|    Sep 25 Tue, 2018 4:43 pm
FLASH NEWS

മാനന്തവാടി ശുദ്ധജലപദ്ധതിക്കുള്ള തടസ്സം നീക്കണം: വികസന സമിതി

Published : 29th January 2017 | Posted By: fsq

 

കല്‍പ്പറ്റ: പൊതുമരാമത്ത് വകുപ്പ് കെട്ടിടവിഭാഗം ഉന്നയിക്കുന്ന സാങ്കേതിക തടസ്സം കാരണം 12 കോടിരൂപ ചെലവില്‍ പൂര്‍ത്തിയാക്കുന്ന മാനന്താടി- എടവക- നല്ലൂര്‍നാട് ശുദ്ധജലപദ്ധതി പ്രവര്‍ത്തനക്ഷമമാക്കാന്‍ കഴിയാത്ത സാഹചര്യമാണുള്ളതെന്നും ഇതൊഴിവാക്കാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നും ഒ ആര്‍കേളു എംഎല്‍എ ആവശ്യപ്പെട്ടു. ജില്ലാ വികസന സമിതി യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മാനന്തവാടി നഗരസഭയിലും തിരുനെല്ലി, തവിഞ്ഞാല്‍, എടവക പഞ്ചായത്തുകളിലും കുടിവെള്ളമെത്തിക്കുന്ന പദ്ധതിയാണിത്. ഇതിന്റെ പ്രവൃത്തി ഏറെക്കുറെ പൂര്‍ത്തിയായെങ്കിലും പ്രധാന ടാങ്കില്‍നിന്ന് മറ്റു പൈപ്പുകളിലേക്ക് വെള്ളമെത്തിക്കാന്‍ പൈപ്പിടേണ്ട 700 മീറ്റര്‍ റോഡ് പൊതുമരാമത്ത് കെട്ടിടവിഭാഗത്തിന്റെ കൈവശത്തിലാണ്. പൈപ്പിട്ടശേഷം റോഡ് റിപയര്‍ ചെയ്യാനാവശ്യമായിവരുന്ന 8.55 ലക്ഷം രൂപ വാട്ടര്‍ അതോറിറ്റി ഒടുക്കിയാല്‍ മാത്രമേ പൈപ്പിടാന്‍ അനുവദിക്കൂ എന്നാണ് പിഡബ്ല്യുഡി നിലപാട്. ഇതുകാരണം ജനങ്ങള്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന പദ്ധതി പ്രവര്‍ത്തനക്ഷമമാക്കാന്‍ കഴിയാതെപോവുകയാണെന്ന് എംഎല്‍എ ചൂണ്ടിക്കാട്ടി. തെരുവുനായകളെ വന്ധ്യംകരിക്കാനായി മുനിസിപ്പാലിറ്റികള്‍ നീക്കിവച്ച തുക ജില്ലാ പഞ്ചായത്തിന് കൈമാറാന്‍ നടപടി സ്വീകരിക്കണമെന്നു ജില്ലാ മൃഗസംരക്ഷണ ഓഫിസര്‍ ഡോ. കെ ആര്‍ ഗീത യോഗത്തില്‍ ആവശ്യപ്പെട്ടു. എങ്കില്‍ മാത്രമേ നഗരപ്രദേശങ്ങളില്‍ വന്ധ്യംകരണം നടത്താനാവൂ.  സുല്‍ത്താന്‍ ബത്തേരിയിലെ മൃഗസംരക്ഷണപരിശീലന കേന്ദ്രത്തില്‍ 146 നായകളെ ഇതിനകം വന്ധ്യംകരിച്ചതായി അവര്‍ പറഞ്ഞു. 44.5 ലക്ഷം രൂപയാണ് പദ്ധതിക്കായി ജില്ലാ പഞ്ചായത്തും ഗ്രാമപ്പഞ്ചായത്തുകളും നീക്കിവച്ചത്. നിലവിലുള്ള സൗകര്യമനുസരിച്ച് ഒരേ സമയം ഒരു നായയെ മാത്രമേ വന്ധ്യംകരിക്കാനാവൂ. പുതിയ ഓപറേഷന്‍ തിയേറ്റര്‍ സ്ഥാപിക്കാന്‍ മൃഗസംരക്ഷണവകുപ്പ് 37 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. തിയേറ്റര്‍ പൂര്‍ത്തിയാവുന്നതോടെ ശസ്ത്രക്രിയകളുടെ എണ്ണം കൂട്ടാനാവും. ഇപ്പോള്‍ രണ്ട് ഡോക്ടര്‍മാരും നാല് നായപിടുത്തക്കാരും രണ്ട് സഹായികളുമാണ് രംഗത്തുള്ളത്. ജനുവരി 27 വരെ ജില്ലയിലാകെ ത്രിതല പഞ്ചായത്തുകള്‍ പദ്ധതി തുകയുടെ 17.8 ശതമാനം തുക ചെലവഴിച്ചതായി യോഗത്തില്‍ ജില്ലാ പ്ലാനിങ് ഓഫിസര്‍ എന്‍ സോമസുന്ദരലാല്‍ അറിയിച്ചു. 23 പഞ്ചായത്തുകളിലെ ശരാശരി ചെലവ് 21.99 ശതമാനം, നാലു ബ്ലോക്ക് പഞ്ചായത്തുകളില്‍ 5.58 ശതമാനം, മൂന്നു മുനിസിപ്പാലിറ്റികള്‍ 15.09 ശതമാനം, ജില്ലാ പഞ്ചായത്ത് 13.86 ശതമാനം. ഏറ്റവും കൂടുതല്‍ തുക ചെലവഴിച്ച പഞ്ചായത്തുകള്‍ മുപ്പൈനാടും (51.86 ശതമാനം) വൈത്തിരി(33.65 ശതമാനം)യുമാണ്. ഏറ്റവും കുറവ് തുക ചെലവഴിച്ചത് തവിഞ്ഞാല്‍ (14.48), പുല്‍പ്പള്ളി (14.58) പഞ്ചായത്തുകളാണ്. ഏറ്റവും കൂടുതല്‍ തുക ചെലവഴിച്ച ബ്ലോക്ക് പഞ്ചായത്ത് പനമരമാണ് (13.35). കുറവ് മാനന്തവാടി (2.32). മതിയായ ജീവനക്കാരില്ലാത്തതാണ് ബ്ലോക്കുകളിലെ ചെലവഴിക്കല്‍ കുറയാന്‍ കാരണമെന്ന് ജില്ലാ പ്ലാനിങ് ഓഫിസര്‍ അറിയിച്ചു. വിവിധ മുനിസിപ്പാലിറ്റികളുടെ പദ്ധതി ചെലവ്- മാനന്തവാടി (12.73), സുല്‍ത്താന്‍ ബത്തേരി (12.52), കല്‍പ്പറ്റ (20.02). ജില്ലാ കലക്ടര്‍ ഡോ. ബി എസ് തിരുമേനി അധ്യക്ഷനായിരുന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി ഉഷാകുമാരി, വൈസ് പ്രസിഡന്റ് പി കെ അസ്മത്ത്, ജില്ലാതല ഉദേ്യാഗസ്ഥര്‍, പഞ്ചായത്ത് പ്രസിഡന്റുമാര്‍, സെക്രട്ടറിമാര്‍ പങ്കെടുത്തു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss