|    Apr 26 Thu, 2018 9:07 am
FLASH NEWS

മാനദണ്ഡങ്ങള്‍ ലംഘിച്ച് കെട്ടിടങ്ങള്‍ക്ക് അനുമതി നല്‍കിയെന്ന്

Published : 12th July 2016 | Posted By: SMR

തിരുവനന്തപുരം: തീരദേശ പരിപാലന നിയമവും കേരള മുനിസിപ്പല്‍ കെട്ടിടനിര്‍മാണ നിയമവും വ്യാപകമായി ലംഘിച്ച് കോര്‍പറേഷന്‍ പരിധിയില്‍ വന്‍തോതില്‍ കെട്ടിടനിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടന്നെന്ന് സിഎജി റിപോര്‍ട്ട്. തിരുവനന്തപുരത്ത് വിഴിഞ്ഞത്തും വേളിയിലും അനധികൃതമായ നിര്‍മാണം നടന്നു. തീരദേശ പരിപാലന നിയമം ലംഘിച്ച് പണി തുടങ്ങിയ ദി ബീച്ച് ഹോട്ടലിന്റെയും സാഗര ബീച്ച് റിസോര്‍ട്ടിന്റെയും നിര്‍മാണാനുമതി ട്രൈബ്യൂണ ല്‍ റദ്ദാക്കിയിരുന്നു. എന്നാല്‍, ട്രൈബ്യൂണലിനു മുമ്പാകെ ആവശ്യമായ രേഖകള്‍ ഹാജരാക്കുന്നതില്‍ കോര്‍പറേഷന്‍ പരാജയപ്പെട്ടെന്ന് റിപോര്‍ട്ട് കുറ്റപ്പെടുത്തുന്നു.
വേലിയേറ്റമേഖലയില്‍ നിന്നു 200 മീറ്ററിനുള്ളിലായിരുന്നു ഈ രണ്ടു കെട്ടിടങ്ങളും സ്ഥിതി ചെയ്യുന്നത്. തീരദേശ സംരക്ഷണ നിയമം ലംഘിച്ചുകൊണ്ട് 1300 നിര്‍മിതികള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് വിജിലന്‍സ് സ്‌ക്വാഡുകള്‍ റിപോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍, ആ ലംഘനങ്ങളില്‍ നോട്ടീസ് നല്‍കിയതൊഴിച്ചാല്‍ ഒരു നടപടിയും കോര്‍പറേഷന്‍ എടുത്തിട്ടില്ലെന്നും റിപോര്‍ട്ട് കുറ്റപ്പെടുത്തി. ആറ്റിപ്ര വില്ലേജില്‍ 21 നിലകളുള്ള അപാര്‍ട്ട്‌മെന്റ് പണിയുന്നതില്‍ സിഇസെഡ്എംഎയുടെ അംഗീകാരം കോര്‍പറേഷന്‍ ആവശ്യപ്പെട്ടിരുന്നില്ല.
നിര്‍മാണം 100 മീറ്റര്‍ പരിധിക്കു പുറത്താണെന്നാണ് കോര്‍പറേഷന്‍ പറഞ്ഞിരുന്നത്. എന്നാല്‍, കോര്‍പറേഷന്‍ നേരത്തെ നല്‍കിയ റിപോര്‍ട്ടില്‍ ഇത് ദൂരപരിധിക്കുള്ളിലാണ്. ഇതിനു പുറമേ ഹീര ഡെവലപ്പേഴ്‌സ് വികസന നിരോധന പ്രദേശത്ത് കായല്‍ഭൂമി നികത്തിയെന്ന് സിഇസെഡ്എംഎ കോര്‍പറേഷനെ അറിയിച്ചിരുന്നു. എന്നാല്‍, തങ്ങളുടെ അനുമതി ഇല്ലാതെ നടത്തിയ ഭൂവികസനവും നിര്‍മാണവും നിര്‍ത്തിവെപ്പിക്കുന്നതിന് സെക്രട്ടറി യാതൊരു നടപടിയും എടുത്തില്ല.
കോര്‍പറേഷന്റെ മുഴുവന്‍ പ്രദേശവും വിമാനത്താവളത്തിന്റെ നിയന്ത്രണ ദൂരപരിധിയില്‍ വരുമെങ്കിലും 2011-14 കാലഘട്ടങ്ങളില്‍ 15201 കേസുകളില്‍ അനുമതിപത്രങ്ങള്‍ കോര്‍പറേഷന്‍ നല്‍കിയെങ്കിലും 689 കേസുകളില്‍ മാത്രമേ എയര്‍പോര്‍ട്ട് അതോറിറ്റിയില്‍ നിന്ന് എന്‍ഒസി ആവശ്യപ്പെട്ടുള്ളൂ. ലംഘനങ്ങള്‍ എയര്‍പോര്‍ട്ട് അതോറിട്ടി കോര്‍പറേഷന്റെ ശ്രദ്ധയില്‍ കൊണ്ടുവന്നെങ്കിലും കെട്ടിടങ്ങളുടെ ഉയരം കുറയ്ക്കുന്നതിന് യാതൊരു നടപടിയും കോ ര്‍പറേഷന്‍ കൈക്കൊണ്ടില്ലെന്നും റിപോര്‍ട്ടില്‍ പറയുന്നു.
പേരൂര്‍ക്കട വില്ലേജില്‍ ബിജു രമേശിന്റെ ഹോട്ടല്‍ നിര്‍മാണവും ചട്ടങ്ങള്‍ ലംഘിച്ചാണ്. കോര്‍പറേഷന്‍ അനുമതി കൂടാതെയാണ് 12 നിലകെട്ടിടം നിര്‍മിച്ചിരിക്കുന്നത്. ഇത് തടയാന്‍ കോര്‍പറേഷനു കഴിഞ്ഞില്ലെന്നും റിപോര്‍ട്ടില്‍ കുറ്റപ്പെടുത്തുന്നു. 193.83 ലക്ഷം രൂപയുടെ നികുതി കുടിശ്ശികയും കോര്‍പറേഷന്‍ പിരിച്ചെടുത്തില്ല. സെക്രട്ടേറിയറ്റ് അനക്‌സിന്റെ നിര്‍മാണത്തില്‍ പോലും ചട്ടങ്ങള്‍ ലംഘിച്ചു.
സുരക്ഷാവ്യവസ്ഥകള്‍ പോലും ലംഘിച്ചാണ് അനക്‌സ് നിര്‍മിച്ചത്. കിംസ് ആശുപത്രി കോര്‍പറേഷനില്‍ നിന്ന് അനുമതിപത്രം വാങ്ങാതെയാണ് രണ്ടു ബ്ലോക്കുകളെ ബന്ധിപ്പിക്കുന്നതിനായി ഹൈവേയുടെ കുറുകെ പാലം നിര്‍മിച്ചത്. നിയമലംഘനത്തിലൂടെ നടത്തിയ നിര്‍മാണം നിലനിര്‍ത്താനെടുത്ത കോര്‍പറേഷന്‍ തീരുമാനം ക്രമപ്രകാരമല്ലെന്നും സിഎജി റിപോര്‍ട്ടില്‍ കുറ്റപ്പെടുത്തുന്നു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss