|    Jun 24 Sun, 2018 5:19 am
FLASH NEWS
Home   >  Editpage  >  Article  >  

മാധ്യമപ്രവര്‍ത്തകര്‍ വേട്ടമൃഗങ്ങളോ?

Published : 8th January 2017 | Posted By: fsq

അവകാശങ്ങള്‍ നിഷേധങ്ങള്‍

അംബിക
ഇപ്പോള്‍ ഈ ചോദ്യം  ഉയര്‍ന്നുവന്നത്  ക്രിസ്മസ് ദിനത്തില്‍ നിലമ്പൂരിനടുത്തുള്ള കക്കാടംപൊയില്‍ എന്ന വിനോദസഞ്ചാരകേന്ദ്രത്തിന്റെ പരിസരത്ത് അവധിയാഘോഷിക്കാനായി സഹോദരനും സുഹൃത്തിനുമൊപ്പം എത്തിയ വനിതാ മാധ്യമപ്രവര്‍ത്തക നേരിടേണ്ടിവന്ന ദുരനുഭവങ്ങളാണ്. മാധ്യമപ്രവര്‍ത്തകയായ യുവതിയെ ശാരീരികമായി ആക്രമിക്കുകയും ഭീഷണിപ്പെടുത്തുകയും മൊബൈല്‍ ഫോണ്‍ വാങ്ങി വലിച്ചെറിയുകയും ചെയ്തു ക്രിമിനല്‍ സംഘം. മാധ്യമപ്രവര്‍ത്തകയെയും അവരുടെ സുഹൃത്തിനെയും അടുത്തുള്ള കാട്ടില്‍ കൊണ്ടുപോയി ബലാല്‍സംഗം ചെയ്യുമെന്നാണ് നാട്ടുകാര്‍ നോക്കിനില്‍ക്കെ വിളിച്ചുപറഞ്ഞത്. സഹോദരന്റെ ജീവനെക്കുറിച്ചായിരുന്നു അപ്പോഴും താന്‍ ചിന്തിച്ചതെന്നു മാധ്യമപ്രവര്‍ത്തക പറയുന്നു. നാട്ടുകാര്‍ ചുറ്റും നോക്കിനില്‍ക്കെ ഇങ്ങനെ പെണ്‍കുട്ടികളെ ആക്രമിക്കാനും അധിക്ഷേപിക്കാനും ആ ക്രിമിനല്‍സംഘത്തിന് എങ്ങനെ സാധിച്ചു എന്നതാണ് ഏറ്റവും ഗൗരവമുള്ള വിഷയം. സംഭവത്തിനുശേഷം അക്രമിസംഘം ഒരു കാറില്‍ കയറി പോവുകയായിരുന്നു. അക്രമികളെ തടഞ്ഞുവയ്ക്കുന്നതിന് കാഴ്ചക്കാരായിനിന്ന നാട്ടുകാര്‍ തയ്യാറായില്ല. മാത്രമല്ല, അക്രമികള്‍ കയറിപ്പോയ കാറിന്റെ നമ്പര്‍പ്ലേറ്റ് വ്യക്തമാവുന്ന രീതിയിലുള്ള പടമെടുത്താണ് പോലിസില്‍ പരാതി കൊടുത്തത്. ഈ സാഹചര്യത്തില്‍ മണിക്കൂറുകള്‍ക്കകം തന്നെ പ്രതികളെ പിടികൂടാമെന്നിരിക്കെ പോലിസ് നിഷ്‌ക്രിയമാവുന്ന കാഴ്ചയാണു കാണാനായത്. പിന്നീട് പ്രതികളെ കസ്റ്റഡിയിലെടുത്തെങ്കിലും വിട്ടയക്കുകയായിരുന്നു. വനിതാ കമ്മീഷനിലും പരാതി കൊടുത്തിരുന്നു. ഇപ്പോള്‍ സ്‌പെഷ്യല്‍ ബ്രാഞ്ച് പോലിസ് പരാതിക്കാരുടെ മൊഴിയെടുക്കുക മാത്രമാണ് ചെയ്തിരിക്കുന്നത്. കഴിഞ്ഞ ദിവസം വാഹനം കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കുറ്റക്കാര്‍ക്കെതിരേ നടപടിയെടുക്കുന്നതില്‍ പോലിസിന്റെ ഭാഗത്തുനിന്നുണ്ടായ അനാസ്ഥ വച്ചുപൊറുപ്പിക്കാവുന്നതല്ല. പോലിസിനുമേല്‍ കടുത്ത രാഷ്ട്രീയസമ്മര്‍ദമുണ്ടെന്നാണ് വസ്തുതകള്‍ വ്യക്തമാക്കുന്നത്. ഈ വിഷയത്തില്‍ നാട്ടുകാരുടെ ഭാഗത്തുനിന്നുണ്ടായ പ്രതികരണമാണ് ഏറെ അദ്ഭുതപ്പെടുത്തിയത്. ‘മാധ്യമപ്രവര്‍ത്തകര്‍ക്കെന്താ കൊമ്പുണ്ടോ’ എന്നാണ് ഈ സംഭവത്തിനു ശേഷം അവിടെ ഉയര്‍ന്നുവന്ന ഫഌക്‌സ് ബോര്‍ഡില്‍ കണ്ട ഒരു ചോദ്യം. മാധ്യമപ്രവര്‍ത്തകരെ പൊതുവിലും സ്ത്രീകളെ വിശേഷിച്ചും അധിക്ഷേപിക്കുന്ന വാചകങ്ങളാണ് ഫ്‌ളക്‌സുകളിലുള്ളത്.  ഒരുപക്ഷേ, നാട്ടുകാരില്‍ ചിലരാവാം ഇതിനുപിന്നില്‍. ചിലപ്പോള്‍ അക്രമികളുടെ സില്‍ബന്തികളാവാം. എന്തായാലും ചാലിയാര്‍ പഞ്ചായത്തിന്റെ പരിധിയില്‍ വരുന്ന ഈ പ്രദേശത്ത് ഉയര്‍ത്തിയ ഫഌക്‌സ് ബോര്‍ഡുകള്‍ നീക്കംചെയ്യുന്നതിനോ അതിനോട് പ്രതികരിക്കുന്നതിനോ ആരും തയ്യാറായില്ല എന്നത് ഉത്തരംകിട്ടാത്ത ഒരുപാട് ചോദ്യങ്ങള്‍ ഉയര്‍ത്തുന്നുണ്ട്. വിനോദസഞ്ചാരത്തിനായി ഇവിടെയെത്തുന്ന പല പെണ്‍കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും ഇത്തരം ദുരനുഭവങ്ങള്‍ ഉണ്ടാവാറുണ്ട് എന്നാണ് അറിയാന്‍ കഴിഞ്ഞത്. പലപ്പോഴും ഇത്തരം കാര്യങ്ങള്‍ പുറത്തുവരാറില്ല എന്നു മാത്രം. ഇത്തവണ അതിക്രമത്തിനിരയായത് ഒരു മാധ്യമപ്രവര്‍ത്തകയും സുഹൃത്തും സഹോദരനുമായി എന്നതുകൊണ്ടാണ് കാര്യങ്ങള്‍ പുറത്തുവന്നത് എന്നുവേണം അനുമാനിക്കാന്‍. പക്ഷേ, അവിടെ ഉയര്‍ന്ന ഫഌക്‌സ് ബോര്‍ഡുകള്‍ മറ്റൊരു സൂചനയായി മാത്രമേ കാണാനാവൂ. മാധ്യമപ്രവര്‍ത്തക ജോലിയുടെ ഭാഗമായല്ല അവിടെ പോയതെങ്കിലും മാധ്യമപ്രവര്‍ത്തകരുടെ സന്ദര്‍ശനം പ്രദേശവാസികളില്‍ ചിലരെങ്കിലും ഇഷ്ടപ്പെടുന്നില്ല എന്നതാണ് ഫഌക്‌സുകള്‍ വിളിച്ചുപറയുന്നത്. ഇതിനെതിരേ ഫഌക്‌സ് ബോര്‍ഡുകള്‍ നീക്കംചെയ്യണമെന്നാവശ്യപ്പെട്ട് പോലിസിന് പരാതി നല്‍കിയിട്ടുണ്ട്. ഒരു മാധ്യമപ്രവര്‍ത്തകയ്‌ക്കെതിരേ ഇത്തരം ഒരു ബോര്‍ഡ് ഉയര്‍ന്നുവരുന്നത് എന്തുകൊണ്ട് എന്ന കാര്യം വളരെ ഗൗരവത്തോടെ കാണേണ്ടതുണ്ട്. പൊതുജനങ്ങളും മാധ്യമപ്രവര്‍ത്തകരും തമ്മിലുള്ള ബന്ധത്തില്‍ വന്നിട്ടുള്ള അകല്‍ച്ച വിളിച്ചറിയിക്കുന്ന ഒന്നായി ഈ സംഭവത്തെ കാണേണ്ടതുണ്ട്. ഏതാനും ചില സാമൂഹികവിരുദ്ധര്‍ ഉയര്‍ത്തിയതാണ് ആ ഫഌക്‌സുകളെങ്കില്‍ സ്വാഭാവികമായും അത് പൊതു ഇടപെടലിന്റെ ഭാഗമായി നീക്കംചെയ്യപ്പെടുമായിരുന്നു. അങ്ങനെ സംഭവിച്ചിട്ടില്ല. മാത്രമല്ല, മറ്റേതെങ്കിലും പെണ്‍കുട്ടിയാണ് അതിക്രമത്തിനിരയായതെങ്കില്‍ അതിനെതിരേ പ്രതികരിച്ചതിന്റെ പേരില്‍ ഇങ്ങനെ ഫഌക്‌സ് ഉയരുമായിരുന്നോ എന്ന കാര്യവും സംശയമാണ്. ജനകീയപ്രശ്‌നങ്ങളെ കണ്ടെത്തുകയും വാര്‍ത്തയാക്കുകയും അത്തരം പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതില്‍ പത്രപ്രവര്‍ത്തനത്തിലൂടെ ശ്രമിക്കുകയും ചെയ്യുന്ന രീതി മാധ്യമങ്ങള്‍ക്ക് ഇന്ന് കൈമോശം വന്നിട്ടുണ്ടോ? എന്തുകൊണ്ടാണ് മാധ്യമപ്രവര്‍ത്തകര്‍ പ്രതിസന്ധി നേരിടുന്ന ഘട്ടങ്ങളില്‍ പൊതുസമൂഹം കൂടെ നില്‍ക്കാന്‍ തയ്യാറാവാത്തത്? മാത്രമല്ല, മാധ്യമപ്രവര്‍ത്തകയായ ഒരു പെണ്‍കുട്ടി അതിക്രമത്തിന് ഇരയായിട്ടും മാധ്യമപ്രവര്‍ത്തകരുടെ സംഘടനപോലും വിഷയത്തില്‍ വേണ്ടരീതിയില്‍ ഇടപെടുന്നില്ല എന്നതും പ്രതിഷേധാര്‍ഹമാണ്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss