|    Apr 25 Wed, 2018 4:22 pm
FLASH NEWS
Home   >  Editpage  >  Middlepiece  >  

മാനവസംഗമം: ചില കാഴ്ചകളും ചിന്തകളും

Published : 9th January 2016 | Posted By: SMR

ഇല്യാസ് എടവനക്കാട്

ഈയിടെ എറണാകുളത്ത് സംഘടിപ്പിക്കപ്പെട്ട ഫാഷിസത്തിനെതിരേ മാനവസംഗമം എന്ന പരിപാടി വിവാദങ്ങളും വിയോജിപ്പുകളുംകൊണ്ട് ലക്ഷ്യത്തെ സാധൂകരിച്ചോ എന്നു ചര്‍ച്ചചെയ്യുന്നത് അതിന്റെ തുടര്‍പരിപാടികളുെട സുഗമമായ പ്രയാണത്തിന് അനുപേക്ഷണീയമായിരിക്കും എന്നു കരുതുന്നു. ഫാഷിസത്തിനെതിരായ ഒരു മുന്നേറ്റത്തിനു വേണ്ടി ഒരു വിശാലസഖ്യം (നാല്‍പതോളം സംഘടനകള്‍ ഉണ്ടെന്നാണ് സംഘാടകര്‍ അവകാശപ്പെടുന്നത്) രൂപംകൊടുത്തപ്പോള്‍ ഫാഷിസത്തിന്റെ മുഖ്യ ഇരകളായ ജനവിഭാഗത്തിന്റെ ഭാഗത്തുനിന്ന് ഒരു പ്രാതിനിധ്യവും ഉണ്ടായില്ല എന്നിടത്തുനിന്നാണ് വിവാദങ്ങള്‍ ആരംഭിക്കുന്നത്. മാസങ്ങളായി നിരവധി സംഘടനകളുടെയും വ്യക്തികളുടെയും മുന്നൊരുക്കങ്ങളാലും കഠിനാധ്വാനത്താലും സംഘടിപ്പിക്കുന്ന ഒരു പരിപാടിക്ക് ബദലായി കോഴിക്കോട്ട് ഒരു അമാനവ സംഗമവും നടന്നു.
രണ്ടു സമ്മേളനങ്ങളുടെയും ജയപരാജയങ്ങള്‍ക്കപ്പുറം ഒരു ഫാഷിസ്റ്റ് വിരുദ്ധ മുന്നേറ്റത്തിന്റെ ഘടന എന്തായിരിക്കണമെന്നതു സംബന്ധിച്ച് പുതിയ ചര്‍ച്ചയ്ക്ക് ഇടമുണ്ടായി എന്നത് ഏതര്‍ഥത്തിലും നല്ല കാര്യം തന്നെയാണ്.
എറണാകുളം സമ്മേളനത്തിന്റെ രണ്ടു ദിവസങ്ങളിലും ആദ്യാവസാനം പങ്കെടുത്ത ഒരാള്‍ എന്ന നിലയില്‍ മാനവസംഗമത്തിലെ മുസ്‌ലിം പ്രാതിനിധ്യത്തിന്റെ കുറവിനെ പോസിറ്റീവായേ കാണാന്‍ കഴിയൂ. ആട്ടവും പാട്ടും എന്നതിനപ്പുറം രാജ്യത്ത് ശക്തിപ്പെടുന്ന ഫാഷിസം തങ്ങളെ എങ്ങനെ ബാധിക്കുമെന്നു തിരിച്ചറിയാന്‍ ശ്രമിക്കാത്ത വലിയൊരു യുവജനസമൂഹത്തെക്കൊണ്ട് സമ്മേളനം സമ്പന്നമാക്കാന്‍ കഴിഞ്ഞു എന്നതു തന്നെയാണ് അതിലെ പ്രധാന നേട്ടങ്ങളിലൊന്ന്. ഫാഷിസത്തിനെതിരായി നിരന്തരം സമരമുഖത്തുള്ള മുസ്‌ലിം സംഘടനകള്‍ സംഘാടകസമിതിയിലുണ്ടായിരുന്നുവെങ്കില്‍ ഒരു പതിവ് ഫാഷിസ്റ്റ് വിരുദ്ധ സമ്മേളനമായി അതു പരിണമിക്കുമായിരുന്നു. മാത്രവുമല്ല, ആട്ടവും പാട്ടുമുള്ള ഒരു സമരമുറയോട് ആ സംഘടനാനേതാക്കള്‍ക്ക് സമരസപ്പെടാന്‍ പലപ്പോഴും കഴിയുമായിരുന്നില്ല.
എന്നാല്‍, ഈ സമ്മേളനത്തില്‍ മുസ്‌ലിംകളെ മാറ്റിനിര്‍ത്തിയതില്‍ ചില ഒളിയജണ്ടകള്‍ ദര്‍ശിക്കാന്‍ കഴിഞ്ഞു. ഒരുവശത്ത് യുക്തിവാദികള്‍ ഈ സമ്മേളനത്തിലൂടെ നേടിയെടുത്ത പ്രാമുഖ്യവും അവര്‍ ഈ വേദിയെ എങ്ങനെ ഉപയോഗിച്ചു എന്നതുമാണ് പ്രശ്‌നം ഭൂരിപക്ഷ വര്‍ഗീയതയും ന്യൂനപക്ഷ വര്‍ഗീയതയും ഒരുപോലെ എന്ന ക്ലീഷെയെ നന്നായി മാര്‍ക്കറ്റ് ചെയ്യാന്‍ ഇടതു ചിന്തകര്‍ ശ്രമിച്ചു. അതേയവസരത്തില്‍ തന്നെ തങ്ങള്‍ എല്ലാവരെയും മാനവികതലത്തില്‍ സ്വാഗതംചെയ്യുന്നു എന്നു പ്രഖ്യാപിച്ചതിനെ ആദ്യദിന സമ്മേളനത്തില്‍ തന്നെ സണ്ണി എം കപിക്കാട്, രേഖരാജ് തുടങ്ങിയ ദലിത് ആക്റ്റിവിസ്റ്റുകള്‍ തുറന്നെതിര്‍ക്കുകയുണ്ടായി. തങ്ങള്‍ ദലിതനായും സ്ത്രീയായും തന്നെയാണ് ഈ സമ്മേളനത്തിന് വന്നതെന്നും ആ അസ്തിത്വത്തില്‍നിന്നുകൊണ്ടുതന്നെയാണ് ഫാഷിസത്തെ ചെറുക്കേണ്ടതെന്നും അവര്‍ പ്രഖ്യാപിച്ചപ്പോള്‍ അതിനെ വലിയ കരഘോഷത്തോടെയാണ് സദസ്സ് ഏറ്റെടുത്തത്.
കേരളത്തിലെ യുക്തിവാദികളില്‍ മഹാഭൂരിപക്ഷവും ഫാഷിസത്തിനെതിരേ ശബ്ദിക്കാന്‍ കഴിയാത്തവിധം സംഘപരിവാരത്തിന്റെ മെഗാഫോണുകളാണ്. ഹൈന്ദവ, ക്രൈസ്തവ വിശ്വാസധാരകളെ ദാര്‍ശനികമായി വെല്ലുവിളിക്കുമ്പോള്‍ മുസ്‌ലിം ജനവിഭാഗത്തെ സാമുദായികമായി മാത്രം വിവക്ഷിക്കുകയും വെല്ലുവിളിക്കുകയും ചെയ്യുക എന്നതായിരുന്നു എക്കാലത്തും കേരളത്തിലെ യുക്തിവാദികളുടെ സമീപനം. ലൗ ജിഹാദ് ഉള്‍പ്പെടെയുള്ള പല വിലകുറഞ്ഞ കുപ്രചാരണങ്ങളിലും ഫാഷിസ്റ്റുകളോടൊപ്പം സഞ്ചരിക്കാന്‍ ഇവര്‍ക്ക് യാതൊരു മടിയും ഉണ്ടായിരുന്നില്ല. ഇവര്‍ക്ക് എങ്ങനെ വിശാലമായ ഒരു ഫാഷിസ്റ്റ് വിരുദ്ധ ചേരിയുടെ ഭാഗമാവാന്‍ കഴിയും എന്ന ചോദ്യം വീണ്ടും ഉയര്‍ത്താന്‍ മാനവസംഗമത്തിലൂടെ കഴിഞ്ഞു.
ഫാഷിസത്തിനെതിരേ എന്ന ഒറ്റ അജണ്ടയിലൂന്നി നടത്തപ്പെട്ട സമ്മേളനത്തിന്റെ പ്രവേശനകവാടത്തില്‍ തന്നെ യുക്തിവാദികളുടെ അജണ്ട വിളങ്ങിനിന്നിരുന്നു. രജിസ്‌ട്രേഷന്‍ സമയത്ത് പ്രതിനിധികള്‍ക്കു ധരിക്കാന്‍ നല്‍കുന്ന ബാഡ്ജില്‍ പേരിനു ശേഷം ‘മനുഷ്യനെ’ന്നും മതത്തിന്റെ കോളത്തില്‍ ‘ബാധകമല്ല’ എന്നും പ്രിന്റ് ചെയ്തവര്‍ ആദ്യദിന പരിപാടിയുടെ വേദിക്ക് നൗഷാദ് നഗര്‍ എന്ന പേരിട്ടു. മാനവസംഗമത്തിന് വന്നവരുടെ മതത്തെയും ജാതിയെയും ലിംഗത്തെയും റദ്ദുചെയ്യാനായിരുന്നു ശ്രമമെന്നു തോന്നുന്നു. മുസ്‌ലിമും ഹിന്ദുവും ദലിതനും സ്ത്രീയും പുരുഷനും മൂന്നാംലിംഗക്കാരും അങ്ങനെയായിക്കൊണ്ടുതന്നെ പങ്കെടുക്കാനും താന്‍ ഫാഷിസത്തെ ചെറുക്കുമെന്ന് തോളോടുതോള്‍ ചേര്‍ന്ന് പ്രഖ്യാപിക്കാനും കഴിയുന്ന ഒരു വേദിയെ ചിലരുടെ ഒളിയജണ്ടകള്‍ക്ക് ഉപയോഗിച്ചു. അതു തിരിച്ചറിഞ്ഞുവേണം സംഗമത്തെ വിലയിരുത്താന്‍.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss