|    Mar 21 Wed, 2018 10:30 am
Home   >  National   >  

മാധ്യമ പ്രവര്‍ത്തകരെ വിമര്‍ശിച്ച മോദിക്ക് ഇന്ത്യന്‍ എക്‌സ്പ്രസ് എഡിറ്ററുടെ മറുപടി

Published : 4th November 2016 | Posted By: mi.ptk

raj-kamal

ന്യൂഡല്‍ഹി: മാധ്യമ പ്രവര്‍ത്തകരെ വിമര്‍ശിക്കുകയും വിശ്വാസ്യത ചോദ്യം ചെയ്യുകയും ചെയ്ത പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മറുപടിയുമായി ഇന്ത്യന്‍ എക്‌സ്പ്രസ് എഡിറ്റര്‍. ഗോയങ്ക പുരസ്‌കാര വേദിയില്‍ മാധ്യമപ്രവര്‍ത്തകരെ വിമര്‍ശിച്ച മോദിയെ വേദിയിലിരുത്തികൊണ്ടാണ് ഇന്ത്യന്‍ എക്പ്രസ് എഡിറ്റര്‍ രാജ് കമല്‍ ഝാ മോദിയുടെ പ്രസ്താവനക്ക് മറുപടി നല്‍കിയത്. വിശ്വാസ്യതയാണ് മാധ്യമങ്ങള്‍ക്ക് ഏറ്റവും പ്രധാനമെന്നും മാധ്യമങ്ങള്‍ കാഴ്ചപ്പാടുകളേക്കാള്‍ വാര്‍ത്തകള്‍ക്കു പ്രാധാന്യം നല്‍കി റിപ്പോര്‍ട്ടു ചെയ്യണമെന്നുമാണ് മോദി പറഞ്ഞത്. ഇപ്പോഴത്തെ മാധ്യമപ്രവര്‍ത്തകര്‍ ഒരു അപകട വാര്‍ത്ത റിപ്പോര്‍ട്ടു ചെയ്യുന്നത് ബി.എം.ഡബ്ല്യൂ ഡ്രൈവര്‍ ദളിതനെ കൊന്നു എന്ന തരത്തിലാണെന്നും മോദി കുറ്റപ്പെടുത്തിയിരുന്നു.

ഇതിനുപിന്നാലെയാണ് രാജ് കമല്‍ ഝാ എന്താണ് നല്ല മാധ്യമപ്രവര്‍ത്തനം എന്ന് വിശദീകരിച്ചു രംഗത്തുവന്നത്. ഏതെങ്കിലും ഒരു മാധ്യമപ്രവര്‍ത്തകനെ സര്‍ക്കാര്‍ കുറ്റം പറഞ്ഞാല്‍ അതാണ് അയാള്‍ക്കുള്ള ഏറ്റവും വലിയ പുരസ്‌കാരം എന്നു പറഞ്ഞുകൊണ്ടായിരുന്നു അദ്ദേഹം തിരിച്ചടിച്ചത്.

പ്രസംഗത്തിന്റെ പൂര്‍ണ രൂപം…

പ്രധാനമന്ത്രി നരേന്ദ്ര മോദി ജി , താങ്കള്‍ക്ക് വളരെയധികം നന്ദി. താങ്കളുടെ പ്രസംഗം ഞങ്ങളെ അക്ഷരാര്‍ഥത്തില്‍ വാക്കുകളില്ലാത്തവരാക്കി മാറ്റി. എങ്കിലും നന്ദി പ്രകടനമായി കുറച്ചു കാര്യങ്ങള്‍ പറയാന്‍ ഞാന്‍ ആഗ്രഹിക്കുകയാണ്,  താങ്കളുടെ സാന്നിധ്യം തന്നെ വളരെ ശക്തമായ ഒരു സന്ദേശമാണ്. റിപ്പോര്‍ട്ട് ചെയ്യുന്ന റിപ്പോര്‍ട്ടര്‍മാരും എഡിറ്റ് ചെയ്യുന്ന എഡിറ്റര്‍മാരും ചെയ്ത നമ്മള്‍ ഇന്ന് ആഘോഷിക്കുന്ന തരത്തിലുള്ള മികച്ച സൃഷ്ടികളാണ് നല്ല ജേര്‍ണലിസം എന്ന് നിര്‍വചനത്തിന് കീഴില്‍ വരേണ്ടതെന്നാണ് നമ്മള്‍ ആഗ്രഹിക്കുന്നത് , അതു തന്നെയാണ് നല്ല മാധ്യമപ്രവര്‍ത്തനത്തിനുള്ള നിര്‍വചനം. അല്ലാതെ നമ്മള്‍ ഇന്ന് ധാരാളം കണ്ടു വരുന്ന സെല്‍ഫി ജേര്‍ണലിസ്റ്റുകളിലൂടെയല്ല.  സ്വന്തം മുഖത്തിലും സ്വന്തം വാക്കുകളിലും മാത്രം മുഴുകുന്നവരാണവര്‍. സ്വന്തം മുഖത്തേക്ക് കാമറ തിരിച്ചിരിക്കുന്ന അവരെ സംബന്ധിച്ചിടത്തോളം പരമപ്രധാനം അവരുടെ ശബ്ദം മാത്രമാണ്. പിന്നെ അവരുടെ മുഖവും , മറ്റുള്ളതെല്ലാം അവരെ സംബന്ധിച്ചിടത്തോളം അലങ്കാര വസ്തുക്കള്‍ മാത്രമാണ് അഥവാ. തീര്‍ത്തും അപ്രധാനമായ അണിയറയിലെ ശബ്ദകോലാഹലങ്ങള്‍ മാത്രം. നിങ്ങളുടെ കൈവശം സത്യങ്ങള്‍ അല്ലെങ്കില്‍ യഥാര്‍ഥ വസ്തുതകള്‍ ഇല്ലെന്നത് ഈ സെല്‍ഫി ജേണലിസത്തില്‍ ഒരു കുറവല്ല. ഫ്രെയിമില്‍ ഒരു പതാക കാണിച്ച് നിങ്ങള്‍ക്ക് അതിന് പിന്നില്‍ ഒളിക്കാനാകും.

    താങ്കളുടെ പ്രസംഗത്തിന് വളരെയധികം നന്ദി സര്‍, മാധ്യമങ്ങളുടെ വിശ്വാസ്യത സംബന്ധിച്ച് നിങ്ങള്‍ അടിവരയിട്ട് വ്യക്തമാക്കിയതിന് പ്രത്യേക നന്ദി,  ഞങ്ങള്‍ മാധ്യമപ്രവര്‍ത്തകരെ സംബന്ധിച്ചിടത്തോളം പരമപ്രധാനവും താങ്കളുടെ പ്രസംഗത്തിലെ ഏറ്റവും പ്രസക്തമായ അംശവും അതാണെന്ന് എനിക്ക് തോന്നുന്നു. മാധ്യമപ്രവര്‍ത്തകരെ സംബന്ധിച്ച് താങ്കളുടെ ചില പരാമര്‍ശങ്ങള്‍ ഞങ്ങളെ അസ്വസ്ഥരുമാക്കുന്നുണ്ട്. താങ്കളുടെ റിപ്പോര്‍ട്ടര്‍ മികച്ച ജോലിയാണ് ചെയ്യുന്നതെന്ന് ഒരു സംസ്ഥാന മുഖ്യമന്ത്രി അഭിപ്രായപ്പെട്ടപ്പോള്‍ ആ റിപ്പോര്‍ട്ടറെ രാമനാഥ് ഗോയങ്ക പിരിച്ചു വിട്ടിരുന്നു. ഇക്കാര്യം നിങ്ങള്‍ക്ക് വിക്കിപീഡിയയില്‍ കാണാനാകില്ല. പക്ഷേ ഇന്ത്യന്‍ എക്‌സ്പ്രസിന്റെ എഡിറ്റര്‍ എന്ന നിലയില്‍ ഇക്കാര്യം ഉറപ്പോടെ എനിക്ക് പറയാനാകും. ഈ സമയത്ത് ഇത് വളരെ വളരെ പ്രധാനപ്പെട്ട ഒന്നാണ്.  അമ്പതിലേക്ക് ഞാന്‍ ഈ വര്‍ഷം പ്രവേശിക്കും. റീ ട്വീറ്റുകളുടെയും ലൈക്കുകളുടെയും യുഗത്തോടൊപ്പം വളര്‍ന്നു കൊണ്ടിരിക്കുന്ന മാധ്യമപ്രവര്‍ത്തകരാണ് ഇന്ന് നമുക്കൊപ്പമുള്ളത്. സര്‍ക്കാരില്‍ നിന്നുള്ള വിമര്‍ശം അംഗീകാരത്തിന്റെ പരമകോടിയാണെന്ന സത്യം അവര്‍ക്കറിയില്ല. സിനിമഹാളുകളില്‍ പുകവലിക്കെതിരായ നിയമപരമായ മുന്നറിയിപ്പു കാണിക്കുന്നതു പോലെ മാധ്യമപ്രവര്‍ത്തകരെ കുറിച്ചുള്ള പുകഴ്ത്തല്‍ കേള്‍ക്കുമ്പോഴെല്ലാം സര്‍ക്കാരില്‍ നിന്നുള്ള വിമര്‍ശം മാധ്യമ രംഗത്തെ സംബന്ധിച്ചിടത്തോളം വളരെ വലിയ ഒരു കാര്യമാണെന്ന ടിക്കര്‍ കൊടുക്കണമെന്നാണ് എനിക്ക് തോന്നുന്നത്. അത് വളരെ , വളരെ പ്രധാനപ്പെട്ടതാണെന്നാ് എനിക്ക് തോന്നുന്നത്.

    താങ്കളുടെ പ്രസംഗത്തിന് വളരെയധികം നന്ദി സര്‍, താങ്കള്‍ വളരെയധികം പ്രധാനപ്പെട്ട കാര്യങ്ങള്‍ പറഞ്ഞു. എന്നാല്‍ ഇതിലേറ്റവും പ്രസക്തം വിശ്വാസ്യതയെ സംബന്ധിച്ചുള്ളത് തന്നെയാണെന്നാണ് എന്റെ കാഴ്ചപ്പാട്. അത് വളരെയധികം പ്രാധാന്യമര്‍ഹിക്കുന്ന ഒന്നാണെന്നാണ് ഞാന്‍ കരുതുന്നതും. സര്‍ക്കാരിനെ അതിന്റെ പേരില്‍ കുറ്റപ്പെടുത്താനാകില്ലെന്നാണ് ഞാന്‍ കരുതുന്നത്. അത് ഞങ്ങളുടെ ജോലിയാണ്. നമ്മള്‍ ആത്മപരിശോധന നടത്തേണ്ടതുണ്ട്.

    രാംനാഥ് ഗോയങ്ക പുരസ്‌കാര ജേതാക്കള്‍ക്ക് നന്ദി.  ഇതുമായി ബന്ധപ്പെട്ട രണ്ട് കാര്യങ്ങള്‍ പറയാന്‍ ഞാന്‍ ആഗ്രഹിക്കുകയാണ്.  പുരസ്‌കാരത്തിനായി 512 അപേക്ഷകളാണ് ഇത്തവണ ഞങ്ങള്‍ക്ക് ലഭിച്ചത്. കഴിഞ്ഞ 11 വര്‍ഷത്തിനുള്ളിലെ ഏറ്റവും കൂടുതല്‍ അപേക്ഷകരാണിത്. 128 വാര്‍ത്ത സ്ഥാപനങ്ങളില്‍ നിന്നുമാണ് ഈ അപേക്ഷകള്‍ വന്നത്. ഇതും നാളിതുവരെയുള്ള ചരിത്രത്തിലെ വലിയ സംഖ്യയാണ്. ഈ സംഖ്യ അടിവരയിട്ട് പറയുക എന്നെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനമാണ്. കാരണം നല്ല മാധ്യമ പ്രവര്‍ത്തനം മരിച്ചു കൊണ്ടിരിക്കുകയാണെന്നും മാധ്യമ പ്രവര്‍ത്തകരെ സര്‍ക്കാര്‍ വിലക്കെടുക്കുകയാണെന്നും പറയുന്നവര്‍ക്കുള്ള ഏറ്റവും വലിയ മറുപടിയാണിത്. നല്ല മാധ്യമപ്രവര്‍ത്തനം മരിക്കുകയല്ല, മറിച്ച് അത് കൂടുതല്‍ മെച്ചപ്പെടുകയാണ്. അഞ്ച് വര്‍ഷം മുമ്പുള്ളതിനെക്കാള്‍ ഇരട്ടിയായി ചീത്തയായ മാധ്യമ പ്രവര്‍ത്തനം തിളങ്ങി നില്‍ക്കുകയാണെന്നതാണ് സത്യം.

 

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss