|    Mar 29 Wed, 2017 8:46 pm
FLASH NEWS

മാധ്യമ വിലക്ക്: രജിസ്ട്രാറുടെ പ്രസ്താവന കണ്ണടച്ചിരുട്ടാക്കലെന്ന് പത്രപ്രവര്‍ത്തക യൂനിയന്‍

Published : 26th September 2016 | Posted By: SMR

തിരുവനന്തപുരം: കോടതികളില്‍ മാധ്യമങ്ങള്‍ക്കു വിലക്കില്ലെന്ന കേരള ഹൈക്കോടതി രജിസ്ട്രാറുടെ പ്രസ്താവന സമൂഹത്തെ തെറ്റിദ്ധരിപ്പിക്കുന്നതും നിലവിലുള്ള യാഥാര്‍ഥ്യത്തിനു നേരെ കണ്ണടച്ച് ഇരുട്ടാക്കലുമാണെന്നു കേരള പത്രപ്രവര്‍ത്തക യൂനിയന്‍ സംസ്ഥാന പ്രസിഡന്റ് പി എ അബ്ദുല്‍ ഗഫൂറും ജനറല്‍ സെക്രട്ടറി സി നാരായണനും പറഞ്ഞു.
രണ്ടുമാസത്തിലേറെയായി കേരളത്തിലെ ഒരു കോടതിയിലേക്കും മാധ്യമപ്രവര്‍ത്തകരെ കയറ്റുന്നില്ല. കോടതിയിലെത്തുന്ന മാധ്യമപ്രവര്‍ത്തകര്‍ ശാരീരികമായി ആക്രമിക്കപ്പെടുന്നതു പതിവായി. ഇതു തടയാനോ സുരക്ഷയൊരുക്കാനോ കോടതിക്കോ രജിസ്ട്രാര്‍ക്കോ ഇതുവരെ സാധിച്ചിട്ടില്ല.  മാധ്യമപ്രവര്‍ത്തകര്‍ക്കു വിലക്കില്ലെന്ന് രജിസ്ട്രാര്‍ ആഴ്ചകള്‍ക്കു മുമ്പ് പ്രസ്താവിച്ചതിന്റെ തൊട്ടുപിറകെയാണ് ആലപ്പുഴ ജില്ലാ കോടതിവളപ്പില്‍ ഒരു വനിതാ മാധ്യമപ്രവര്‍ത്തകയും അസിസ്റ്റന്റും അതിമാരകമായി ആക്രമിക്കപ്പെട്ടത്. ഈ കേസിലെ പ്രതികളായ വക്കീലന്‍മാര്‍ക്കെതിരേ എന്തു നിലപാടാണ് രജിസ്ട്രാര്‍ സ്വീകരിച്ചത് എന്നറിയാന്‍ സമൂഹത്തിനു താല്‍പര്യമുണ്ട്.
ജാമ്യം പോലും കിട്ടാത്ത കുറ്റകൃത്യമായിട്ടും പ്രതികള്‍ ഇപ്പോഴും കോടതികളില്‍ വിലസുന്നു. ഒരു വിഭാഗം അഭിഭാഷകരുടെ നിയമവിരുദ്ധ നിലപാടുകളെ നിയന്ത്രിക്കാന്‍ രജിസ്ട്രാര്‍ തയ്യാറായിട്ടില്ല.
കോടതികളിലെ അനിശ്ചിതമായി പൂട്ടിയിട്ട മീഡിയാ റൂം തുറന്നുകൊടുക്കാന്‍ തയ്യാറാവാത്തത് എന്തുകൊണ്ടാണ്. അഭിഭാഷകരെ ഭരണഘടനാവിരുദ്ധ നിലപാടുകളില്‍ നിന്നു വിലക്കുകയും കോടതിക്കകത്ത് സുരക്ഷിതമായി ജോലി നിര്‍വഹിക്കാനുമുള്ള സംവിധാനം കോടതിയും രജിസ്ട്രാറും പ്രഖ്യാപിക്കണമെന്നും പി എ അബ്ദുല്‍ ഗഫൂറും ജനറല്‍ സെക്രട്ടറി സി നാരായണനും വാര്‍ത്താക്കുറിപ്പില്‍ ആവശ്യപ്പെട്ടു.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day