|    Oct 20 Fri, 2017 12:01 am
Home   >  Todays Paper  >  page 10  >  

മാധ്യമ ചര്‍ച്ചകള്‍ക്കും സോഷ്യല്‍ മീഡിയക്കും വിലക്ക് ; ജീവനക്കാര്‍ സര്‍ക്കാരിനെ വിമര്‍ശിക്കരുതെന്ന് സര്‍ക്കുലര്‍

Published : 4th August 2017 | Posted By: fsq

 

തിരുവനന്തപുരം: സര്‍ക്കാര്‍ കൈക്കൊള്ളുന്ന നയനിലപാടുകള്‍ക്കും നടപടികള്‍ക്കും എതിരായി ജീവനക്കാര്‍ ചര്‍ച്ച നടത്തുകയോ വിമര്‍ശനങ്ങള്‍ ഉന്നയിക്കുകയോ ചെയ്യരുതെന്ന് സര്‍ക്കാരിന്റെ സര്‍ക്കുലര്‍. ജനുവരി 31ന് പ്രിന്‍സിപ്പല്‍ സെക്രട്ടറി സത്യജിത്ത് രാജന്‍ ഇറക്കിയ സര്‍ക്കുലര്‍ കഴിഞ്ഞദിവസം വീണ്ടും പുറത്തിറക്കി. സോഷ്യല്‍ മീഡിയയിലും ദ്യശ്യ-ശ്രാവ്യ മാധ്യമങ്ങളിലും നയപരമായ കാര്യങ്ങളില്‍ അഭിപ്രായം പറയുന്നതിനും വിലക്കുണ്ട്. ജനുവരിയില്‍ ഇറക്കിയ ഉത്തരവ് പാലിക്കാത്തത് ശ്രദ്ധയില്‍പ്പെട്ട സാഹചര്യത്തിലാണ് അതേ ഉത്തരവ് വീണ്ടും പുറത്തിറക്കിയത്. 1960ലെ സര്‍ക്കാര്‍ ജീവനക്കാരുടെ പെരുമാറ്റചട്ടം 60(എ) പ്രകാരമാണ് നടപടി. സര്‍ക്കാര്‍ നയങ്ങള്‍ക്കും നടപടികള്‍ക്കുമെതിരായി സംസാരിക്കാനോ എഴുതാനോ പാടില്ലെന്ന് സര്‍ക്കുലറില്‍ പറയുന്നു. നയങ്ങള്‍ക്കെതിരേ അസോസിയേഷന്‍ യോഗത്തിലോ സംഘടനാ മീറ്റിങിലോപോലും ചര്‍ച്ചകള്‍ നടത്തരുത്. സര്‍ക്കാരിനെതിരേ നടക്കുന്ന ചര്‍ച്ചകളില്‍ പങ്കെടുക്കുന്നതിനും വിലക്കുണ്ട്. സോഷ്യല്‍ മീഡിയയിലും ദ്യശ്യ-ശ്രാവ്യ മാധ്യമങ്ങളിലും നയപരമായ കാര്യങ്ങളില്‍ ഒരു തരത്തിലുള്ള അഭിപ്രായപ്രകടനങ്ങളും നടത്തരുത്. മാധ്യമ ചര്‍ച്ചകളിലും പങ്കെടുക്കാന്‍ പാടില്ല. ഏതെങ്കിലും ജീവനക്കാര്‍ വിലക്ക് ലംഘിച്ചാല്‍ ഗുരുതര വീഴ്ചയായി കണക്കാക്കി മേലധികാരികള്‍ കര്‍ശന നടപടി സ്വീകരിക്കണമെന്നും നിര്‍ദേശമുണ്ട്. 1960 മുതല്‍ ഈ നിയമം നിലവിലുണ്ടങ്കിലും ജീവനക്കാരുടെ അഭിപ്രായ സ്വാതന്ത്ര്യം മാനിച്ച് മുന്‍കാല സര്‍ക്കാരുകള്‍ കര്‍ക്കശമാക്കിയിരുന്നില്ല.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക