|    Jan 21 Sat, 2017 11:15 pm
FLASH NEWS

മാനന്തവാടി ബിവറേജസ് സമരം ഒത്തുതീര്‍ക്കണമെന്നാവശ്യപ്പെട്ട് കലക്ടറേറ്റ് മാര്‍ച്ച്

Published : 10th August 2016 | Posted By: SMR

കല്‍പ്പറ്റ: മാനന്തവാടി വിദേശമദ്യഷാപ്പിന് മുന്നില്‍ ആദിവാസി സ്ത്രീകള്‍ നടത്തുന്ന സമരം ഒത്തുതീര്‍പ്പാക്കണമെന്നാവശ്യപ്പെട്ട് ലോക ആദിവാസി ദിനത്തില്‍ വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ കലക്ടറേറ്റ് മാര്‍ച്ച് നടത്തി. കേരള മദ്യനിരോധന സമിതി, ആദിവാസി ഗോത്രമഹാസഭ, ദലിത് കൂട്ടായ്മ, ഇന്ത്യന്‍ ദലിത് ഫെഡറേഷന്‍, വിമന്‍സ് വോയ്‌സ്, കെഎസ്‌യു, ബിഎസ്പി തുടങ്ങിയ രാഷ്ട്രീയ -സാമൂഹിക-സാംസ്‌കാരിക സംഘടനകളുടെ ആഭിമുഖ്യത്തില്‍ നടത്തിയ മാര്‍ച്ച് ഗോത്രമഹാസഭാ കോ-ഓഡിനേറ്റര്‍ എം ഗീതാനന്ദന്‍ ഉദ്ഘാടനം ചെയ്തു.
ആദിവാസി മേഖലയായ വയനാടിനെ ലഹരി വിമുക്ത മേഖലയാക്കാന്‍ സര്‍ക്കാരും രാഷ്ട്രീയപ്പാര്‍ട്ടികളും അടിയന്തര നടപടികള്‍ സ്വീകരിക്കുക, ജില്ലയിലെ മുഴുവന്‍ മദ്യഷാപ്പുകളും അടച്ചുപൂട്ടുക, അതിര്‍ത്തി മേഖലയിലെ മദ്യവ്യാപാരം അവസാനിപ്പിക്കാന്‍ നടപടി സ്വീകരിക്കുക, സമരക്കാര്‍ക്കെതിരേ ചുമത്തിയ കേസുകള്‍ പിന്‍വലിക്കുക, സമരക്കാരെ ആക്രമിക്കുകയും സമരപ്പന്തല്‍ തകര്‍ക്കുകയും ചെയ്തവരെ അറസ്റ്റ് ചെയ്യുക, അതിര്‍ത്തി പ്രദേശങ്ങളില്‍ നിന്നുള്ള കഞ്ചാവ്, മദ്യം, പാന്‍മസാല തുടങ്ങിയ ലഹരി പദാര്‍ഥങ്ങളുടെ ഒഴുക്ക് തടയാന്‍ കര്‍ശന നടപടിയെടുക്കുക, പുകയില വിരുദ്ധ നിയമങ്ങള്‍ ജില്ലയില്‍ കാര്യക്ഷമമായി നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ മാര്‍ച്ചില്‍ ഉന്നയിച്ചു. മദ്യഷാപ്പുകള്‍ അടച്ചുപൂട്ടി ആദിവാസി സമൂഹത്തെ വംശനാശ ഭീഷണിയില്‍ നിന്നു രക്ഷിക്കാന്‍ സര്‍ക്കാര്‍ ഉടന്‍ നടപടി സ്വീകരിക്കണം.
ഇല്ലെങ്കില്‍ മദ്യവിപത്തിന്റെ ഇരയായി ജീവിതം വഴിമുട്ടിയ ആദിവാസി സ്ത്രീകളെയും കുട്ടികളെയും കലക്ടറേറ്റ് ഉള്‍പ്പെടെയുള്ള ജില്ലയിലെ സര്‍ക്കാര്‍ ഓഫിസുകളില്‍ താമസിപ്പിക്കേണ്ടിവരുമെന്നു സമരക്കാര്‍ മുന്നറിയിപ്പ് നല്‍കി.
കല്‍പ്പറ്റ ഗവ. ആശുപത്രി പരിസരത്ത് നിന്നാരംഭിച്ച മാര്‍ച്ചിന് ഓമന ജോയി, ശാന്ത കുമാരി, രമേഷ് മുണ്ടേരി, മുകുന്ദന്‍ ചീങ്ങേരി, അണ്ണന്‍ മടക്കിമല, വി ടി കുമാര്‍, അഫ്‌സല്‍ ചീരാല്‍, വില്‍സണ്‍ കുളത്തിങ്കല്‍, ഹര്‍ഷല്‍ കോനാടന്‍ നേതൃത്വം നല്‍കി. ജഷീര്‍ പള്ളിവയല്‍, എന്‍ മണിയപ്പന്‍, പി ആര്‍ ചന്ദ്രന്‍, പി കെ രാധാകൃഷ്ണന്‍, മാക്ക പയ്യംപള്ളി, രമേഷ് കോയാലിപ്പുര, സാം പി മാത്യു, മേഴ്‌സി ജോസ്, മുജീബ് റഹ്മാന്‍, സുലോചന രാമകൃഷ്ണന്‍ സംസാരിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 32 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക