|    Dec 15 Sat, 2018 4:40 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

മാധ്യമ സ്വാതന്ത്ര്യം സംരക്ഷിക്കണം: ഡിവൈഎഫ്‌ഐ സംസ്ഥാന സമ്മേളനം

Published : 15th November 2018 | Posted By: kasim kzm

കോഴിക്കോട്: ഫാഷിസ്റ്റ് കടന്നാക്രമണങ്ങളെ പ്രതിരോധിക്കാനും മാധ്യമ സ്വാതന്ത്ര്യവും ജനാധിപത്യവും സംരക്ഷിക്കാനും കേരളീയ സമൂഹം മുന്നോട്ടുവരണമെന്ന് ഡിവൈഎഫ്—ഐ 14-ാം സംസ്ഥാന സമ്മേളനം ആവശ്യപ്പെട്ടു.
കേരളീയ സമൂഹത്തെ നൂറ്റാണ്ടുകള്‍ പിന്നോട്ട് നയിക്കുന്ന വിധത്തില്‍ ശബരിമല യുവതീപ്രവേശന കോടതി വിധിയെ ഉയര്‍ത്തിക്കൊണ്ടുവരാന്‍ ശ്രമിച്ചവര്‍ക്കെതിരേ യുക്തിബോധത്തിന്റെ ചോദ്യങ്ങള്‍ ഉയര്‍ത്തിയാണ് കേരളത്തിലെ ഭൂരിപക്ഷം ദൃശ്യമാധ്യമങ്ങളും നിലപാടെടുത്തത്. സംഘപരിവാറിനെ തുറന്നുകാട്ടുന്ന മാധ്യമങ്ങളെയും മാധ്യമപ്രവര്‍ത്തകരെയും കായികമായി ആക്രമിക്കാനാണ് ആര്‍എസ്എസ് മുതിരുന്നത്.
ശബരിമലയില്‍ വാഹനങ്ങള്‍ തടഞ്ഞുനിര്‍ത്തി മാധ്യമപ്രവര്‍ത്തകരെ പരസ്യമായി ആക്രമിച്ചു. വനിതാ മാധ്യമപ്രവര്‍ത്തകരെ വളഞ്ഞുവച്ച് അപമാനിക്കുകയും അസഭ്യവര്‍ഷം ചൊരിയുകയുമുണ്ടായി. മാധ്യമപ്രവര്‍ത്തകരുടെ ഫോട്ടോ ഉള്‍പ്പെടെ നവമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും വധഭീഷണി മുഴക്കുകയും ചെയ്യുന്നു. ഇതിനെതിരെ ധീരമായ നിലപാട് സ്വീകരിക്കുന്ന മാധ്യമസ്ഥാപനങ്ങള്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും ഡിവൈഎഫ്‌ഐ പിന്തുണ പ്രഖ്യാപിച്ചു.
തൊഴിലില്ലായ്മ രൂക്ഷമാക്കിയ കേന്ദ്ര സര്‍ക്കാറിന്റെ നയത്തിനെതിരേ ശക്തമായ പ്രക്ഷോഭം ഉയരണമെന്ന് സംസ്ഥാന സമ്മേളനം ആഹ്വാനം ചെയ്തു. നാലരവര്‍ഷക്കാലത്തെ ഭരണം കൊണ്ട് ഇന്ത്യ തൊഴിലില്ലായ്മയുടെ പടുകുഴിയിലേക്ക് പതിച്ചു. തൊഴിലുറപ്പ് പദ്ധതിയുടെ തകര്‍ച്ചയും നോട്ട് നിരോധനവും കാര്‍ഷിക മേഖലയില്‍ പ്രതിസന്ധിയും സ്ത്രീകളുടെ തൊഴില്‍ പങ്കാളിത്തത്തെ തകര്‍ച്ചയിലേക്കും തള്ളിയിട്ടുവെന്നും സമ്മേളനം കുറ്റപ്പെടുത്തി.
ദലിത് വിഭാഗങ്ങള്‍ക്കെതിരായ അതിക്രമങ്ങള്‍ അവസാനിപ്പിക്കുക, കേന്ദ്ര സര്‍ക്കാര്‍ അഴിമതിക്കെതിരേ ജനകീയ ചെറുത്തുനില്‍പ്പ് സംഘടിപ്പിക്കുക എന്നീ പ്രമേയങ്ങളും സമ്മേളനം അംഗീകരിച്ചു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss