|    Oct 18 Wed, 2017 4:59 pm
FLASH NEWS

മാനന്തവാടിയില്‍ 31നകം ക്ഷേമപെന്‍ഷന്‍ വിതരണം ചെയ്യും: നഗരസഭാ ചെയര്‍മാന്‍

Published : 27th August 2016 | Posted By: SMR

മാനന്തവാടി: നഗരസഭയിലെ മുഴുവന്‍ പെന്‍ഷന്‍ ഗുണഭോക്താക്കള്‍ക്കും 31നകം പെന്‍ഷന്‍ ലഭിക്കുന്നതിനുള്ള നടപടികള്‍ പൂര്‍ത്തീകരിച്ചതായി ചെയര്‍മാന്‍ വി ആര്‍ പ്രവീജ് അറിയിച്ചു. നഗരസഭയിലെ സിഡിഎസ് ചെയര്‍പേഴ്‌സണ്‍ പെന്‍ഷന്‍ വിതരണം അട്ടിമറിക്കാന്‍ നടത്തിയ നീക്കമാണ് കാലതാമസത്തിന് ഇടയാക്കിയത്.
പെന്‍ഷന്‍ ഗുണഭോക്താക്കളുടെ കൈകളില്‍ എത്തിക്കുന്നതിനാണ് സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചത്. ഇതിനുള്ള ഡാറ്റാ എന്‍ട്രി തയ്യാറാക്കുന്നതിന് കുടുംബശ്രീയെയാണ് സര്‍ക്കാര്‍ ചുമതലപ്പെടുത്തിയത്. മാനന്തവാടിയിലെ സിഡിഎസ് ചെയര്‍പേഴ്‌സണ്‍ സിഡിഎസ് എക്‌സിക്യൂട്ടീവില്‍ പോലും ആലോചിക്കാതെ ഡാറ്റാ എന്‍ട്രി തയ്യാറാക്കുന്നവരെ നിശ്ചയിക്കുകയാണുണ്ടായത്.
ഇത് അംഗീകരിക്കാനാവില്ലെന്ന് നഗരസഭ അറിയച്ചതാണ്. നഗരസഭയുമായി ആലോചിച്ച് ആളുകളെ നിയമിക്കാന്‍ ഇവര്‍ തയ്യാറായില്ല. മാത്രവുമല്ല, നഗരസഭാ കൗണ്‍സിലര്‍മാരുടെ യോഗം നിയമവിരുദ്ധമായി വിളിച്ചു ചേര്‍ക്കാന്‍ സിഡിഎസ് ചെയര്‍പേഴ്‌സണ്‍ മുതിരുകയാണുണ്ടായത്. കൗണ്‍സിലര്‍മാരുടെ യോഗം വിളിച്ചു ചേര്‍ക്കാന്‍ ചെയര്‍മാന് മാത്രമാണ് അധികാരമുള്ളത്. സിഡിഎസ് ചെയര്‍പേഴ്‌സന്റെ ഏകപക്ഷീയമായ നടപടിക്കെതിരേ എക്‌സിക്യൂട്ടീവിലെ 23ല്‍ 13 അംഗങ്ങളും വിയോജനക്കുറിപ്പ് രേഖപ്പെടുത്തിയതുമാണ്.
സിഡിഎസ് ചെയര്‍പേഴ്‌സണ്‍ നടത്തുന്ന നിയമവിരുദ്ധവും ഏകപക്ഷീയവുമായ സമീപനത്തിനെതിരേ ജില്ലാ കലക്ടര്‍ക്കും കുടുംബശ്രീ ജില്ലാ മിഷന്‍ കോ-ഓഡിനേറ്റര്‍ക്കും പരാതി നല്‍കിയതാണ്. പരാതിയെ കുറിച്ച് അന്വേഷിക്കുന്നതിനു പകരം സിഡിഎസ് ചെയര്‍പേഴ്‌സനെ സംരക്ഷിക്കാനുള്ള ശ്രമമാണ് ജില്ലാ കോ-ഓഡിനേറ്ററും നടത്തിയത്. നഗരസഭയിലെ 4,597 പെന്‍ഷന്‍കാര്‍ക്കും പെന്‍ഷന്‍ വൈകുന്നതിന് ജില്ലാ കോ-ഓഡിനേറ്ററും കുറ്റകരമായ അനാസ്ഥയാണ് കാണിച്ചത്- ചെയര്‍മാന്‍ പറഞ്ഞു.
അതേസമയം,  ഓണത്തിനു മുമ്പ് നഗരസഭയിലെ ക്ഷേമപെന്‍ഷനുകള്‍ വിതരണം ചെയ്തില്ലെങ്കില്‍  പ്രക്ഷോഭം നടത്തുമെന്നു യുഡിഎഫ് അംഗങ്ങള്‍ വാര്‍ത്താസമ്മേളനത്തില്‍ മുന്നറിയിപ്പ് നല്‍കി.
ഏകദേശം 5,000ത്തോളം പേര്‍ക്കായി 2.58 കോടി രൂപയാണ് വിതരണം ചെയ്യേണ്ടത്. നടപടിയില്ലാത്തപക്ഷം ബഹുജനങ്ങളെ അണിനിരത്തി സമരം തുടങ്ങും. വാര്‍ത്താസമ്മേളനത്തില്‍ ജേക്കബ് സെബാസ്റ്റ്യന്‍, ബി ഡി അരുണ്‍കുമാര്‍, സ്റ്റെര്‍വിന്‍ സ്റ്റാനി, സ്വപ്‌ന ബിജു പങ്കെടുത്തു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക