|    Oct 20 Sat, 2018 4:20 am
FLASH NEWS

മാധ്യമ പ്രവര്‍ത്തകര്‍ക്ക് സ്വാതന്ത്ര്യം ഇല്ലാതായി: കൊടിയേരി ബാലകൃഷ്ണന്‍

Published : 20th September 2017 | Posted By: fsq

 

കൊച്ചി: ഗാന്ധിജിക്ക് നേരെ ഉയര്‍ന്ന തോക്ക് ഇപ്പോഴും ഗര്‍ജിച്ചുകൊണ്ടിരിക്കുകയാണെന്നും മാധ്യമ പ്രവര്‍ത്തകര്‍ക്ക് സ്വതന്ത്രമായി പ്രവര്‍ത്തിക്കാനുള്ള സ്വാതന്ത്ര്യം രാജ്യത്ത് ഇല്ലാതായിരിക്കുകയാണെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണന്‍. മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ കൊപാതകത്തില്‍ പ്രതിഷേധിച്ച് “ഞങ്ങളെല്ലാ ഗൗരിമാര്‍’ എന്ന പേരില്‍ സാംസ്‌കാരികകൂട്ടായ്മ എറണാകുളം രാജേന്ദ്രമൈതാനത്ത് നടത്തിയ പ്രതിഷേധ പരിപാടിയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേന്ദ്രത്തില്‍ ബിജെപി അധികാരത്തിലെത്തിയതോടെ രാജ്യത്ത് പുതിയ സ്ഥിതിവിശേഷമാണ് രൂപപ്പെട്ടിരിക്കുന്നത്. രാജ്യത്ത് മാധ്യമപ്രവര്‍ത്തകര്‍ക്ക് സ്വതന്ത്രവൂം നിര്‍ഭയവുമായി പ്രവര്‍ത്തിക്കാനുള്ള സാഹചര്യം ഇല്ലാതായിരിക്കുന്നു. ഗൗരി ലങ്കേഷിന്റെ കൊതപാതം ഒറ്റപ്പെട്ട സംഭവമല്ല. കല്‍ബുര്‍ഗിയുടെയും പന്‍സാരെയുടെയും കൊലപാതകങ്ങളുടെ തുടര്‍ച്ചയാണിത്. രാജ്യംകണ്ട ആദ്യ ഭീകരവാദ പ്രവര്‍ത്തനമായിരുന്നു ഗാന്ധിയുടെ കൊലപാതകം. രണ്ടാമത്തേത് ബാബ്‌റി മസ്ജിദ് തകര്‍ത്തതും മൂന്നാമത്തേത് ഗുജറാത്ത് വംശഹത്യയും. ഇതൊക്കെ അധികാരം പിടിക്കാന്‍വേണ്ടി ചെയ്തതാണെങ്കില്‍ ഇന്ന് ഗൗരി ലങ്കേഷിന്റെ കൊലപാതകമടക്കമുള്ളവ കിട്ടിയ അധികാരം നിലനിര്‍ത്താന്‍വേണ്ടി ഉപയോഗിക്കുന്നതാണ്. സംഘപരിവാരം നേതൃത്വം കൊടുക്കുന്ന ഇത്തരം സംഭവങ്ങള്‍ നമ്മുടെ നാട്ടിലും നടക്കുന്നുണ്ട്. കാസര്‍കോട് എട്ടുവയസ്സുകാരന്‍ ഫഹദിനെ വെട്ടിക്കൊന്നതും ചേര്‍ത്തലയില്‍ പ്ലസ്ടു വിദ്യാര്‍ഥിയെ തല്ലിക്കൊന്നതും ഇരുവെട്ടിയില്‍ അറുപത്തെട്ടുകാരിയെ ബോംബെറിഞ്ഞുകൊന്നതുമെല്ലാം ഇതിന്റെ ഭാഗംതന്നെ. എന്നാല്‍, നമ്മുടെ മാധ്യമങ്ങള്‍ ഇവരെ രാഷ്ട്രീയ കൊലപാതകമായി മാത്രമാണ് കണ്ടത്. ഭയപ്പെടുത്തി കീഴ്‌പ്പെടുത്തുക എന്ന തന്ത്രമാണ് ആര്‍എസ്എസ് പ്രയോഗിക്കുന്നത്. സമൂഹത്തില്‍ കുഴപ്പം സൃഷ്ടിക്കുകയും അതില്‍നിന്ന് മുതലെടുക്കുകയുമാണ് ആര്‍എസ്എസിന്റെ തന്ത്രം. അര്‍ത്തുങ്കല്‍ പള്ളി ഹിന്ദുക്ഷേത്രമായിരുന്നെന്ന പ്രചാരണം നടത്തി അത് തിരിച്ചുപിടിക്കണമെന്ന് ആഹ്വാനം ചെയ്യുന്നു. മതവികാരം ഇളക്കിവിടാന്‍ എളുപ്പം സാധിക്കുക തീരദേശത്താണെന്ന് അവര്‍ കരുതുന്നു.  ഗാന്ധിക്കുനേരെ ചൂണ്ടിയ ആ തോക്ക് വിശ്രമിക്കുന്നേയില്ല എന്നാണ് ഇതിനര്‍ഥം. ഇതിനെ നാം കണ്ടില്ലെന്നു നടിക്കരുത്. നാം ഉണര്‍ന്നിരിക്കുകതന്നെ േവണമെന്നും കോടിയേരി പറഞ്ഞു.  ആര്‍എസ്എസിന്റെ ഭീകരത കേരളത്തിലേക്കും വ്യാപിക്കുന്നുണ്ട്. വനിതകളെയാണ് ഭീഷണി പ്രസംഗങ്ങള്‍ നടത്താന്‍ അവര്‍ കേരളത്തില്‍ നിയോഗിക്കുന്നത്. സംസ്ഥാനത്തെ സമാധാന അന്തരീക്ഷം തകര്‍ക്കുകയാണ് അവരുടെ ലക്ഷ്യം. എന്നാല്‍ നമ്മുടെ നാട്ടില്‍ ഇതിനെതിരേ ശക്തമായ പ്രതികരണം ഇല്ലാതായിരിക്കുന്നുവെന്നും കൊടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. ചടങ്ങില്‍ പ്രഫ എം കെ സാനുമാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. മാധ്യമപ്രവര്‍ത്തകനായ ശശികുമാര്‍ മുഖ്യപ്രഭാഷണം നടത്തി. സിപിഎം ജില്ലാ സെക്രട്ടറി പി രാജീവ്, കവി സിപ്പി പള്ളിപ്പുറം, ചിത്രകാരന്‍ കലാധരന്‍, സി എന്‍ മോഹനന്‍, ധര്‍മരാജ്, എം ആര്‍ സുരേന്ദ്രന്‍, കലാമണ്ഡലം പ്രഭാകരന്‍, എം അനില്‍കുമാര്‍ സംസാരിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss