|    Dec 17 Mon, 2018 9:13 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

മാനദണ്ഡം പാലിക്കാതെ പോലിസുകാരെ സ്ഥലംമാറ്റിയത് പുനപ്പരിശോധിക്കണം

Published : 7th August 2016 | Posted By: SMR

തിരുവനന്തപുരം: സംസ്ഥാന വ്യാപകമായി മൂവായിരത്തിലധികം പോലിസുകാരെ മാനദണ്ഡം പാലിക്കാതെ സ്ഥലംമാറ്റിയ നടപടി പുനപ്പരിശോധിക്കണമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ഇക്കാര്യം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് ചെന്നിത്തല കത്തുനല്‍കി.
പോലിസ് ആക്ട് പ്രകാരം മൂന്നുവര്‍ഷം കഴിയാതെ പോലിസ് ഉദ്യോഗസ്ഥരെ സ്ഥലംമാറ്റാന്‍ പാടില്ല. മാത്രമല്ല, സ്‌കൂള്‍ തുറന്നതിനുശേഷം സ്ഥലംമാറ്റം പതിവില്ല. സ്ഥലംമാറ്റം സംബന്ധിച്ച് സംസ്ഥാന പോലിസ് മേധാവി 2014ല്‍ വ്യക്തമായ മാനദണ്ഡം എക്‌സിക്യൂട്ടീവ് ഓര്‍ഡറായി പുറപ്പെടുവിച്ചിട്ടുള്ളതാണ്. 2016ല്‍ കേരള പോലിസ് ആക്ട് പ്രകാരമുള്ള എസ്റ്റാബ്ലിഷ്‌മെന്റ് ബോര്‍ഡും വിശദമായ മാനദണ്ഡം പുറപ്പെടുവിക്കുകയുണ്ടായി. ഇതനുസരിച്ച് ഏപ്രില്‍ മാസത്തില്‍ സ്ഥലംമാറ്റം പൂര്‍ത്തിയാക്കുകയും വേണം. അല്ലാതെ സ്ഥലംമാറ്റം നടത്തുകയാണെങ്കില്‍ ആ പോലിസുകാര്‍ക്കെതിരേ നടപടി ഉണ്ടായിരിക്കണം. ഇക്കാര്യം എസ്റ്റാബ്ലിഷ്‌മെന്റ് ബോര്‍ഡിനെ അറിയിക്കുകയും വേണം. ഇതൊന്നും പാലിക്കാതെയാണ് ജില്ലാ പോലിസ് മേധാവികള്‍ ഇത്തവണ സ്ഥലംമാറ്റം നടത്തിയിരിക്കുന്നത്.
ജനറല്‍ ട്രാന്‍സ്ഫര്‍ എന്ന പേരില്‍ ഓപ്ഷന്‍ വാങ്ങിയിട്ട് അതിനു വിപരീതമായി ചെയ്ത സ്ഥലംമാറ്റവും നിരവധിയാണ്. നിയമവിരുദ്ധമായ സ്ഥലംമാറ്റത്തെ സംബന്ധിച്ച് പോലിസ് മേധാവിയുടെ ശ്രദ്ധയില്‍പ്പെടുത്തിയെങ്കിലും നടപടിയൊന്നും ഉണ്ടായില്ലെന്നു പരാതിയുണ്ട്.  അതുകൊ ണ്ട് നിയമവിധേയമല്ലാത്ത ഈ സ്ഥലംമാറ്റ നടപടി പുനരാലോചനയ്ക്കു വിധേമാക്കണമെന്നും ചെന്നിത്തല കത്തില്‍ ആവശ്യപ്പെട്ടു.
കോണ്‍ഗ്രസ്സിനെ വിരട്ടാന്‍ നോക്കേണ്ട
പാലക്കാട്: കോണ്‍ഗ്രസ് വിട്ടുവിഴ്ചയ്ക്കു തയ്യാറാണെന്നും ആരും വിരട്ടാന്‍ നോക്കേണ്ടെന്നും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടായാല്‍ അത് പരിഹരിക്കുക തന്നെ ചെയ്യും. യുഡിഎഫ് എന്നും ഒറ്റക്കെട്ടാണ്. പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടതുമുന്നണി സര്‍ക്കാരിനെതിരേ പ്രക്ഷോഭം ശക്തമാക്കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. പ്രതിപക്ഷ നേതാവായ ശേഷം ആദ്യമായി പാലക്കാട്ടെത്തിയ ചെന്നിത്തലയ്ക്ക് ഡിസിസി നല്‍കിയ സ്വീകരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോണ്‍ഗ്രസ് പ്രസ്ഥാനത്തിനും യുഡിഎഫിനും തെറ്റുകള്‍ പറ്റിയിട്ടുണ്ട്. എന്നാല്‍, എല്ലാ പ്രശ്‌നത്തെയും നേരിടാന്‍ യുഡിഎഫ് ഒറ്റക്കെട്ടായി ശ്രമിക്കും. തെറ്റുകള്‍ തിരുത്തി കൂടുതല്‍ ആത്മവിശ്വാസത്തോടെ മുന്നോട്ടു പോവുമെന്നും എല്ലാ വെല്ലുവിളികളും നേരിടാന്‍ പ്രതിജ്ഞാബദ്ധമാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു. മുന്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായിരുന്ന വി എസ് അച്യുതാനന്ദന് പ്രത്യേക പദവി നല്‍കിയതു മാത്രമാണ് രണ്ടുമാസത്തെ ഇടതുമുന്നണി സര്‍ക്കാരിന്റെ ഭരണനേട്ടമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. എല്ലാം ശരിയാക്കാമെന്നു പറഞ്ഞ് അധികാരത്തിലേറിയ എല്‍ഡിഎഫ് സര്‍ക്കാര്‍ ആര്‍ക്കും ഒന്നും ശരിയാക്കി കൊടുത്തിട്ടില്ല.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss