|    Jan 17 Tue, 2017 6:52 pm
FLASH NEWS

മാധ്യമപ്രവര്‍ത്തകര്‍ക്കുനേരെ ആക്രമണം; പോലിസ് ആറുകേസുകള്‍ രജിസ്റ്റര്‍ ചെയ്തു

Published : 23rd July 2016 | Posted By: SMR

തിരുവനന്തപുരം: വഞ്ചിയൂര്‍ ജില്ലാ കോടതിയില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായി അഭിഭാഷകര്‍ ആക്രമണം നടത്തിയ സംഭവത്തില്‍ പോലിസ് ആറു കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. മാധ്യമപ്രവര്‍ത്തകരുടെ പരാതിയില്‍ രണ്ട് കേസുകള്‍ അഭിഭാഷകര്‍ക്കെതിരേ രജിസ്റ്റര്‍ ചെയ്തു.
വക്കീല്‍ ഗുമസ്തന്‍ ശബരി ഗിരീഷ്, അഭിഭാഷക കൃഷ്ണകുമാരി എന്നിവര്‍ക്ക് പരിക്കേറ്റ സംഭവത്തില്‍ കണ്ടാലറിയാവുന്ന നൂറുപേര്‍ക്കെതിരേ കേസെടുത്തു. അഭിഭാഷകരുടെ പരാതിയില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കും പോലിസുകാര്‍ക്കു പരിക്കേറ്റ സംഭവത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കും അഭിഭാഷകര്‍ക്കുമെതിരേയും കേസെടുത്തിട്ടുണ്ട്.
അതേസമയം, വഞ്ചിയൂര്‍ കോടതി വളപ്പില്‍ മാധ്യമപ്രവര്‍ത്തകരെ കൈയേറ്റം ചെയ്തതിനു പിടികൂടിയ അഭിഭാഷകനെ സഹപ്രവര്‍ത്തകര്‍ സ്റ്റേഷനില്‍നിന്ന് ഇറക്കിക്കൊണ്ടുപോയ സംഭവത്തില്‍ പോലിസിന്റെ ഭാഗത്തുനിന്ന് ഒരു നടപടിയുമുണ്ടായിട്ടില്ല. കഴിഞ്ഞദിവസം കോടതിക്കു മുന്നില്‍ പ്രതിഷേധം നടക്കുന്നതിനിടെ മാധ്യമപ്രവര്‍ത്തകര്‍ക്കിടയിലേക്ക് കൊല്ലുമെന്ന് ആക്രോശിച്ചുകൊണ്ടു പാഞ്ഞെത്തിയ ഇയാളെ ഡിസിപിയുടെ നിര്‍ദേശപ്രകാരം പിടികൂടി വഞ്ചിയൂര്‍ പോലിസിനു കൈമാറുകയായിരുന്നു. എന്നാല്‍, നിമിഷങ്ങള്‍ക്കകം വഞ്ചിയൂര്‍ സ്റ്റേഷനില്‍ സംഘടിച്ചെത്തിയ അഭിഭാഷകര്‍ പോലിസിന്റെ കണ്‍മുന്നില്‍നിന്ന് ഇയാളെ ഇറക്കിക്കൊണ്ടുപോവുകയായിരുന്നു.
ആലപ്പുഴ പ്രസ്‌ക്ലബ്ബിനു നേരെ
അഭിഭാഷകരുടെ ആക്രമണം
ആലപ്പുഴ: കൊച്ചിയിലും തിരുവനന്തപുരത്തും മാധ്യമ പ്രവര്‍ത്തകര്‍ക്കു നേരെയുണ്ടായ അഭിഭാഷകരുടെ ആക്രമണത്തിനു പിന്നാലെ ആലപ്പുഴ പ്രസ്‌ക്ലബ്ബിനു നേരെയും ആക്രമണം. ഇന്നലെ വൈകീട്ട് നാലോടെ കോട്ടണിഞ്ഞ അഭിഭാഷകര്‍ പ്രസ്‌ക്ലബ് കെട്ടിടത്തിലേക്ക് പാഞ്ഞുകയറുകയും ഒന്നാംനിലയില്‍ സ്ഥാപിച്ചിരുന്ന പ്രസ്‌ക്ലബ് ഓഫിസ് ബോര്‍ഡ് നശിപ്പിക്കുകയും ചെയ്തു.
ഓഫിസ് ബോര്‍ഡിന്റെ മുകളില്‍ ബാര്‍ അസോസിയേഷന്‍ വക എന്ന പോസ്റ്റര്‍ പതിക്കുകയും ചെയ്തു. സംഭവത്തില്‍ പ്രസ്‌ക്ലബ് ഭാരവാഹികളുടെ പരാതിയെ തുടര്‍ന്ന് ആലപ്പുഴ നോര്‍ത്ത് പോലിസ് അന്വേഷണം ആരംഭിച്ചു. സംഭവത്തില്‍ ആലപ്പുഴ ബാര്‍ അസോസിയേഷന്‍ ആശങ്ക അറിയിച്ചു. തങ്ങളുടെ എതിര്‍ഗ്രൂപ്പില്‍ പെട്ടവരാണ് അക്രമണം നടത്തിയതെന്നും ഇവര്‍ക്കെതിരേ നടപടി സ്വീകരിക്കുമെന്നും ഭാരവാഹികള്‍ പറഞ്ഞു. സംഭവത്തില്‍ പ്രതിഷേധിച്ച് നഗരത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ പ്രകടനം നടത്തി. ആലപ്പുഴ പ്രസ്‌ക്ലബ്ബിനു മുമ്പില്‍നിന്ന് ആരംഭിച്ച പ്രകടനം എവിജെ ജങ്ഷന്‍ ചുറ്റി പ്രസ്‌ക്ലബ് അങ്കണത്തില്‍ സമാപിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 65 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക