|    Dec 15 Fri, 2017 12:14 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായ അക്രമം: അന്വേഷണച്ചുമതല ക്രൈം ഡിറ്റാച്ച്‌മെന്റിന്

Published : 16th November 2016 | Posted By: SMR

തിരുവനന്തപുരം: വഞ്ചിയൂര്‍ കോടതിയില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരേ നടന്ന അതിക്രമം സംബന്ധിച്ച കേസിന്റെ അന്വേഷണച്ചുമതല ക്രൈം ഡിറ്റാച്ച്‌മെന്റ് അസിസ്റ്റന്റ് കമ്മീഷണര്‍ സന്തോഷ്‌കുമാറിന് കൈമാറി. തിരുവനന്തപുരം സിറ്റി പോലിസ് കമ്മീഷണറുടെ നിര്‍ദേശപ്രകാരമാണ് കേസിന്റെ അന്വേഷണ ചുമതല വഞ്ചിയൂര്‍ എസ്‌ഐയില്‍ നിന്നും ക്രൈം ഡിറ്റാച്ച്‌മെന്റ് അസിസ്റ്റന്റ് കമ്മീഷണര്‍ക്ക് കൈമാറിയത്.
അന്വേഷണം ഇഴഞ്ഞു നീങ്ങുന്നുവെന്ന് നേരത്തേ വിവിധ കോണുകളില്‍ നിന്നും പരാതി ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെ ഇരുവിഭാഗങ്ങളുടെയും ഭാഗത്തു നിന്നുള്ള സമ്മര്‍ദം സഹിക്കാനാവുന്നില്ലെന്ന വഞ്ചിയൂര്‍ എസ്‌ഐയുടെ അഭ്യര്‍ഥനയെ തുടര്‍ന്നാണ് അന്വേഷണ ചുമതലയില്‍ നിന്ന് അദ്ദേഹത്തെ മാറ്റിയത്. മാധ്യമ, അഭിഭാഷക പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് വിവിധ പോലിസ് സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്ത 14 കേസുകളുടെയും അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കുക അസിസ്റ്റന്റ് കമ്മീഷണറാവും.
ഇക്കഴിഞ്ഞ ജൂലൈ 21നാണ് തിരുവനന്തപുരം വഞ്ചിയൂര്‍ കോടതിയില്‍ അഭിഭാഷകര്‍ മാധ്യമപ്രവര്‍ത്തകരെ ആക്രമിച്ചത്. വഞ്ചിയൂര്‍ കോടതിയില്‍ വാര്‍ത്ത ശേഖരിക്കാനെത്തിയ മാധ്യമപ്രവര്‍ത്തകരെ കൈയേറ്റം ചെയ്ത അഭിഭാഷകര്‍ നടത്തിയ കല്ലേറില്‍ പത്തോളം മാധ്യമപ്രവര്‍ത്തകര്‍ക്കും ഒരു ഗുമസ്തനും പരിക്കേറ്റിരുന്നു. നിരവധി വാഹനങ്ങള്‍ക്കും ചാനല്‍ കാമറകള്‍ക്കും കേടുപറ്റി.
പ്രശ്‌നത്തിന് താല്‍ക്കാലിക പരിഹാരമുണ്ടാക്കിയെങ്കിലും പിന്നീട് ഇ പി ജയരാജന്‍ കേസ് റിപോര്‍ട്ട് ചെയ്യാന്‍ കോടതിയിലെത്തിയ വനിതകള്‍ അടക്കമുള്ള മാധ്യമപ്രവര്‍ത്തകരെ മര്‍ദിക്കുകയും ഇറക്കിവിടുകയും ചെയ്തിരുന്നു. ഈ വിഷയത്തില്‍ ഇരുവിഭാഗത്തിന്റെയും പരാതി കണക്കിലെടുത്ത് കേസെടുത്തിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക