|    Mar 25 Sat, 2017 11:09 pm
FLASH NEWS

മാധ്യമ വിലക്ക്: ഹരജി 21നു പരിഗണിക്കും

Published : 7th October 2016 | Posted By: SMR

ന്യൂഡല്‍ഹി: കേരള ഹൈക്കോടതിയിലെ മീഡിയ റൂം തുറന്നുതരണമെന്നും മാധ്യമ പ്രവര്‍ത്തനം നടത്താന്‍ സുരക്ഷിതമായ സാഹചര്യമൊരുക്കുന്നതിനുള്ള നിര്‍ദേശം നല്‍കണമെന്നും ആവശ്യപ്പെട്ട് കേരള പത്രപ്രവര്‍ത്തകയൂനിയന്‍ (കെയുഡബ്ല്യൂജെ) സമര്‍പ്പിച്ച ഹരജി സുപ്രിംകോടതി  21നു പരിഗണിക്കും. ഇന്നലെ ചീഫ് ജസ്റ്റിസ് ടി എസ് ഠാക്കൂര്‍, ജസ്റ്റിസുമാരായ എ എം ഖാന്‍വില്‍ക്കര്‍, ഡി ചന്ദ്രചൂഡ് എന്നിവരടങ്ങിയ ബെഞ്ചാണ് ഹരജി പരിഗണിച്ചത്.
ഇതു കേരളത്തിലെ മാധ്യമങ്ങളും അഭിഭാഷകരും തമ്മിലെ പ്രശ്‌നമാണെന്നും ഇതു കേരള ഹൈക്കോടതിയില്‍ തന്നെ പരിഹരിക്കാവുന്നതല്ലേയെന്നും ബെ ഞ്ച് ചോദിച്ചു. എന്നാല്‍ സംസ്ഥാനത്തെ കോടതിയില്‍ ഹരജി നല്‍കിയാല്‍ വാദിക്കാന്‍ അഭിഭാഷകര്‍ ആരുംതന്നെ തയ്യാറാവില്ലെന്നും ഇതിനാലാണ് സുപ്രിംകോടതിയെ സമീപിച്ചതെന്നും കെയുഡബ്ല്യൂജെക്കു വേണ്ടി ഹാജരായ അഭിഭാഷകന്‍ വില്‍സ് മാത്യൂസ് ബോധിപ്പിച്ചു. ഇതേത്തുടര്‍ന്നാണ് ചീഫ്ജസ്റ്റിസ് ഹരജി ഫയലില്‍ സ്വീകരിക്കാന്‍ തീരുമാനിച്ചത്.
ഈ വിഷയത്തില്‍ ഇടപെടണമെന്നാവശ്യപ്പെട്ട് കേരളത്തിലെ മാധ്യമ ഉടമകളുടെ പ്രതിനിധികള്‍ ചീഫ് ജസ്റ്റിസിനെ കണ്ടു. മാധ്യമപ്രവര്‍ത്തകര്‍ നേരിടുന്ന വിലക്കും അതിനെത്തുടര്‍ന്നുണ്ടായ പ്രശ്‌നങ്ങളും പ്രതിനിധികള്‍ ചീഫ് ജസ്റ്റിസിന്റെ ശ്രദ്ധയില്‍പ്പെടുത്തി. കേരളത്തിലെ കോടതികളില്‍ നിലനില്‍ക്കുന്ന പ്രശ്‌നങ്ങള്‍ ബോധ്യപ്പെട്ടെന്നും പ്രശ്‌നപരിഹാരത്തിന് വേണ്ടി ശ്രമിക്കുമെന്നും ചീഫ്ജസ്റ്റിസ് മാധ്യമസ്ഥാപന മേധാവികളെ അറിയിച്ചു. കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസുമായി ഉടന്‍ സംസാരിക്കുമെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.
ചീഫ് ജസ്റ്റിസിന് ഐപിഐയുടെ കത്ത്
ന്യൂഡല്‍ഹി: കേരളത്തിലെ കോടതികളില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കുള്ള വിലക്ക് മാറാത്ത്തില്‍ ആശങ്കഅറിയിച്ച് കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസിന് ഇന്റര്‍ നാഷനല്‍  പ്രസ് ഇന്‍സ്റ്റിറ്റിയൂട്ട്(ഐപിഐ)എക്‌സിക്യൂട്ടീവ് ഡയരക്ടറുടെ കത്ത്.
കോടതികളില്‍ വാര്‍ത്തകള്‍ റിപോര്‍ട്ട് ചെയ്യാന്‍ മാധ്യമപ്രവര്‍ത്തകര്‍ക്കു വിലക്ക് മാറ്റുന്നതുമായി ബന്ധപ്പെട്ട് മാധ്യമ പ്രവര്‍ത്തകരുടെയും മാനേജ്‌മെന്റ് പ്രതിനിധികളുടെയും അഭിഭാഷക പ്രതിനിധികളുടെയും രണ്ടു യോഗങ്ങള്‍ താങ്കളുടെ നേതൃത്വത്തില്‍ വിളിച്ചുചേര്‍ത്തിരുന്നു. എങ്കിലും കോടതികളില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കുള്ള വിലക്ക് മാറിയിട്ടില്ല. കഴിഞ്ഞ സംപ്തംബര്‍ 30നും കോടതികളില്‍ വാര്‍ത്ത റിപോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമ പ്രവര്‍ത്തകര്‍ക്കു നേരെ അക്രമം ഉണ്ടാവുകയും പോലിസ് ഇടപെടേണ്ടിവരികയും ചെയ്തിട്ടുണ്ട്. കോടതികളില്‍ നിന്ന് വാര്‍ത്ത ശേഖരിക്കാനുള്ള മാധ്യമപ്രവര്‍ത്തകരുടെ അവകാശവും ക്ഷേമവും ഹൈക്കോടതി ഇതുവരെ പ്രാധാന്യത്തോടെ കണ്ടിട്ടില്ലെന്നാണ് ഇതു കാണിക്കുന്നതെന്നും  ഐപിഐ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ബാര്‍ബിയ ട്രയോന്‍ഫി  ഹൈക്കോടതി ചീഫ് ജസ്റ്റിസിനയച്ച കത്തില്‍ ചൂണ്ടിക്കാട്ടി.

(Visited 25 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക