|    Nov 18 Sun, 2018 4:55 am
FLASH NEWS
Home   >  Editpage  >  Editorial  >  

മാനനഷ്ടക്കേസ് രാഷ്ട്രീയ ആയുധമല്ല

Published : 26th August 2016 | Posted By: SMR

രാഷ്ട്രീയ എതിരാളികളെ നിശ്ശബ്ദരാക്കുകയെന്ന ലക്ഷ്യത്തോടെ അപകീര്‍ത്തിക്കേസ് നടപടികള്‍ സ്വീകരിക്കുന്ന തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയ്ക്ക് കഴിഞ്ഞ ദിവസം സുപ്രിംകോടതി വളരെ പ്രസക്തമായ ഉപദേശം നല്‍കി. ആരെങ്കിലും സര്‍ക്കാര്‍ നയത്തെ വിമര്‍ശിക്കുന്നതും പൊതുനേതാവിനെ എതിര്‍ക്കുന്നതും നേരിടുകയാണു വേണ്ടതെന്നും വിമര്‍ശനം അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ സംവിധാനം ഉപയോഗിക്കുകയല്ലെന്നുമായിരുന്നു കോടതിയുടെ ഉപദേശം.
തനിക്കെതിരേ അഴിമതിയാരോപണമുന്നയിച്ച കഴിഞ്ഞ സഭയിലെ പ്രതിപക്ഷനേതാവ് ഡിഎംഡികെ നേതാവ് വിജയകാന്തിനെതിരേ മുഖ്യമന്ത്രി അപകീര്‍ത്തിക്കേസ് ഫയല്‍ ചെയ്തിരുന്നു. അത് ചോദ്യംചെയ്ത് വിജയകാന്ത് നല്‍കിയ ഹരജി പരിഗണിക്കവെയാണ് ജസ്റ്റിസുമാരായ ദീപക് മിശ്ര, രോഹിങ്ടണ്‍ നരിമാന്‍ എന്നിവരടങ്ങിയ ബെഞ്ചിന്റെ പരാമര്‍ശം.
വിചാരണയുടെ അവസാന നാളില്‍ തമിഴ്‌നാട് സര്‍ക്കാര്‍ നല്‍കിയ അപകീര്‍ത്തിക്കേസുകളുടെ പട്ടിക കോടതി ആവശ്യപ്പെട്ടിരുന്നു. ആഗസ്ത് 17ന് തമിഴ്‌നാട് സര്‍ക്കാര്‍ തങ്ങള്‍ നല്‍കിയ അപകീര്‍ത്തിക്കേസുകളുടെ പട്ടിക സുപ്രിംകോടതിക്ക് സമര്‍പ്പിച്ചു. അഞ്ചു വര്‍ഷത്തിനിടെ മൊത്തം 213 കേസുകള്‍ തമിഴ്‌നാട് സര്‍ക്കാര്‍ നല്‍കി. ഇതില്‍ 85ഉം മുഖ്യ പ്രതിപക്ഷമായ ഡിഎംകെയ്ക്ക് എതിരേ. 48 എണ്ണം എംഡിഎംകെയ്ക്കും 55 കേസുകള്‍ മാധ്യമങ്ങള്‍ക്കും എതിരേയായിരുന്നു. നീണ്ട കേസ് പട്ടിക കണ്ട് ഞെട്ടിയ സുപ്രിംകോടതി രാഷ്ട്രീയ എതിരാളികളെ നിശ്ശബ്ദരാക്കുന്നതിനായി മാനനഷ്ടക്കേസ് നല്‍കുന്ന ജയലളിതയെയും തമിഴ്‌നാട് മന്ത്രിസഭയെയും ഒരിക്കല്‍ക്കൂടി രൂക്ഷമായി വിമര്‍ശിച്ചു. ജയലളിതയുടെ ആരോഗ്യസ്ഥിതി റിപോര്‍ട്ട് ചെയ്തതതിനുപോലും മാനനഷ്ടക്കേസെടുത്ത കാര്യം ചൂണ്ടിക്കാട്ടിയ കോടതി സര്‍ക്കാര്‍ സംവിധാനം ഉപയോഗപ്പെടുത്തി ഇത്രയേറെ മാനനഷ്ടക്കേസുകള്‍ നടത്തിയ മറ്റൊരു സംസ്ഥാനവും തമിഴ്‌നാട് പോലെ ഇല്ലെന്നുകൂടി അഭിപ്രായപ്പെട്ടു. അപകീര്‍ത്തിക്കേസ് ആരോഗ്യകരമായ ജനാധിപത്യത്തിന്റെ അടയാളമല്ലെന്ന് ഓര്‍മിപ്പിച്ച ജഡ്ജിമാര്‍ സ്വന്തം നയങ്ങള്‍ക്കെതിരായ വിമര്‍ശനമേറ്റുവാങ്ങാന്‍ തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയെ ഉപദേശിക്കുകയും ചെയ്തു.
മാനനഷ്ടക്കേസ് രാഷ്ട്രീയ ആയുധമല്ല. സര്‍ക്കാരിനെ വിമര്‍ശിച്ചതിന് ഒരു വ്യക്തിയെ മാനനഷ്ടക്കേസില്‍ ശിക്ഷാനടപടിക്കു വിധേയമാക്കാന്‍ കഴിയില്ല. രാഷ്ട്രീയ എതിരാളികള്‍ക്കെതിരേ അപകീര്‍ത്തിക്കേസ് ഫയല്‍ ചെയ്യാന്‍ നിങ്ങള്‍ക്ക് സംസ്ഥാന മെഷിനറി ഉപയോഗപ്പെടുത്താനാവില്ല- എതിര്‍ശബ്ദങ്ങളെ അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്ന മുഖ്യമന്ത്രി ജയലളിതയ്ക്ക് സുപ്രിംകോടതി വ്യക്തമായ താക്കീത് നല്‍കി. പബ്ലിക് പ്രോസിക്യൂട്ടര്‍ സ്ഥാനം വെറും തപാലോഫിസ് അല്ലെന്നും അല്‍പ്പം കൂടി ബുദ്ധി പ്രയോഗിക്കണമെന്നും കോടതി ആവശ്യപ്പെടുകയും ചെയ്തു.
അധികാരം കൈയാളുന്നവര്‍ സ്വന്തം താല്‍പര്യസംരക്ഷണത്തിനുവേണ്ടി നിയമം ദുരുപയോഗം ചെയ്യുന്നതിനെതിരേ ശക്തമായ താക്കീതാണ് സുപ്രിംകോടതി നല്‍കിയത്. തങ്ങള്‍ വിമര്‍ശനങ്ങള്‍ക്കതീതരാണെന്നു ധരിക്കുന്ന എല്ലാ പൊതുപ്രവര്‍ത്തകരും മനസ്സില്‍ സൂക്ഷിക്കേണ്ട പാഠമാണിത്. വിമര്‍ശനങ്ങള്‍ പുഞ്ചിരിയോടെ സ്വീകരിക്കൂ, തെറ്റു പറ്റിയെങ്കില്‍ തിരുത്തൂ. അതാണ് ജനാധിപത്യത്തിന്റെ കാതല്‍.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss