|    Oct 18 Wed, 2017 4:51 pm
FLASH NEWS

മാനദണ്ഡങ്ങള്‍ കാറ്റില്‍ പറത്തി പുതിയ വാഹനം വാങ്ങാന്‍ കോര്‍പറേഷന്‍ വൈദ്യുതി വിഭാഗത്തിന്റെ നീക്കം

Published : 1st July 2016 | Posted By: SMR

തൃശൂര്‍: കെഎസ്ഇബി മാനദണ്ഡവും സംസ്ഥാന ഇലക്ട്രിസിറ്റി റഗുലേറ്ററി കമ്മീഷന്‍ ഉത്തരവും പൂഴ്ത്തിവച്ച് കോര്‍പറേഷന്‍ വൈദ്യുതിവിഭാഗത്തിന് പുതിയൊരു വാഹനം വാങ്ങാന്‍ തീരുമാനം.
പ്രവര്‍ത്തനചിലവ് കുറക്കുന്നതിന്റെ ഭാഗമായി സെക്ഷന്‍ ഓഫിസുകള്‍ക്ക് സ്വന്തമായി വാഹനം വാങ്ങേണ്ടതില്ലെന്നും വാടകയ്ക്ക് എടുക്കാനുമുള്ള ഇലക്ട്രിസിറ്റി ബോര്‍ഡിന്റെ ഉത്തരവും, പുതിയ വാഹനം വാങ്ങാനുള്ള കോര്‍പറേഷന്‍ വൈദ്യുതിവിഭാഗത്തിന്റെ അപേക്ഷ നിരാകരിച്ചുകൊണ്ടുള്ള റഗുലേറ്ററി കമ്മീഷന്‍ ഉത്തരവും പരിഗണിക്കാതെയാണ് തീരുമാനം. രണ്ട് ഉത്തരവുകളും മറച്ചുവച്ച് അജണ്ട തയ്യാറാക്കി വൈദ്യുതിവിഭാഗം കൗണ്‍സിലിന്റെ അനുമതി നേടുകയായിരുന്നു.
സേവനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനുള്ള റഗുലേറ്ററി കമ്മീഷന്റെ സ്റ്റാന്‍ഡേര്‍ഡ് ഓഫ് പെര്‍ഫോമന്‍സ് ഉത്തരവ് പാലിക്കുന്നതിന് പുതിയ വാഹനം അനിവാര്യമാണെന്ന് ചൂണ്ടിക്കാട്ടി, വൈദ്യുതി സെക്ഷന്‍ ഓഫിസിന് വേണ്ടി എട്ട് ലക്ഷം രൂപ ചിലവാക്കി ഒരു ബൊലേറോ ഇംപീരിയോ പിക് അപ് വാന്‍ വാങ്ങാനാണ് കഴിഞ്ഞ കൗണ്‍സില്‍ അനുമതി നല്‍കിയത്.
വാഹനം വാങ്ങുന്നതിന് റഗുലേറ്ററി കമ്മീഷന്റെ അനുമതി ആവശ്യമാണ്. ഇതനുസരിച്ച് കമ്മീഷന്‍ മുമ്പാകെ അപേക്ഷ നല്‍കിയതില്‍ പ്രകാരമുള്ള വാഹനം വാങ്ങുന്നതിന് ഭരണാനുമതിക്കായാണ് അജണ്ടയില്‍ ചേര്‍ന്ന് കൗണ്‍സില്‍ മുമ്പാകെ അവതരിപ്പിച്ചതെങ്കിലും വാഹനം വാങ്ങാനുള്ള അപേക്ഷ നിരാകരിച്ച് കമ്മീഷന്‍ നല്‍കിയ ഉത്തരവ് കൗണ്‍സിലില്‍ നിന്നും മറച്ചുവച്ചായിരുന്നു വൈദ്യുതിവിഭാഗം അനുമതി നേടിയത്.
വൈദ്യുതി ബോര്‍ഡിന്റെ സേവന-വേതന മാനദണ്ഡം അടിസ്ഥാനമാക്കിയാണ് കോര്‍പറേഷന്‍ വൈദ്യുതിവിഭാഗം പ്രവര്‍ത്തിക്കുന്നത്. സെക്ഷനുകളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് സ്വന്തം വണ്ടി വാങ്ങേണ്ടതില്ലെന്നും വാടകയ്ക്ക് എടുത്താല്‍ മതിയെന്നുമാണ് ബോര്‍ഡിലെ മാനഭണ്ഡം. 24 മണിക്കൂറും സേവനത്തിനായി 30,000 രൂപയാണ് ബോര്‍ഡ് രണ്ട് ഡ്രൈവര്‍മാരുടെ സേവനമുള്‍പ്പെടെ വാഹനവാടകയായി ചിലവാക്കുന്നത്.
യൂണിയനുകളുമായി ചര്‍ച്ച ചെയ്തുണ്ടാക്കിയ ധാരണയനുസരിച്ച് ഈ ഇനത്തില്‍ മാത്രം കോടികളുടെ ലാഭമാണ് വൈദ്യുതി ബോര്‍ഡുണ്ടാക്കിയത്. വണ്ടി വിലയും പരിപാലനവും ഡ്രൈവര്‍മാരുടെ ശമ്പളവുമായി ലക്ഷങ്ങളാണ് കോര്‍പറേഷന്‍ ഓരോ മാസവും ചിലവാക്കിയിരുന്നത്. മാസം 70,000 രൂപവരെയാണ് വൈദ്യുതിവിഭാഗത്തിലെ ഒരു ഡ്രൈവറുടെ മാത്രം ശമ്പളം.
ഒരു സെക്ഷന് 20,000 കണക്ഷന്‍ കണക്കാക്കി 36,000 മാത്രം കണക്ഷനുകളുള്ള കോര്‍പറേഷനില്‍, വൈദ്യുതി ബോര്‍ഡിലെ മാനദണ്ഡമനുസരിച്ച് രണ്ട് സെക്ഷന്‍ മതിയെന്നിരിക്കെ നാലു സെക്ഷനുകളും ആവശ്യമായതിന്റെ ഇരട്ടി ജീവനക്കാരുമാണ് ഇന്നുള്ളത്.
നാല് വാഹനങ്ങളും സ്വന്തമായി വൈദ്യുതിവിഭാഗത്തിനുണ്ട്. അതിന് പുറമെയാണ് സേവനം മെച്ചപ്പെടുത്താന്‍ അഞ്ചാമതൊരു വാഹനം കൂടി വാങ്ങാനുള്ള തീരുമാനം. കോര്‍പറേഷന്‍ വൈദ്യുതി വിഭാഗത്തിന്റെ നാലു സെക്ഷനുകളുടെ പ്രവര്‍ത്തനപരിധി വെറും 12.65 ച.കിലോമീറ്ററാണ്. അതേസമയം 100 ച.കിലോമീറ്റര്‍ വരെയാണ് വൈദ്യുതി ബോര്‍ഡിലെ ഒരു സെക്ഷന്‍ ഓഫിസിന്റെ പ്രവര്‍ത്തനപരിധി.
ചിലവ് ചുരുക്കാനും, സേവനം മെച്ചപ്പെടുത്താനും ഇലക്ട്രിസിറ്റി ബോര്‍ഡും റഗുലേറ്ററി കമ്മീഷനുമെല്ലാം ഒരുപാട് പരിഷ്‌കാരങ്ങള്‍ നടപ്പാക്കിയെങ്കിലും ജീവനക്കാര്‍ക്ക് യോജിപ്പില്ലാത്ത ഉത്തരവുകള്‍ എല്ലാം കൗണ്‍സിലില്‍നിന്നും മറച്ച് വച്ച് കൗണ്‍സിലര്‍മാരെ വിഢികളാക്കുകയാണ് വൈദ്യുതി വിഭാഗം.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക