടിയ ചിന്തകളുടെ പഴമയെ, അതിന്റെ പൂപ്പലുകളെ, അതിന്റെ എട്ടുകാലി വലകളെ ഇല്ലാതാക്കാന്‍ നാംഎന്തു ചെയ്തു? അപ്‌ഡൈറ്റ് എന്ന പദം ഏറ്റവും സംഗതമായിത്തീരുന്ന സന്ദര്‍ഭമാണ് കൊല്ലപ്പിറവിയുടെ ഒന്നാം ദിവസം.

സ്വയം സര്‍ഗ്ഗാത്മകത്തിളക്കം നല്‍കിയാല്‍ നമ്മില്‍ നിന്ന് നമ്മളിലേക്ക് ഒരു പുതിയ മനുഷ്യനെ തപ്പിയെടുക്കാനും ഉണര്‍ത്തിയെടുക്കാനും കഴിഞ്ഞേക്കും. പഞ്ചേന്ദ്രിയങ്ങള്‍ക്ക് ജീവിക്കുന്ന പരിസരത്തെ അഭിമുഖീകരിക്കാന്‍ ക്ഷമതയുണ്ടാക്കുക. കണ്ണ് അപ്പോള്‍ വാതിലും ജനലുമാകും. കാത് ശബ്ദങ്ങളിലെ സന്തോഷവും സന്താപവും പിടിച്ചെടുക്കും. പഞ്ചേന്ദ്രിയങ്ങളുടെ സ്വീകരണിയിലൂടെയെത്തുന്ന അറിവുകള്‍ പുതിയ കൊല്ലത്തിന്റെ പുതിയ കണ്ടെത്തലായി മാറണം. അതെ, പുതിയ വര്‍ഷത്തെ കേള്‍ക്കുകയും കാണുകയും വിശകലനം ചെയ്യുകയും മനനശേഷിയിലൂടെ കാലം ആവശ്യപ്പെടുന്ന ഒരു മനീഷിയുടെ ഉണ്മ നവീകരിക്കപ്പെടുകയും ചെയ്യുന്ന സമയമാണിത്.
ഇന്നലത്തെ മനസ്സില്‍നിന്നും ഒരു കലണ്ടര്‍ ഊരിക്കളയുമ്പോള്‍ ഇന്നത്തെ മനസ്സില്‍ ഒരു പ്രവര്‍ത്തന പദ്ധതി രൂപപ്പെടേണ്ടതുണ്ട്. ആക്ഷന്‍ പ്ലാന്‍ എന്ന് നാം പേരുകൊടുക്കുന്ന പ്രവര്‍ത്തനങ്ങളുടെ ഒരു രൂപരേഖയില്‍ തെളിഞ്ഞ കാര്യങ്ങള്‍ പ്രവര്‍ത്തിയില്‍ കൊണ്ടുവരാന്‍ മനസ്സുവയ്ക്കണം. അങ്ങനെ മനസ്സു വയ്ക്കുമ്പോള്‍ സക്രിയയുടെ വിളനിലമാവുകയാണ് നമ്മള്‍. അപ്പോള്‍ നാമെന്ന് പറയുമ്പോള്‍ പ്രപഞ്ചം മുഴുവനും ബന്ധപ്പെടുന്ന ഒരര്‍ഥം ആ പദത്തിന്ന് കൈവരും.
സുലൈമാന്‍ നബിയെപ്പറ്റി പ്രശസ്തമായ ഒരു കഥയുണ്ട്. അദ്ദേഹം തന്റെ സൈന്യത്തെ നയിച്ച് പുറപ്പെടുന്നു. അതിന്റെ തൊട്ടുമുമ്പ് ഒരു ഉറുമ്പ് തന്റെ സമുദായത്തോട് പറയുന്ന ഉപദേശമുണ്ട്.

കൂട്ടരേ, മാറിക്കോ, ഇതാ സുലൈമാനും സൈന്യവും ഇതിലേ കടന്നുവരും. അവര്‍ നാം താമസിക്കുന്ന സ്ഥലത്തുകൂടെ കടന്നുപോവുമ്പോള്‍ നാംചവുട്ടിയരക്കപ്പെടും. അതിനാല്‍ മാറിക്കോളൂ എന്നായിരുന്നു ആ ഉപദേശം. ഈ ഉറുമ്പകളുടെ വേപഥു, സുലൈമാന്റെ പടച്ചതമ്പുരാന്‍ അദ്ദേഹത്തെ കേള്‍പ്പിക്കുകയും മനസ്സിലാക്കിക്കൊടുക്കുകയും ചെയ്തു. ഒരു ഉറുമ്പിന്റെ വേപഥുവും, ഒരു മനുഷ്യന്റെ വേപഥുവും ഒരു വൃക്ഷത്തിന്റെ വേപഥുവും നാം മനസ്സിലാക്കുമ്പോള്‍ ജൈവ ചക്രത്തിന്റെ ഗരിമയില്‍നിന്ന് നാം സ്വന്തം മനസ്സിന്റെ നവീകരണത്തിലേക്കുള്ള ഊര്‍ജ്ജം സംഭരിക്കും. ആ ഊര്‍ജ്ജസംഭരണത്തില്‍ ഒരു അറിവാര്‍ജ്ജനമുണ്ട്. ആ അറിവാര്‍ജ്ജനം നമ്മള്‍ എന്ന ഭാഷാ പ്രയോഗത്തിന് ചരാചര സാപേക്ഷമായ ഒരു അര്‍ത്ഥതലം നമുക്ക് കാണിച്ചുതരും. ആകാശത്തിന്റെ വിരിമാറിലൂടെ ജീവനാന്വേഷണത്തിനായി ചിറകടിച്ചു പോകുന്ന പക്ഷികളും നിങ്ങളെ പോലുള്ള ഒരു സമൂഹമാണെന്ന അധ്യാപനത്തില്‍ നിന്ന് സാമൂഹികതയെ പറ്റി പുതിയ ചിന്തകളുടെ ചാന്ദ്രപ്പിറവി സംഭവിക്കേണ്ടതുണ്ട്. പുതിയ ചിന്തകളുടെ ഒരു കലണ്ടര്‍ മനസ്സില്‍ തൂക്കണമെന്നര്‍ഥം.
മാനുഷികതയുടെ കാവല്‍ക്കാരനാവേണ്ടവനാണ് മാനവന്‍. അവന്‍ രചനാത്മകതയുടെ ആദം പുത്രനാണ്. നിഷേധാത്മകതയുടെ ആദം പുത്രനല്ല. സഹജീവിയുടെ നേര്‍ക്ക് ആര്‍ദ്രതയുടെ ഊഷ്മളത ചൊരിയുന്ന ഐതിഹാസിക ജീവിതശൈലിയുടെ ഉടമയാണവന്‍. അവനില്‍ ചിന്തയുടെ സംഗീതമുണ്ട്. ചരാചരങ്ങളിലേക്ക് നീളുന്ന ഐക്യത്തിന്റെ ചരടുകള്‍ അവനു സ്വന്തം. അവന്റെ കാല്‍വയ്പ്പില്‍ പ്രകൃതിയുടെ താളമുണ്ട്. നിര്‍ഭയത്വത്തില്‍നിന്നാണ് അവന്റെ ആത്മാവു പുഷ്‌കലമാവുന്നത്. വിശ്വാസസംഹിത രൂപംകൊള്ളുന്നത് ആ തലത്തില്‍ നിന്നാണ്.
ചരാചരങ്ങളോടു ബന്ധപ്പെട്ടുകിടക്കുന്ന അസ്തിത്വമായ മനുഷ്യന്‍ ഭൂമിയില്‍ സ്വന്തം സ്രഷ്ടാവിന്റെ പ്രതിനിധിയാണ്. അവന്റെ മനസ്സ് പഴകിപ്പോകാന്‍ പാടില്ലാത്ത ഒരു കലണ്ടറാണ്. ഉണര്‍വിന്റെ ജൈവ ഘടികാരം അവന് സ്വന്തം. ചിന്താപരമായ സ്വയം നവീകരണമായിരിക്കണം പുതുകൊല്ലത്തെ നമ്മുടെ അടിസ്ഥാന പ്രവര്‍ത്തനം. ഈ പ്രവര്‍ത്തനം പരന്നൊഴുകുമ്പോഴുണ്ടാകുന്ന ഫലം അനിര്‍വചനീയമായിരിക്കും. അതിനാല്‍ മാനവികതയുടെ പുതുപ്പിറവികള്‍ നമ്മളോടൊപ്പം പുതുചന്ദ്രന്‍ പ്രതീക്ഷിക്കുന്നു, അതായത് ചിന്തകളെയും പ്രവര്‍ത്തനങ്ങളെയും.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss