|    Nov 19 Mon, 2018 10:29 am
FLASH NEWS
Home   >  Todays Paper  >  Page 1  >  

മാധ്യമവിലക്കില്ലെന്ന് ഡിജിപി; ഇന്നു രാവിലെ മാത്രമേ കടത്തിവിടൂ എന്ന് ഐജി

Published : 5th November 2018 | Posted By: kasim kzm

തിരുവനന്തപുരം/ കൊച്ചി: ശബരിമലയില്‍ മാധ്യമങ്ങള്‍ക്ക് വിലക്കില്ലെന്ന് പോലിസ് മേധാവി വ്യക്തമാക്കിയെങ്കിലും നടപ്പായില്ല. സുരക്ഷയുടെ ഭാഗമായി മാധ്യമങ്ങളെ ഇന്നലെ രാവിലെ ഇലവുങ്കലിലും സമീപ പ്രദേശങ്ങളിലും തടഞ്ഞതിനു പിന്നാലെ വിലക്ക് ഏര്‍പ്പെടുത്തില്ലെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റയും ദേവസ്വം മന്ത്രിയും വ്യക്തമാക്കിയിരുന്നു. എന്നാല്‍, മാധ്യമങ്ങളെ ഇന്നു കടത്തിവിട്ടാല്‍ മതിയെന്നാണ് സുരക്ഷാ ഉദ്യോഗസ്ഥരുടെ തീരുമാനം.
സന്നിധാനത്ത് മാധ്യമപ്രവര്‍ത്തകര്‍ക്ക് പൂര്‍ണ വിലക്ക് ഏര്‍പ്പെടുത്തിയ പോലിസ് നിലയ്ക്കലിന് രണ്ടു കിലോമീറ്റര്‍ അകലെ മാധ്യമപ്രവര്‍ത്തകരെ തടഞ്ഞിരുന്നു. അട്ടത്തോട് കോളനി വഴിയെത്തിയ മാധ്യമങ്ങളെ സ്വാമിക്കടയിലും തടഞ്ഞു. ഇവിടെ പോലിസ് ബാരിക്കേഡും കാവലും ഏര്‍പ്പെടുത്തി. ഇതാദ്യമായാണ് നിലയ്ക്കല്‍ മുതല്‍ സന്നിധാനം വരെ മാധ്യമവിലക്ക് ഏര്‍പ്പെടുത്തിയത്.
എന്നാല്‍, ശബരിമലയില്‍ മാധ്യമങ്ങള്‍ക്ക് വിലക്കില്ലെന്ന് വ്യക്തമാക്കിയ ഡിജിപി ലോക്‌നാഥ് ബെഹ്‌റ, നിലയ്ക്കലിലേക്ക് പോകാനുള്ള നിയന്ത്രണവും നീക്കി. ഇന്നലെ വൈകീട്ട് പമ്പയിലേക്ക് പോവാനുള്ള അനുമതിയും അദ്ദേഹം നല്‍കി. താല്‍ക്കാലിക നിയന്ത്രണം ഏര്‍പ്പെടുത്തിയതു മാധ്യമപ്രവര്‍ത്തകരുടെ സുരക്ഷയെ കരുതിയാണെന്നും ബെഹ്‌റ പറഞ്ഞു.
എന്നാല്‍, ഇന്നു രാവിലെ 8.30നു ശേഷം മാധ്യമങ്ങളെ കടത്തിവിട്ടാല്‍ മതിയെന്ന നിര്‍ദേശമാണ് സുരക്ഷാ ചുമതലയുള്ള ഐജി അശോക് യാദവ് നല്‍കിയത്. മാധ്യമങ്ങളെ കടത്തിവിടുന്ന സമയം തീരുമാനിച്ചിട്ടില്ലെന്ന് എസ്പി മഞ്ജുനാഥും വ്യക്തമാക്കി.
അതേസമയം, ശബരിമലയിലും പരിസരത്തും സുരക്ഷാ ക്രമീകരണങ്ങള്‍ പൂര്‍ത്തിയായാല്‍ ഉടന്‍ തന്നെ മാധ്യമപ്രവര്‍ത്തകര്‍ക്ക് പ്രവേശനം അനുവദിക്കുമെന്ന് ലോക്‌നാഥ് ബെഹ്‌റ അറിയിച്ചിരുന്നു. മാധ്യമപ്രവര്‍ത്തകരുടെയും ഭക്തരുടെയും താല്‍പര്യവും സുരക്ഷയും കണക്കിലെടുത്താണ് ഈ നടപടിയെന്നും അദ്ദേഹം പറഞ്ഞു.
അതിനിടെ, പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന് ഇന്നലെ രാത്രി തന്നെ മാധ്യമപ്രവര്‍ത്തകര്‍ക്ക് പമ്പ വരെ പോകാന്‍ അനുമതി നല്‍കിയിട്ടുണ്ട്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss