|    Nov 22 Wed, 2017 12:43 pm
FLASH NEWS

മാനന്തവാടിയിലെ അനധികൃത കൈയേറ്റം; വന്‍കിടക്കാരെ സംരക്ഷിക്കാനുള്ള നീക്കത്തിനെതിരേ സിപിഐ

Published : 29th October 2016 | Posted By: SMR

മാനന്തവാടി: നഗരത്തിലെ തെരുവു കച്ചവടക്കാരെ ബലിയാടാക്കി വന്‍കിടക്കാരെ സംരക്ഷിക്കാനുള്ള നീക്കത്തിനെതിരേ ശക്തമായ പ്രക്ഷോഭം ആരംഭിക്കുമെന്നു സിപിഐ ലോക്കല്‍ കമ്മിറ്റി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ മുന്നറിയിപ്പ് നല്‍കി. മാനന്തവാടി ടൗണ്‍ വികസനത്തിന്റെ ഭാഗമായി അനധികൃത കെട്ടിട നിര്‍മാണത്തിനും പാര്‍ക്കിങ് ഏരിയകള്‍ അനധികൃതമായി കച്ചവട മുറികളാക്കി തിരിച്ചതിനുമെതിരേ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് മണ്ഡലം കമ്മിറ്റി സബ് കലക്ടര്‍ക്കും മുനിസിപ്പല്‍ അധികൃതര്‍ക്കും പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് എല്ലാ രാഷ്ട്രീയ പ്രതിനിധികളും ഉള്‍പ്പെടുന്ന ട്രാഫിക് അഡൈ്വസറി യോഗം വിളിച്ചുചേര്‍ക്കുകയും മുഴുവന്‍ അനധികൃത നിര്‍മാണത്തിനുമെതിരേ നടപടി സ്വീകരിക്കുമെന്ന് ഉറപ്പും നല്‍കി. ഇതിന്റെ ഭാഗമായി വഴിയോര കച്ചവടക്കാരെ ഒഴിപ്പിക്കുമെന്നും ഒഴിവാക്കപ്പെടുന്ന അര്‍ഹരെ പുനരധിവസിപ്പിക്കാന്‍ നടപടി സ്വീകരിക്കുമെന്നും അറിയിച്ചിരുന്നു. തുടര്‍ന്ന് സബ് കലക്ടര്‍, തഹസില്‍ദാര്‍, മുനിസിപ്പല്‍ ചെയര്‍മാന്‍, സെക്രട്ടറി പൊതുമരാമത്ത് അസിസ്റ്റന്റ് എന്‍ജിനീയര്‍, സിഐ, ടൗണ്‍പ്ലാനര്‍ എന്നിവരുള്‍പ്പെട്ട കമ്മിറ്റി രൂപീകരിച്ച് പ്രവര്‍ത്തനമാരംഭിച്ചെങ്കിലും ചില വഴിയോരക്കച്ചവടക്കാരെ മാത്രം ഒഴിപ്പിച്ച് നടപടി അവസാനിപ്പിക്കുകയാണുണ്ടായത്. പൊതുസ്ഥലങ്ങള്‍ കൈയേറി അനധികൃതമായി കച്ചവടം ചെയ്യുന്ന ചിലര്‍ക്കെതിരേ മാത്രം നടപടിയില്ല. വന്‍കിടക്കാര്‍ക്കെതിരേയും നടപടിയെടുത്തില്ല. ഇവര്‍ക്കൊക്കെ നിയമപരിരക്ഷ ലഭിക്കുന്നതിന് അധികൃതര്‍ ബോധപൂര്‍വം അവസരം സൃഷ്ടിച്ചു കൊടുക്കുകയാണ്. പുനരധിവാസവും നടപ്പായില്ല. ഒഴിപ്പിക്കപ്പെട്ട അര്‍ഹരായ വഴിയോരക്കച്ചവടക്കാരെ പുനരധിവസിപ്പിക്കണമെന്നും വന്‍കിടക്കാര്‍ക്കെതിരേ ശക്തമായ നടപടി സ്വീകരിച്ച് ടൗണ്‍ വികസനം ഉറപ്പുവരുത്തണമെന്നുമാണ് സിപിഐ നിലപാട്. സര്‍വകക്ഷി യോഗത്തിലെടുത്ത തീരുമാനം പക്ഷപാതപരമായി നടപ്പാക്കുന്ന സബ് കലക്ടറുടെയും മുനിസിപ്പാലിറ്റി അധികൃതരുടെയും നിലപാടില്‍ പ്രതിഷേധിച്ചാണ് പ്രക്ഷോഭം ആരംഭിക്കുന്നത്. ആദ്യഘട്ടമായി നവംബര്‍ മൂന്നിന് മുനിസിപ്പല്‍ ഓഫിസ് മാര്‍ച്ച് സംഘടിപ്പിക്കുമെന്നും നേതാക്കള്‍ പറഞ്ഞു. ഇ ജെ ബാബു, ജോണി മറ്റത്തിലാനി, എല്‍ സോമന്‍നായര്‍, വി കെ ശശിധരന്‍, കെ സജീവന്‍ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക