|    Apr 26 Wed, 2017 5:44 am
FLASH NEWS

മാധ്യമസ്വാതന്ത്ര്യം ഭീഷണിയുടെ നിഴലില്‍

Published : 7th November 2016 | Posted By: SMR

ഇക്കഴിഞ്ഞ ബുധനാഴ്ച ഡല്‍ഹിയില്‍ നടന്ന പത്രപ്രവര്‍ത്തകര്‍ക്കുള്ള ഒരു അവാര്‍ഡ്ദാന ചടങ്ങില്‍ പങ്കെടുത്തു സംസാരിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി 1975ലെ അടിയന്തരാവസ്ഥക്കാലത്തെ പരാമര്‍ശിക്കുകയുണ്ടായി. പൗരസ്വാതന്ത്ര്യത്തിനു കൂച്ചുവിലങ്ങുകള്‍ വീണ അടിയന്തരാവസ്ഥയെക്കുറിച്ച് നമ്മുടെ തലമുറകള്‍ മുന്‍വിധികളില്ലാതെ മനസ്സിലാക്കണമെന്ന്’ അദ്ദേഹം ഉപദേശിക്കുകയും ചെയ്തു. വാക്കും പ്രവൃത്തിയും തമ്മില്‍ ബന്ധമുണ്ടാവണമെന്ന് നിര്‍ബന്ധമില്ലാത്ത ഒരു രാഷ്ട്രീയക്കാരന്റെ പ്രസംഗം മാത്രമായിരുന്നു അതെന്ന് തൊട്ടടുത്ത ദിവസം നടന്ന സംഭവം തെളിയിക്കുന്നു. ഡല്‍ഹിയിലെ പ്രമുഖ വാര്‍ത്താചാനലായ എന്‍ഡിടിവിയുടെ ഹിന്ദി ചാനല്‍ സംപ്രേഷണം നടത്തുന്നതിന് 24 മണിക്കൂര്‍ നേരത്തേക്ക് സര്‍ക്കാര്‍  വിലക്കേര്‍പ്പെടുത്തി.
ജനുവരിയില്‍ പത്താന്‍കോട്ട് വ്യോമതാവളത്തില്‍ നടന്ന ആക്രമണത്തിന്റെ നിര്‍ണായക വിവരങ്ങള്‍ സംപ്രേഷണം ചെയ്‌തെന്നാരോപിച്ചാണ് എന്‍ഡിടിവിക്കെതിരേയുള്ള ഈ നടപടി. വാര്‍ത്താവിതരണ മന്ത്രാലയം നിയോഗിച്ച ഒരു സമിതിയാണ് ചാനലിനെതിരേ നടപടിക്ക് ശുപാര്‍ശ ചെയ്തത്. ഇതുപ്രകാരം ഈ മാസം ഒമ്പതിന് അര്‍ധരാത്രി മുതല്‍ 24 മണിക്കൂര്‍ സംപ്രേഷണം നിര്‍ത്തിവയ്ക്കാന്‍ മന്ത്രാലയം ഉത്തരവിടുകയായിരുന്നു. എന്നാല്‍, മറ്റു ചാനലുകളും പത്രങ്ങളും റിപോര്‍ട്ട് ചെയ്തതില്‍നിന്ന് വ്യത്യസ്തമായി തന്ത്രപ്രധാനമായ ഒരു വിവരവും തങ്ങള്‍ സംപ്രേഷണം ചെയ്തിട്ടില്ലെന്നാണ് എന്‍ഡിടിവി അധികൃതര്‍ വ്യക്തമാക്കുന്നത്.
ഏറ്റവും വലിയ ജനാധിപത്യമെന്ന ഖ്യാതി നിലനില്‍ക്കുമ്പോഴും അഭിപ്രായപ്രകടന സ്വാതന്ത്ര്യം അടക്കമുള്ള പൗരാവകാശങ്ങള്‍ രാജ്യത്ത് ഇന്നും സാര്‍വത്രികമായ അനുഭവമല്ലെന്ന യാഥാര്‍ഥ്യം നിഷേധിക്കാനാവില്ല. റിപോര്‍ട്ടേഴ്‌സ് വിതൗട്ട് ബോര്‍ഡേഴ്‌സ് ഈയിടെ പുറത്തുവിട്ട പത്രസ്വാതന്ത്ര്യത്തെ കുറിച്ച ആഗോള നിലവാര സൂചികയില്‍ 180 രാജ്യങ്ങളില്‍ ഇന്ത്യക്ക് 133ാം സ്ഥാനമാണുള്ളത്. 2015ല്‍ ലോകത്താകമാനമായി വധിക്കപ്പെട്ട 110 പത്ര പ്രവര്‍ത്തകരില്‍ ഒമ്പതുപേര്‍ ഇന്ത്യയില്‍ നിന്നാണ്.
ഒരുതരം ശ്രേണീബദ്ധമായ അഭിപ്രായസ്വാതന്ത്ര്യമാണ് ഇന്ത്യയില്‍ നിലനില്‍ക്കുന്നതെന്നു പറയാം. ആ ശ്രേണിയിലെ ഏറ്റവും അടിത്തട്ടിലുള്ള പ്രദേശങ്ങളാണ് കശ്മീരും ഛത്തീസ്ഗഡും. കശ്മീര്‍ റീഡര്‍ നിരോധിച്ചപ്പോഴും ഛത്തീസ്ഗഡിലെ പത്രപ്രവര്‍ത്തകനായ പ്രഭാത് സിങ് അറസ്റ്റ് ചെയ്യപ്പെട്ടപ്പോഴും വലിയ ഒച്ചപ്പാടുകള്‍ ഇല്ലാതെ പോയത് അതുകൊണ്ടാണ്. ശ്രേണിയില്‍ ഏറ്റവും മുകളിലാണ് ഡല്‍ഹിയിലെ ഇംഗ്ലീഷ് മാധ്യമങ്ങളുടെ സ്ഥാനം. പൊതുവില്‍ ഭരണകൂടാനുകൂല കോറസിന്റെ ഭാഗമാണ് എന്‍ഡിടിവി. ആ കോറസിലെ ചെറിയൊരു ശ്രുതിഭംഗത്തിന്റെ പേരിലാണ് ഇപ്പോഴത്തെ ഈ കണ്ണുരുട്ടല്‍.
ഇവിടെ പ്രതിക്കൂട്ടില്‍ ബിജെപി മാത്രമാണെന്നു പറയാനാവില്ല. എന്‍ഡിടിവിക്കെതിരേയുള്ള നടപടിക്കെതിരേ പ്രതിഷേധവുമായി രംഗത്തെത്തിയവര്‍ മറ്റു ചില വിലക്കുകള്‍ അവഗണിക്കുന്നു. കേരളത്തില്‍ തേജസ് പത്രത്തിനെതിരേ ഇരു മുന്നണികളും കൈക്കൊണ്ട നിലപാടുകളിലും പശ്ചിമ ബംഗാളില്‍ മമതാ ഭരണകൂടം സിപിഎം പ്രസിദ്ധീകരണങ്ങള്‍ക്കെതിരേ സ്വീകരിച്ച നടപടികളിലും തെളിയുന്നത് ഒരേ ഫാഷിസ്റ്റ് മുഖം തന്നെയാണ്.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day