|    Dec 12 Tue, 2017 12:38 am
FLASH NEWS

മാധ്യമ ഫോട്ടോഗ്രാഫര്‍ക്കു നേരെ അക്രമം; പോലിസ് എത്തിയത് ഒരുദിവസം കഴിഞ്ഞ്

Published : 21st October 2016 | Posted By: SMR

പത്തനംതിട്ട: മാധ്യമ ഫോട്ടോഗ്രാഫര്‍ക്ക് നേരെയുണ്ടായ അക്രമത്തില്‍ വിവരം അറിയിച്ചിട്ടും പോലിസ് എത്തിയില്ല. പത്തനംതിട്ട കെഎസ്ആര്‍ടിസി സ്‌റ്റേഷനു മുന്‍വശമുള്ള സ്ഥാപനത്തിന്റെ കവാടത്തിലാണ് ബുധനാഴ്ച രാത്രി 9.30ന് അക്രമം ഉണ്ടായത്. തലയ്ക്ക് ഗുരുതരമായ പരിക്കേറ്റ് ഷാജി വെട്ടിപ്പുറമാണ് ചികില്‍സയിലുള്ളത്. സ്റ്റുഡിയോയ്ക്ക് മുന്നില്‍ രാത്രിയോടെ എത്തി അസഭ്യം പറയുകയും മറ്റുംചെയ്ത വ്യക്തി ലഹരിയിലായിരുന്നുവെന്ന് കരുതുന്നു. സ്ഥാപനത്തിനു മുന്നില്‍നിന്ന് മാറാന്‍ ആവശ്യപ്പെട്ടെങ്കിലും ഇയാള്‍ അസഭ്യം തുടര്‍ന്നു. പിന്നീട് റോഡില്‍നിന്ന് വലിയ കല്ലെടുത്ത് ഷാജിയുടെ മുഖത്തിനു നേരെ എറിയുകയായിരുന്നു. മുഖത്തുനിന്ന് രക്തംവാര്‍ന്ന് ഗുരുതര നിലയിലായ ഷാജിയെ സുഹൃത്തുക്കളാണ് ആശുപത്രിയിലെത്തിച്ചത്. പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍നിന്ന് പിന്നീട് സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി. മുഖത്ത് അടിയന്തര ശസ്ത്രക്രിയ നടത്തി. അക്രമം ഉണ്ടായ ഉടനെ ഷാജിയും സുഹൃത്തുകളും പത്തനംതിട്ട പോലിസില്‍ വിവരം അറിയിച്ചിരുന്നു. എന്നാല്‍ പോലിസ് എത്തിയില്ല. ആശുപത്രിയില്‍ എത്തിച്ചിട്ടുപോലും അന്വേഷിക്കാന്‍ വന്നില്ല. വ്യാഴാഴ്ച രാവിലെയാണ് പോലിസെത്തിയത്. കെഎസ്ആര്‍ടിസി വാണിജ്യ സമുച്ചയത്തിന്റെ മുന്‍വശം കഞ്ചാവ് മാഫിയയുടെ കേന്ദ്രമാണ്. ഇവിടെ വഴിവിളക്ക് കത്താത്തത് ഇവര്‍ക്ക് തുണയാകുന്നു. അക്രമി ഈ സംഘത്തിലുള്ളതാണെന്ന് കരുതുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക