|    Jan 20 Fri, 2017 9:40 pm
FLASH NEWS

മാധ്യമവിചാരണയല്ല, ഇത് ആക്രമണം

Published : 28th February 2016 | Posted By: SMR

അഹ്മദ് ശരീഫ് പി

മാധ്യമവിചാരണ ഇത്രമേല്‍ വഷളായ ഒരു കാലഘട്ടം ഇന്ത്യയില്‍ ഒരുപക്ഷേ, ഇത് ആദ്യമായിരിക്കണം. രാജ്യസ്‌നേഹത്തിന്റെയും സൈനിക വീരമൃത്യുവിന്റെയും ഉന്മാദങ്ങള്‍ ആളിക്കത്തിച്ച് എതിര്‍ശബ്ദങ്ങളെ നിര്‍വീര്യമാക്കാനുള്ള ക്രമാനുഗതവും ആസൂത്രിതവുമായ ഗൂഢാലോചന അരങ്ങേറിക്കൊണ്ടിരിക്കുന്നു. വ്യാജ വീഡിയോ നിര്‍മിച്ച് പ്രചരിപ്പിച്ച് ഒരു സര്‍വകലാശാലയുടെ നിലനില്‍പ്പും പ്രവര്‍ത്തനവും അവതാളത്തിലാക്കിയിരിക്കുന്നു.
‘മാധ്യമവിചാരണ’ എല്ലാ അതിര്‍വരമ്പുകളും ലംഘിച്ച് കൂത്താടിയ പരിഹാസ്യമായ കാഴ്ചയാണ് രണ്ടാഴ്ചയായി രാജ്യം ദര്‍ശിക്കുന്നത്. ജെഎന്‍യു വിദ്യാര്‍ഥികളെ അനുകൂലിച്ച് പാക് ഭീകരമുദ്രയുള്ള ഹാഫിസ് സഈദിന്റേതായി വ്യാജ ട്വിറ്റര്‍ ഉണ്ടാക്കുക. അതു പ്രചരിപ്പിച്ച് രാജ്യദ്രോഹം ആരോപിച്ച് വിദ്യാര്‍ഥികളെ തടവിലിടുക. കശ്മീരില്‍ ഐഎസ് പതാക വീശിയെന്ന വാര്‍ത്തയ്ക്കും ഒരുദിവസത്തിന്റെ ആയുസ്സുണ്ടായില്ല. കനയ്യകുമാറിന്റെ പ്രസംഗം മാറ്റിമറിച്ച് വീഡിയോതരംഗം സൃഷ്ടിച്ച് രാജ്യസ്‌നേഹ ഉന്മാദം സൃഷ്ടിച്ചവര്‍ ഇതിലപ്പുറവും ചെയ്യും. ഹിന്ദുത്വ, ഹിന്ദുയിസം, ആര്‍ഷഭാരതസംസ്‌കാരം തുടങ്ങിയ പ്രചാരണങ്ങളേക്കാള്‍ ജനങ്ങളെ സ്വാധീനിക്കാന്‍ ദേശീയത എന്ന വികാരസൃഷ്ടിക്ക് സാധിക്കുമെന്ന കണ്ടെത്തലാണ് ഇപ്പോഴത്തെ രാജ്യസ്‌നേഹജ്വര പകര്‍ച്ചയ്ക്ക് ശരിയായ കാരണം. ദേശീയ ജ്വരബാധ വ്യാപകമായാല്‍ പിന്നെ മേല്‍ജാതിയും കീഴ്ജാതിയും ഇടതും വലതും ഭൂരിപക്ഷവും ന്യൂനപക്ഷവും ഒരുപോലെ അതിനു വഴിപ്പെടും. ഫാഷിസ്റ്റ് അധികാരപര്‍വത്തെ എതിര്‍ക്കാന്‍ ഒരാളും ധൈര്യപ്പെടുകയില്ല. കനയ്യകുമാറിനെയോ ഉമര്‍ ഖാലിദിനെയോ ഗീലാനിയെയോ അവരോട് ചെയ്ത അനീതിയെയോ ആരെങ്കിലും ചോദ്യംചെയ്യുന്നുണ്ടെങ്കില്‍ അവര്‍കൂടി രാജ്യദ്രോഹികളായി മാറുമെന്നര്‍ഥം.
2016 ഫെബ്രുവരി 20ന് എന്‍ഡിടിവി ഹിന്ദി അവതാരകന്‍ രവീഷ്‌കുമാര്‍ 41 മിനിറ്റ് നേരം മിനി സ്‌ക്രീനില്‍ കറുത്ത പ്രതലമാക്കിനിര്‍ത്തി ബ്ലാക്ക് ടൈം ആചരിച്ചു. 41 മിനിറ്റ് നേരം രവീഷ് ഇപ്പോഴത്തെ ഇന്ത്യന്‍ ചാനലുകള്‍ കാട്ടിക്കൂട്ടുന്ന വൈകൃതങ്ങള്‍ ചൂണ്ടിക്കാട്ടി. ടൈംസ് നൗ ചാനലിന്റെ തലപ്പത്ത് കയറിയിരുന്ന് അര്‍ണാബ് ഗോസ്വാമി കാട്ടിക്കൂട്ടിയ അഹങ്കാരത്തിനും അല്‍പത്വത്തിനും മറുപടി പറയുകയായിരുന്നു രവീഷ്. അന്നത്തെ ചാനല്‍ചര്‍ച്ച വേണ്ടെന്നുവച്ച് അദ്ദേഹം ഓര്‍മപ്പെടുത്തിയത്, ചര്‍ച്ചയെന്നാല്‍ ആക്രോശങ്ങളല്ല, തെളിവില്ലാതെ വ്യക്തികളെ രാജ്യദ്രോഹി എന്നു മുദ്രകുത്തലല്ല, മറ്റുള്ളവരെ സംസാരിക്കാന്‍ അനുവദിക്കാതിരിക്കലല്ല എന്നുതന്നെയാണ്.
തൊട്ടുതലേദിവസം ടൈംസ് നൗ ചാനലില്‍ ജെഎന്‍യു വിദ്യാര്‍ഥി ഉമര്‍ ഖാലിദിനെ വിളിച്ചുവരുത്തി സ്റ്റുഡിയോയിലിരുത്തി രാജ്യദ്രോഹി എന്നു വിളിച്ച് അട്ടഹസിക്കുകയായിരുന്നു അര്‍ണാബ് ഗോസ്വാമി. താന്‍ സംസാരിക്കുമ്പോള്‍ മറുത്തുപറയാന്‍ നീ ആരെടാ, നിന്നെ ഞാന്‍ ഇവിടെനിന്ന് ഇറക്കിവിട്ടാല്‍ ആരും ചോദിക്കാനില്ല തുടങ്ങി പലതവണ രാജ്യദ്രോഹി എന്നു വിളിച്ച് മാധ്യമവിചാരണയും വിധിനിര്‍ണയവും ‘വധശിക്ഷ’യും നടപ്പാക്കുകയായിരുന്നു ഗോസ്വാമി. ഇത് ജെഎന്‍യു സംഭവങ്ങളുടെ ഒരു എപ്പിസോഡ് മാത്രമായിരുന്നു. ന്യൂസ് എക്‌സിലും ഉമര്‍ ഖാലിദിന് ഇതേ അനുഭവമുണ്ടായി. ജെഎന്‍യു വിദ്യാര്‍ഥി യൂനിയന്‍ പ്രസിഡന്റ് കനയ്യകുമാറിന്റെ പ്രസംഗം എഡിറ്റ് ചെയ്ത് മറ്റാരോ വിളിക്കുന്ന രാജ്യദ്രോഹ മുദ്രാവാക്യം കനയ്യയുടേതാക്കി മാറ്റി ടൈംസ് നൗ, സീ ന്യൂസ്, ന്യൂസ് എക്‌സ് തുടങ്ങി പല ചാനലുകളിലും നിരന്തരമായി അവതരിപ്പിച്ചുകൊണ്ടാണ് കനയ്യയുടെ അറസ്റ്റിന് പശ്ചാത്തലമൊരുക്കിയത്. ‘രാജ്യദ്രോഹി’ ആയതിനാല്‍ സംഘപരിവാര അഭിഭാഷകര്‍ക്കും പോലിസിനും പിന്നെ ആര്‍ക്കുവേണമെങ്കിലും കനയ്യയെയും ഉമര്‍ ഖാലിദിനെയും വേട്ടയാടാം എന്നതായി സ്ഥിതി. ഇന്ത്യന്‍ ചരിത്രത്തില്‍ ഇന്നേവരെ ഉണ്ടാവാത്തതരത്തിലുള്ള ഈ ‘മീഡിയാ അറ്റാക്ക്’ തലസ്ഥാന നഗരിയില്‍ അരങ്ങേറി. അതിന്റെ പ്രത്യാഘാതങ്ങള്‍ രാജ്യം മുഴുവന്‍ അലയടിച്ചു. നിജസ്ഥിതി പുറത്തുകൊണ്ടുവരാന്‍ ഇന്ത്യാ ടുഡേ അടക്കമുള്ള മുഖ്യധാരാ ചാനലുകള്‍ തന്റേടം കാണിച്ചതിനാല്‍ മാത്രം ഈ കഥകള്‍ വെളിച്ചത്തുവന്നു.
2007ല്‍ ഡല്‍ഹിയിലെ സര്‍ക്കാര്‍ വിദ്യാലയമായ സര്‍വോദയ കന്യാ വിദ്യാലയത്തിലെ കണക്ക് ടീച്ചറായ ഉമ ഖുരാനയുടെ കഥ ഓര്‍മിക്കുക. അന്നത്തെ മാധ്യമ വില്ലന്മാര്‍ തന്നെയാണ് കനയ്യകുമാറിന്റെ പ്രസംഗത്തിന്റെ ശബ്ദരേഖ മാറ്റി രാജ്യദ്രോഹം തിരുകിക്കയറ്റിയത്.
പെണ്‍കുട്ടികള്‍ മാത്രം പഠിക്കുന്ന സര്‍വോദയ കന്യാ സ്‌കൂള്‍ പ്രശസ്തമാവുന്നത് ജന്‍മത് എന്ന ഹിന്ദി ചാനല്‍ നടത്തിക്കൊണ്ടുപോവാനുള്ള ബുദ്ധിമുട്ട് കാരണം ലൈവ് ഇന്ത്യ എന്നു പേരുമാറ്റുന്നതിലൂടെയാണ്. സുധീര്‍ ചൗധരി ചാനല്‍ മേധാവിയായി വന്നത് ഉമ ഖുരാന സ്വന്തം വിദ്യാര്‍ഥിനികളെ വച്ച് പെണ്‍വാണിഭം നടത്തുന്നതായി മുഖം മറച്ച ഒരു പെണ്‍കുട്ടി കാമറയ്ക്കു മുമ്പില്‍ പറയുന്ന ഞെട്ടിപ്പിക്കുന്ന സംപ്രേഷണത്തോടെയായിരുന്നു. ഉമ ഖുരാനയെ ജനം നടുറോഡില്‍ വസ്ത്രാക്ഷേപം നടത്തി. ലൈവ് ഇന്ത്യ ചാനല്‍ ലൈവായി എന്നതു ലാഭം. റിപോര്‍ട്ടര്‍ പ്രകാശ് സിങും 10ാംക്ലാസുകാരിയായി അഭിനയിച്ച ഇയാളുടെ കാമുകി രശ്മിസിങും തങ്ങള്‍ കള്ളക്കഥ മെനയുകയായിരുന്നുവെന്ന് പോലിസില്‍ സമ്മതിച്ചു. 2012ല്‍ ഇതേ സുധീര്‍ ചൗധരി സീ ന്യൂസ് മേധാവിയായി എത്തുന്നു. സീ ബിസിനസ് മേധാവി സമീര്‍ അലുവാലിയക്കൊപ്പം ചൗധരി കോണ്‍ഗ്രസ് എംപിയും വ്യവസായിയുമായ നവീന്‍ ജിന്‍ഡാലിനെ കാണാനെത്തി. കല്‍ക്കരിപ്പാടം അഴിമതിക്കഥകളില്‍നിന്ന് ജിന്‍ഡാല്‍ ഗ്രൂപ്പിനെ ഒഴിവാക്കാന്‍ 100 കോടിയാണ് ഇവര്‍ ചോദിച്ചത്. പക്ഷേ, സുധീര്‍ ചൗധരിയും സീ ന്യൂസും കാട്ടുന്ന പണി ഇത്തവണ നവീന്‍ ജിന്‍ഡാല്‍ ചെയ്തു. മുഴുവന്‍ ഒളികാമറയില്‍ റിക്കാഡ് ചെയ്തു. പക്ഷേ, സീ ന്യൂസില്‍ ചൗധരി തുടര്‍ന്നു.
ജെഎന്‍യുവില്‍ കനയ്യകുമാറിന്റെ മുദ്രാവാക്യം വിളിയില്‍ ദേശവിരുദ്ധ മുദ്രാവാക്യം മിശ്രണം ചെയ്ത് ആദ്യമായി വിളമ്പിയത് സുധീര്‍ ചൗധരിയുടെ സീ ന്യൂസ് ആയിരുന്നു. ബിജെപി ഗവണ്‍മെന്റിന്റെ എക്‌സ് കാറ്റഗറി സുരക്ഷയില്‍ സ്വയം സംരക്ഷിതനാണ് ചൗധരി. ഇതേ സൗകര്യം ഉടനെ അര്‍ണാബിനും ലഭിച്ചേക്കും.
വീഡിയോ വ്യാജമാണെന്ന് ഇന്ത്യാ ടുഡേ, എബിപി, എന്‍ഡിടിവി ചാനലുകള്‍ തെളിയിക്കും വരെ ഇന്ത്യ മുള്‍മുനയിലായിരുന്നു. കുറേ വിദ്യാര്‍ഥികളെ രാജ്യദ്രോഹികളാക്കി മുദ്രകുത്തി കാരാഗൃഹത്തിലടയ്ക്കാന്‍ ചാനലുകള്‍ പരസ്യമായി കൂട്ടുനില്‍ക്കുന്ന ലജ്ജാകരമായ പ്രവൃത്തി, ജെഎന്‍യുവില്‍ പ്രസ്തുത പ്രസംഗം ശ്രവിക്കാനും റിക്കാഡ് ചെയ്യാനും നൂറുകണക്കിന് വിദ്യാര്‍ഥികളുണ്ടായിരുന്നില്ലെങ്കില്‍ സ്ഥിരീകരിക്കപ്പെടുമായിരുന്നു.
വാര്‍ത്തകളും വിഷ്വലുകളും വളച്ചൊടിച്ച സീ ന്യൂസിന്റെ നടപടിയില്‍ പ്രതിഷേധിച്ച് അതിന്റെ പ്രൊഡ്യൂസര്‍ വിശ്വദീപക് രാജിവച്ചു. സീ ന്യൂസ് ഷൂട്ട് ചെയ്ത് സംപ്രേഷണം ചെയ്ത ഫൂട്ടേജില്‍ ഇല്ലാതിരുന്ന പാകിസ്താന്‍ സിന്ദാബാദ് എന്ന കാപ്ഷന്‍ ചാനല്‍വക നല്‍കുകയായിരുന്നുവെന്ന് ആരോപിക്കുന്നു. ദേശീയ ഭ്രാന്ത് സൃഷ്ടിക്കാനും ജനങ്ങളെ ഇളക്കിവിടാനും തങ്ങളിത് ആവര്‍ത്തിച്ചുകൊണ്ടിരിക്കുകയായിരുന്നു. റിപോര്‍ട്ടര്‍ പവന്‍ നരയുടെ സാന്നിധ്യത്തില്‍ താന്‍ എഡിറ്റ് ചെയ്ത ഫൂട്ടേജില്‍ പാകിസ്താന്‍ സിന്ദാബാദ് ഇല്ലായിരുന്നു. എഡിറ്റര്‍മാരുടെ നിര്‍ബന്ധപ്രകാരമാണ് ‘പാകിസ്താന്‍ സിന്ദാബാദ്’ വോയ്‌സ് ചേര്‍ത്തതെന്നും ദീപക് വ്യക്തമാക്കി. ഡല്‍ഹി പോലിസ് എഫ്‌ഐആര്‍ ഫയല്‍ ചെയ്യാന്‍ ഉപയോഗിച്ചത് സീ ന്യൂസിന്റെ ഫെബ്രുവരി ഒമ്പതിലെ ഈ ന്യൂസ് ക്ലിപ്പിങ് ആണ്. ദീപക് രാജിവച്ചിട്ടും കണ്ണുതുറക്കാന്‍ നാം തയ്യാറല്ലെന്നതിന്റെ തെളിവാണ് മോഹന്‍ലാലിന്റെ ബ്ലോഗ്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 178 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക