|    Apr 23 Mon, 2018 3:47 am
FLASH NEWS

മാധ്യമ ഇടപെടലുകള്‍ കാലം ആവശ്യപ്പെടുന്നു: ശില്‍പശാല

Published : 15th November 2016 | Posted By: SMR

കല്‍പ്പറ്റ: സ്ത്രീകളും കുട്ടികളും അവര്‍ക്കെതിരായ അതിക്രമങ്ങളും മാധ്യമങ്ങളും എന്ന വിഷയത്തില്‍ ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പും വയനാട് പ്രസ്‌ക്ലബ്ബും ചേര്‍ന്നു സംഘടിപ്പിച്ച മാധ്യമ ശില്‍പശാല ശ്രദ്ധേയമായി. കുട്ടികള്‍ക്കെതിരായ കേസുകളും കുട്ടികള്‍ ഉള്‍പ്പെടുന്ന കേസുകളും റിപോര്‍ട്ട് ചെയ്യുമ്പോള്‍ മാധ്യമങ്ങള്‍ പാലിക്കേണ്ട നിയമപരമായ കീഴ്‌വഴക്കങ്ങളെക്കുറിച്ച് ശില്‍പശാല ചര്‍ച്ചചെയ്തു. പീഡനത്തിന് ഇരയാവുന്ന സ്ത്രീകളെയും കുട്ടികളെയും തിരിച്ചറിയുന്ന വിധത്തിലുള്ള റിപോര്‍ട്ടിങ് രീതികളില്‍ നിന്നു മാധ്യമങ്ങള്‍ പിന്മാറണം. ഇത്തരത്തിലുള്ള കേസുകളില്‍ മാധ്യമങ്ങള്‍ ഉള്‍ക്കാഴ്ചയില്ലാതെ ഇടപെടുന്നതു ജുവനൈല്‍ ജസ്റ്റിസ് ആക്റ്റ് പ്രകാരം ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. സമൂഹത്തില്‍ കുട്ടികള്‍ക്കും സ്ത്രീകള്‍ക്കുമെതിരേ അനുദിനം ഉയരുന്ന അതിക്രമങ്ങളില്‍ മാധ്യമങ്ങളുടെ അനിവാര്യമായ ഇടപെടലുകള്‍ കാലഘട്ടം ആവശ്യപ്പെടുന്നുണ്ട്. വര്‍ത്തമാനകാലത്തില്‍ അതിക്രമങ്ങള്‍ വര്‍ധിക്കുന്നതും അതെല്ലാം മാധ്യമങ്ങള്‍ വഴി ജനങ്ങളിലെത്തുന്നുമുണ്ട്. പലപ്പോഴും ഇരയുടെ വിലാസം പോലും വെളിപ്പെടുന്ന രീതിയിലേക്ക് കാര്യങ്ങള്‍ നീങ്ങുന്നു. വ്യക്തിപരമെന്നതിനേക്കാള്‍ സാമൂഹികമായി ഇരയെ ഒറ്റപ്പെടുത്തുന്നതിനു വരെ ഇതെല്ലാം കാരണമാവുന്നു. പോക്‌സോ പോലുള്ള നിയമങ്ങള്‍ക്ക് തുല്യ പ്രാധാന്യമാണുള്ളത്. ജില്ലയിലെ ആദിവാസികള്‍ക്കിടയില്‍ ഇതിന്റെ പ്രത്യാഘാതങ്ങള്‍ പരിശോധിക്കപ്പെടണം. ശരിയായ ബോധവല്‍ക്കരണം തന്നെയാണ് വേണ്ടത്. ഇക്കാര്യങ്ങളെല്ലാം ശില്‍പശാല പങ്കുവച്ചു. കുട്ടികളുടെയും സ്ത്രീകളുടെയും അവകാശ സംരക്ഷണത്തില്‍ മാധ്യമങ്ങളുടെ പങ്ക് വളരെ വലുതാണെന്നു സി കെ ശശീന്ദ്രന്‍ എംഎല്‍എ പറഞ്ഞു. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ശില്‍പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അസമത്വത്തിന്റെ പേരിലുള്ള ചൂഷണങ്ങള്‍ വര്‍ധിക്കുകയാണ്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരയൊണ് ലോകവ്യാപകമായ അക്രമങ്ങള്‍ തുടരുന്നത്. ഏതൊരു കലാപത്തിന്റെയും ഇരകള്‍ സ്ത്രീകളും കുട്ടികളുമാണ്. അവരുടെ ക്ഷേമത്തെ വിലയിരുത്തി മാത്രമാണ് ഒരു ജനതയുടെ സംസ്‌കാരം അളന്നെടുക്കാന്‍ കഴിയുക. അടിച്ചമര്‍ത്തപ്പെട്ടവര്‍ക്ക് മുന്നേറ്റമുണ്ടാവണമെങ്കില്‍ സാമ്പത്തികമായ പിന്നാക്കാവസ്ഥ പരിഹരിക്കപ്പെടണം. ഇവര്‍ക്കെതിരായ അതിക്രമങ്ങള്‍ തടയുന്നതിന് പൊതുബോധം വളര്‍ന്നുവരണം. അതിനായി മാധ്യമങ്ങള്‍ പരിശ്രമിക്കണമെന്നും എംഎല്‍എ പറഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി ഉഷാകുമാരി അധ്യക്ഷത വഹിച്ചു. സംസ്ഥാന വനിതാ കമ്മീഷന്‍ അധ്യക്ഷ കെ സി റോസക്കുട്ടി ടീച്ചര്‍ മുഖ്യപ്രഭാഷണം നടത്തി. പോക്‌സോ, ജെജെ ആക്റ്റും മാധ്യമങ്ങളും എന്ന വിഷയത്തില്‍ കോഴിക്കോട് ജില്ലാ പ്രബേഷന്‍ ഓഫിസര്‍ അഷ്‌റഫ് കാവിലും ബാലവാകാശ കമ്മീഷന്‍, പൊതുജനം, മാധ്യമങ്ങള്‍ എന്ന വിഷയത്തില്‍ അഡ്വ. വി എം സിസിലിയും ക്ലാസെടുത്തു. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ കെ പി അബ്ദുല്‍ ഖാദര്‍, പ്രസ്‌ക്ലബ്ബ് പ്രസിഡന്റ് ബിനു ജോര്‍ജ് സംസാരിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss