|    Oct 17 Tue, 2017 6:39 pm
FLASH NEWS

‘മാനദണ്ഡങ്ങള്‍ കാറ്റില്‍പ്പറത്തുന്ന സ്ഥലംമാറ്റങ്ങള്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളെ തകര്‍ക്കും

Published : 2nd October 2017 | Posted By: fsq

 

‘മലപ്പുറം: വിശദമായ ചര്‍ച്ചകള്‍ക്കും വിശകലനങ്ങള്‍ക്കും വിധേയമായി രൂപപ്പെടുത്തിയ ജനറല്‍ ട്രാന്‍സ്ഫര്‍ മാനദണ്ഡങ്ങള്‍ കാറ്റില്‍പ്പറത്തി പുറത്തിറക്കിയിരിക്കുന്ന അധ്യാപക സ്ഥലംമാറ്റ ലിസ്റ്റ് ഹയര്‍ സെക്കണ്ടറി വിദ്യാഭ്യാസത്തെ തകര്‍ക്കാനേ ഉപകരിക്കൂ എന്ന് കെഎച്ച്എസ്ടിയു  മലപ്പുറം ജില്ലാ കമ്മിറ്റി കുറ്റപ്പെടുത്തി. സ്ഥലം മാറ്റ പീഡനമാണ് ഹയര്‍ സെക്കന്‍ഡറിയില്‍ ഇപ്പോള്‍ നടക്കുന്നത്. കഴിഞ്ഞവര്‍ഷം നിര്‍ബന്ധിത സ്ഥലം മാറ്റത്തിന് വിധേയരായവരെ ഈ വര്‍ഷം വീണ്ടും സ്ഥലം മാറ്റിയിരിക്കുന്നു. മൂന്നു വര്‍ഷം ഔട്ട് സ്‌റ്റേഷന്‍ സര്‍വീസ് പൂര്‍ത്തീകരിച്ചവര്‍ക്ക് അവരുടെ ഹോംസ്‌റ്റേഷനിലേക്ക് ട്രാന്‍സ്ഫറിന് അപേക്ഷിക്കാം എന്ന വ്യവസ്ഥ ലംഘിക്കപ്പെട്ടിരിക്കുന്നു. ഹോം സ്‌റ്റേഷന്‍ വിദ്യാഭ്യാസ ജില്ല അടിസ്ഥാനത്തിലാണ്. ഇതനുസരിച്ചാണ് വേക്കന്‍സി പൊസിഷന്‍ പ്രസിദ്ധീകരിച്ചത്. പക്ഷേ മൂന്ന് വര്‍ഷം പൂര്‍ത്തിയാക്കാത്ത അധ്യാപകരെ സ്‌കൂളുകള്‍ ഒപ്ഷനായി പരിഗണിച്ച് നിയമിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. സീനിയോറിറ്റിയും നോംസും ലംഘിച്ചുള്ള ഈ നിയമനങ്ങള്‍ക്കു പിന്നില്‍ അഴിമതിയും സ്വജനപക്ഷപാതവുമുണ്ട്. ജില്ലകളില്‍ ഉണ്ടാവുന്ന ഒഴിവുകളില്‍ മറ്റു ജില്ലകളില്‍ ജോലി ചെയ്യുന്ന അധ്യാപകരെ ക്രമപ്രകാരം നിയമിക്കുന്നതിന് പകരം അധ്യാപകരെ അകാരണമായി സ്ഥലം മാറ്റി ഒഴിവുകള്‍ കൃത്രിമമായി സൃഷ്ടിക്കുന്ന രീതി വലിയ അസ്വസ്ഥതകളാണ് വിദ്യാഭ്യാസ മേഖലയില്‍ ഉണ്ടാക്കുന്നത്. പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന് കോടികള്‍ പൊടിക്കുമ്പോള്‍ മറുഭാഗത്ത് കെടുകാര്യസ്ഥത വിദ്യാഭ്യാസ മേഖലയെ തകര്‍ക്കുന്ന കാഴ്ചയാണ് ഇതില്‍ നിന്ന് മനസ്സിലാവുന്നത്. വിഷയത്തിന്റെ ഗൗരവം ഉള്‍ക്കൊണ്ട് ട്രാന്‍സ്ഫര്‍ നടപടികള്‍ മരവിപ്പിക്കണമെന്ന് കെഎച്ച് എസ്ടിയു ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് എം അബ്ദുല്‍ മജീദ് അധ്യക്ഷത വഹിച്ച യോഗം സംസ്ഥാന ട്രഷറര്‍ സി ടി പി ഉണ്ണിമൊയ്തീന്‍ ഉദ്ഘാടനം ചെയ്തു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക