|    Sep 25 Tue, 2018 4:53 pm
FLASH NEWS

മാനന്തവാടി, കല്‍പ്പറ്റ ബ്ലോക്കുകള്‍ ഇനി പ്രത്യേക ക്ഷീര മേഖല

Published : 6th January 2018 | Posted By: kasim kzm

സുല്‍ത്താന്‍ ബത്തേരി: മാനന്തവാടി, കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്തുകളെ പ്രത്യേക ക്ഷീരമേഖലയായി പ്രഖ്യാപിച്ചു. ജില്ലാ ക്ഷീരകര്‍ഷക സംഗമവും സുല്‍ത്താന്‍ ബത്തേരി ഐസ്‌ക്രീം പ്ലാന്റ് ഉദ്ഘാടനവും ടൗണ്‍ഹാളില്‍ നിര്‍വഹിക്കവെയാണ് വനം, മൃഗസംരക്ഷണ, ക്ഷീരവികസന മന്ത്രി അഡ്വ. കെ രാജു ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. ഇതോടെ ഈ ബ്ലോക്കുകളില്‍ നടപ്പാക്കുന്ന സാധാരണ ക്ഷീരപദ്ധതികള്‍ക്കു പുറമെ വര്‍ഷം 50 ലക്ഷം രൂപ കൂടി ലഭിക്കും. 2.5 കോടി രൂപയുടെ അധിക പദ്ധതികളാണ് അഞ്ചു വര്‍ഷങ്ങള്‍കൊണ്ട് മാനന്തവാടി, കല്‍പ്പറ്റ ബ്ലോക്കുകളില്‍ നടപ്പാക്കാന്‍ കഴിയുകയെന്നും മന്ത്രി പറഞ്ഞു. ക്ഷീരോല്‍പാദനത്തിലും സംഭരണത്തിലും സ്വയംപര്യാപ്തത കൈവരിക്കാന്‍ വേണ്ടിയുള്ള ശ്രമങ്ങളുടെ ഭാഗമായി സംസ്ഥാന ആസൂത്രണ ബോര്‍ഡിന്റെ നിര്‍ദേശപ്രകാരമാണ് പ്രഖ്യാപനം. കന്നുകുട്ടികളെ ദത്തെടുക്കുന്ന പദ്ധതികളും ഉടന്‍ നടപ്പാക്കും. ന്യായമായ വില ലഭിക്കാത്തതിനാല്‍ കര്‍ഷകര്‍ നിരാശയിലാണെങ്കിലും പ്രത്യാശയുടെ മേഖലയാണ് ക്ഷീരമേഖല. 2017-18 ബജറ്റില്‍ 107 കോടി രൂപയാണ് മേഖലക്കായി സര്‍ക്കാര്‍ നീക്കിവച്ചത്. തദ്ദേശസ്ഥാപനങ്ങളുടെ വിഹിതമായ 300 കോടി രൂപയടക്കം 407 കോടി രൂപ ക്ഷീരമേഖലയിലെ വിവിധ പദ്ധതികള്‍ക്കായി നടപ്പുവര്‍ഷം അനുവദിച്ചിട്ടുണ്ട്. ക്ഷീരകര്‍ഷക സമ്മേളനങ്ങളില്‍ ഉയരുന്ന ആവശ്യങ്ങള്‍ക്കായിരിക്കും പദ്ധതികള്‍ തയ്യാറാക്കുമ്പോള്‍ മുന്തിയ പരിഗണന. അതിനാല്‍ കര്‍ഷക സമ്മേളനങ്ങളില്‍ ക്ഷീരകര്‍ഷകരുടെ പ്രാതിനിധ്യം കൂടുതല്‍ വേണം. ക്ഷീരവകുപ്പിലെ ഉദ്യോഗസ്ഥര്‍ സമയാസമയങ്ങളില്‍ സംഘങ്ങള്‍ സന്ദര്‍ശിച്ച് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തണം. അംഗങ്ങള്‍ ക്ഷേമനിധിയിലേക്ക് അടക്കുന്ന വരിസംഖ്യ യഥാസമയം ബോര്‍ഡില്‍ നിക്ഷേപിക്കണമെന്നും മന്ത്രി നിര്‍ദേശിച്ചു. വന്യജീവികളുടെ ആക്രമണം തടയുന്നതിന് സുരക്ഷാ വേലികള്‍ സ്ഥാപിക്കാനായി കൂടുതല്‍ തുക അനുവദിക്കുമെന്നും കര്‍ഷകര്‍ക്കു നേരിടുന്ന നഷ്ടം നികത്താനുള്ള നടപടികള്‍ക്ക് താമസം നേരിടുന്ന സാഹചര്യം ഒഴിവാക്കുമെന്നും മന്ത്രി പറഞ്ഞു. ചടങ്ങില്‍ മുഖ്യമന്ത്രിയുടെ ഓഖി ദുരിതാശ്വാസ നിധിയിലേക്ക് ജില്ലയിലെ ക്ഷീരമേഖല സമാഹരിച്ച ഒരു ലക്ഷം രൂപയുടെ ചെക്ക് ചടങ്ങില്‍ മന്ത്രിക്ക് കൈമാറി. വയനാട് മില്‍ക്ക് ഐസ്‌ക്രീമിന്റെ ആദ്യ വില്‍പനയും മന്ത്രി നിര്‍വഹിച്ചു. സി കെ ശശീന്ദ്രന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി ഉഷാകുമാരി, മില്‍മ ചെയര്‍മാന്‍ പി ടി ഗോപാലക്കുറുപ്പ്, നഗരസഭാ ചെയര്‍മാന്‍ സി കെ സഹദേവന്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതാ ശശി, നെന്മേനി പഞ്ചായത്ത് പ്രസിഡന്റ് കറപ്പന്‍, മീനങ്ങാടി പഞ്ചായത്ത് പ്രസിഡന്റ് ബീനാ വിജയന്‍, ക്ഷീരസംഘം പ്രസിഡന്റ് കെ കെ പൗലോസ്, ക്ഷീരവികസന വകുപ്പ് ഡയറക്ടര്‍ അബ്രഹാം ടി ജോസഫ്, ക്ഷീരകര്‍ഷക ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ അഡ്വ. എന്‍ രാജന്‍, പി ആര്‍ ജയപ്രകാശ്, ജോഷി ജോസഫ് സംസാരിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss