|    Oct 17 Wed, 2018 7:12 pm
FLASH NEWS

മാനന്തവാടി എക്‌സൈസ് ഓഫിസ് പരാധീനതകളാല്‍ വീര്‍പ്പുമുട്ടുന്നു

Published : 14th September 2017 | Posted By: fsq

 

മാനന്തവാടി: പിടിച്ചെടുത്ത വാഹനങ്ങള്‍ നിര്‍ത്തിയിടാനും ജീവനക്കാര്‍ക്ക് വിശ്രമിക്കാനും സൗകര്യങ്ങളില്ലാതെ പീച്ചംകോട് വാടകക്കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന മാനന്തവാടി എക്‌സൈസ് റേഞ്ച് ഓഫിസ് പ്രവര്‍ത്തനം നാള്‍ക്കുനാള്‍ ദുരിതപൂര്‍ണമാവുന്നു. കഴിഞ്ഞ 16 വര്‍ഷമായി ഇവിടെ പ്രവര്‍ത്തിക്കുന്ന ഓഫിസ് സൗകര്യപ്രദമായ സ്ഥലത്തേക്ക് മാറ്റണമെന്ന ആവശ്യം ശക്തമാവുകയാണ്. ജില്ലയില്‍ മൂന്ന് എക്‌സൈസ് സര്‍ക്കിളുകള്‍ക്കു കീഴിലായി മൂന്നു റേഞ്ച് ഓഫിസുകളാണ് നിലവിലുള്ളത്. ഇവയെല്ലാം തന്നെ വാടകക്കെട്ടിടങ്ങളിലാണ് പ്രവര്‍ത്തനം. എന്നാല്‍, മാനന്തവാടി റേഞ്ച് എക്‌സൈസ് ഓഫിസാണ് അസൗകര്യങ്ങളുടെ നടുവില്‍ ഏറ്റവുമധികം വീര്‍പ്പുമുട്ടുന്നത്. 2011 നവംബര്‍ മുതലാണ് പൊരുന്നന്നൂര്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തോട് ചേര്‍ന്നുള്ള രണ്ടു സ്വകാര്യ ക്വാട്ടേഴ്‌സ് മുറികളിലായി ഓഫിസ് പ്രവര്‍ത്തനം തുടങ്ങിയത്. നിലവില്‍ ഓഫിസിന് ചുറ്റുമായി ചെറുതും വലുതുമായ 38  വാഹനങ്ങള്‍ പിടിച്ചെടുത്ത് പാര്‍ക്ക് ചെയ്തിട്ടുണ്ട്. സ്വകാര്യ വ്യക്തികളുടെ വീടുകളിലേക്കുള്ള വഴികളില്‍ പോലും വാഹനങ്ങള്‍ നിര്‍ത്തിയിട്ടിരിക്കുകയാണ്. പിടിച്ചെടുത്ത വാഹനങ്ങള്‍ ലേലം ചെയ്തു നല്‍കാന്‍ നടപടിയില്ല. ഇതു പ്രശ്‌നം കൂടുതല്‍ സങ്കീര്‍ണമാക്കി. വെള്ളമുണ്ട, മാനന്തവാടി, തലപ്പുഴ, തിരുനെല്ലി, പനമരം പോലിസ് സ്‌റ്റേഷന്‍ പരിധികളുള്ള എക്‌സൈസ് റേഞ്ച് ഓഫിസില്‍ മൂന്നു വനിതാ ജീവനക്കരുള്‍പ്പെടെ 20 പേരാണ് നിലവില്‍. വനിതാ ജീവനക്കാര്‍ക്കും കേസുകളില്‍ പിടികൂടുന്ന പ്രതികള്‍ക്കുമെല്ലാമായി ഒരു ടോയ്‌ലറ്റ് മാത്രമാണ് കെട്ടിടത്തിലുള്ളത്. ഫയലുകള്‍ സൂക്ഷിക്കാനും വിശ്രമിക്കാനുമായി ഇടുങ്ങിയ മുറികള്‍ മാത്രം. നാലുവര്‍ഷം മുമ്പ് വനിതാ ഗാര്‍ഡുമാരെ സര്‍വീസിലെടുത്തെങ്കിലും ഓഫിസുകളില്‍ ഇവര്‍ക്കായി യാതൊരു പ്രത്യേക സൗകര്യങ്ങളും ഒരുക്കിയില്ല. പരാധീനതകള്‍ക്കിടയില്‍ വീര്‍പ്പുമുട്ടുമ്പോഴും ഓണത്തോടനുബന്ധിച്ച് നടത്തിയ പ്രത്യേക പരിശോധനകളില്‍ 35 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. 23 അബ്കാരി കേസുകളിലായി 420 ലിറ്റര്‍ വാഷും 21 ലിറ്റര്‍ നാടന്‍ ചാരായവും 32.5 ലിറ്റര്‍ ഇന്ത്യന്‍ നിര്‍മിത വിദേശമദ്യവും പിടിച്ചെടുത്തു. 12 നാര്‍കോട്ടിക് കേസുകളിലായി കഞ്ചാവ് ചെടികളും 805 ഗ്രാം കഞ്ചാവും റേഞ്ച് ഓഫിസറുടെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയിരുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss