|    Jul 25 Tue, 2017 10:26 pm
FLASH NEWS
Home   >  Todays Paper  >  Page 1  >  

മാധ്യമപ്രവര്‍ത്തകര്‍ക്ക് വിലക്കില്ലെന്ന് ചീഫ് ജസ്റ്റിസ് പരസ്യമായി പ്രഖ്യാപിക്കും

Published : 12th October 2016 | Posted By: SMR

കൊച്ചി: ഹൈക്കോടതിയില്‍ മാധ്യമപ്രവര്‍ത്തകരുടെ വിലക്ക് ഒഴിവാക്കുന്നതിന് മുഖ്യമന്ത്രി പിണറായി വിജയന്‍ ചീഫ് ജസ്റ്റിസ് മോഹന്‍ ശാന്തന ഗൗഡറുമായി ഇന്നലെ ചര്‍ച്ച നടത്തി. ഹൈക്കോടതിയില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കു വിലക്കില്ലെന്ന വിവരം പരസ്യമായി പ്രഖ്യാപിക്കാമെന്ന് ചീഫ് ജസ്റ്റിസ് ഉറപ്പുനല്‍കിയതായി മുഖ്യമന്ത്രി ചര്‍ച്ചയ്ക്കുശേഷം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ഇന്നലെ വൈകീട്ട് ചീഫ് ജസ്റ്റിസിന്റെ വസതിയിലെത്തിയാണ് മുഖ്യമന്ത്രി 15 മിനിറ്റ് ചര്‍ച്ച നടത്തിയത്.
ഹൈക്കോടതിയില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കു വിലക്കില്ലെന്ന വിവരം പരസ്യമായി പ്രഖ്യാപിക്കുന്നതിന് രജിസ്ട്രാര്‍ക്ക് ഉടന്‍ നിര്‍ദേശം നല്‍കുമെന്ന് അദ്ദേഹം അറിയിച്ചതായും മുഖ്യമന്ത്രി പറഞ്ഞു. പ്രശ്‌നപരിഹാരവുമായി ബന്ധപ്പെട്ട് നേരത്തേ എഡിറ്റര്‍മാരുമായും പത്രപ്രവര്‍ത്തക യൂനിയന്‍ നേതാക്കളുമായും കൂടിക്കാഴ്ച നടത്തിയിരുന്നുവെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ചീഫ് ജസ്റ്റിസിനെ കാണാമെന്ന് അന്ന് അവരെ അറിയിക്കുകയും ചെയ്തു. എന്നാല്‍, പ്രശ്‌നങ്ങള്‍ പരിഹരിച്ചുവെന്ന് ചീഫ് ജസ്റ്റിസ് അറിയിച്ചതിനെ തുടര്‍ന്ന് കൂടിക്കാഴ്ച തല്‍ക്കാലം വേണ്ടതില്ലെന്നു തീരുമാനിച്ചു. ദിവസങ്ങള്‍ കഴിഞ്ഞിട്ടും മാധ്യമപ്രവര്‍ത്തകരുടെ പ്രവേശന വിഷയത്തില്‍ കോടതിയില്‍ സാധാരണ നില പുനസ്ഥാപിച്ചതായി കാണാതിരുന്നതിനെ തുടര്‍ന്നാണ് ചീഫ് ജസ്റ്റിസുമായി ഇപ്പോള്‍ കൂടിക്കാഴ്ച നടത്തിയതെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.
ഹൈക്കോടതിയില്‍ കയറാന്‍ പറ്റാത്ത സാഹചര്യം സംബന്ധിച്ചു മാധ്യമപ്രവര്‍ത്തകര്‍ രജിസ്ട്രാര്‍ക്ക് പരാതി നല്‍കിയിരുന്നു. ഇതുവരെ ഇതിന് മറുപടി നല്‍കിയിട്ടില്ലെന്ന കാര്യം ചീഫ് ജസ്റ്റിസിന്റെ ശ്രദ്ധയില്‍പ്പെടുത്തി. മാധ്യമപ്രവര്‍ത്തകരുടെ പരാതിക്ക് മറുപടി നല്‍കാന്‍ രജിസ്ട്രാറോട് ആവശ്യപ്പെടാമെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞിട്ടുണ്ട്. എജി സി പി സുധാകരപ്രസാദും മുഖ്യമന്ത്രിക്കൊപ്പം കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക