|    Jun 27 Tue, 2017 9:05 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

മാധ്യമവിലക്ക് ജഡ്ജിമാര്‍ മൗനം വെടിയണം: സെബാസ്റ്റ്യന്‍ പോള്‍

Published : 16th November 2016 | Posted By: SMR

കൊച്ചി: കേരളത്തിലെ കോടതികളില്‍ നിലനില്‍ക്കുന്ന മാധ്യമ വിലക്കിന് അഭിഭാഷകരേക്കാള്‍ ഉത്തരവാദികള്‍ പ്രശ്‌നത്തില്‍ മൗനം പാലിക്കുന്ന ജഡ്ജിമാരാണെന്ന് ഡോ. സെബാസ്റ്റ്യന്‍ പോള്‍. കോടതികളിലെ മാധ്യമ വിലക്കിനെതിരേ യുവജനതാദള്‍(യു) സംസ്ഥാനക്കമ്മിറ്റി സംഘടിപ്പിച്ച ഉപവാസ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വിഷയത്തില്‍ ന്യായാധിപന്മാരുടെ നിഷ്‌ക്രിയത്വവും നിശബ്ദതയും അഭിഭാഷകര്‍ക്ക് പ്രോല്‍സാഹനമാവുകയാണ്. ചീഫ് ജസ്റ്റിസ് വിളിച്ചു ചേര്‍ത്ത ഉന്നതതല യോഗത്തിലെ തീരുമാനം അനുസരിച്ച് കോടതികളിലെത്തിയ മാധ്യമപ്രവര്‍ത്തകരേയും അഭിഭാഷകര്‍ അപമാനിച്ച് ഇറക്കിവിട്ടു. ജഡ്ജിമാരുടെ സാന്നിധ്യത്തിലാണ് ഇത്തരം അതിക്രമങ്ങള്‍ നടക്കുന്നത് എന്നതും ശ്രദ്ധേയമാണ്. ഇവര്‍ മനസ്സുവച്ചാല്‍ ഒരു ദിവസം കൊണ്ട് തീരുന്ന പ്രശ്‌നങ്ങളാണിതെന്നും അദ്ദേഹം പറഞ്ഞു.
ജിഷ കേസ് റിപോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകരെ തടഞ്ഞിരിക്കുന്നു. അതുപോലെ സര്‍ക്കാര്‍ ഭൂമി കൈവശം വച്ചിരിക്കുന്നവരില്‍ നിന്നും തിരിച്ച് പിടിക്കുന്ന കേസുകള്‍ നടന്നു കൊണ്ടിരിക്കുകയാണ്. ഇവയൊന്നും പൊതുജനങ്ങള്‍ അറിയരുതെന്നുള്ളത് ആരുടെ താല്‍പര്യമാണെന്നും അദ്ദേഹം ചോദിച്ചു. ഇതിനെ ചോദ്യം ചെയ്യേണ്ടത് പൊതുജനമാണ്. ജനങ്ങള്‍ ചരിത്രപരപമായ ഈ ദൗത്യം ഏറ്റെടുക്കണം. ജനം തെരുവിലിറങ്ങിയാല്‍ എല്ലാപ്രശ്‌നങ്ങള്‍ക്കും പരിഹാരമാവുമെന്നും അദ്ദേഹം പറഞ്ഞു.  മാധ്യമ വിലക്കിനെതിരേയുള്ള സമരം പൗരാവകാശ നിഷേധങ്ങള്‍ക്കെതിരേയുള്ള പോരാട്ടമാണെന്ന് ജനതാദള്‍(യു) പ്രസിഡന്റ് എം പി വീരേന്ദ്രകുമാര്‍ എംപി സന്ദേശത്തിലൂടെ അറിയിച്ചു. യുവ ജനതാദള്‍(യു) സംസ്ഥാന പ്രസിഡന്റ് സലീം മടവൂര്‍. നേതാക്കളായ എന്‍ കെ അനില്‍കുമാര്‍, എന്‍ അബ്ദുള്‍ സത്താര്‍, ഗിരീഷ് ഇലഞ്ഞിമേല്‍, സി ആര്‍ അരുണ്‍, പി സി സന്തോഷ് സംസാരിച്ചു. രാവിലെ 9ന് തുടങ്ങിയ ഉപവാസ സമരം വൈകീട്ട് അഞ്ചിന് ജനതാദള്‍ ദേശീയ സമിതിയംഗം എ എസ് രാധാകൃഷ്ണന്‍ നാരങ്ങാനീര് നല്‍കി അവസാനിപ്പിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക