|    Mar 26 Sun, 2017 10:49 pm
FLASH NEWS

മാധ്യമപ്രവര്‍ത്തകര്‍ക്കു നേരെ അക്രമം; അടിയന്തരമായി ഇടപെടാമെന്ന് സുപ്രിംകോടതി ചീഫ് ജസ്റ്റിസ്

Published : 23rd July 2016 | Posted By: SMR

ന്യൂഡല്‍ഹി: ഹൈക്കോടതിയിലും തിരുവനന്തപുരം കോടതിയിലും അഭിഭാഷകരും മാധ്യമപ്രവര്‍ത്തകരും തമ്മിലുണ്ടായ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ അടിയന്തരമായി ഇടപെടാമെന്ന് സുപ്രിംകോടതി ചീഫ് ജസ്റ്റിസ് ടി എസ് ഠാക്കൂര്‍. പരാതിയുമായെത്തിയ കേരള പത്രപ്രവര്‍ത്തക യൂനിയന്‍ ഡല്‍ഹി ഘടകം ഭാരവാഹികളോടാണു ഠാക്കൂര്‍ ഇക്കാര്യം അറിയിച്ചത്.
സമൂഹത്തിന്റെ അവിഭാജ്യ ഘടകങ്ങളായ മാധ്യമപ്രവര്‍ത്തകരും അഭിഭാഷകരും തമ്മില്‍ ഏറ്റുമുട്ടലുണ്ടാവുന്നത് ആശാവഹമല്ല. അക്രമം ദൗര്‍ഭാഗ്യകരമാണ്. പ്രശ്‌നം പരിഹരിക്കാന്‍ ആവശ്യമായ എല്ലാ ഇടപെടലുകളും ജുഡീഷ്യറിയുടെ ഭാഗത്തുനിന്നുണ്ടാവും. വിഷയത്തില്‍ കേരള ഹൈക്കോടതിയിലെ ആക്റ്റിങ് ചീഫ് ജസ്റ്റിസുമായി സംസാരിക്കും. പ്രശ്‌നപരിഹാര നടപടികള്‍ ഏകോപിപ്പിക്കാന്‍ സുപ്രിംകോടതി ജസ്റ്റിസ് കുര്യന്‍ ജോസഫിനോട് അഭ്യര്‍ഥിക്കും. ഇതിനു പുറമെ, അക്രമത്തെത്തുടര്‍ന്ന് അടച്ചുപൂട്ടിയ മീഡിയ റൂം അറ്റകുറ്റപ്പണി നടത്തി തുറന്നു പ്രവര്‍ത്തിക്കാനുള്ള സാഹചര്യമുണ്ടാക്കുമെന്നും ചീഫ് ജസ്റ്റിസ് ഉറപ്പുനല്‍കി.
മാധ്യമപ്രവര്‍ത്തകര്‍ക്കു സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ അവസരമൊരുക്കും. കേരളത്തില്‍ സംഘര്‍ഷമൊഴിവാക്കി സംയമനത്തിന്റെ വഴി സ്വീകരിക്കണം. നീതിന്യായ സംവിധാനത്തിന് ഏറെ സംഭാവനകള്‍ നല്‍കിയിട്ടുള്ള സംസ്ഥാനമാണു കേരളം. വിദ്യാസമ്പന്നരായ അഭിഭാഷകരുടെ കാര്യത്തിലായാലും ശ്രദ്ധേയമായ വിധിപ്രസ്താവങ്ങളായാലും നീതിന്യായനിര്‍വഹണത്തിലെ മികവാണു കേരളത്തിന്റെ പ്രത്യേകതയെന്നും ചീഫ് ജസ്റ്റിസ് അഭിപ്രായപ്പെട്ടു. കേരളത്തില്‍ നടന്ന അക്രമസംഭവങ്ങളെക്കുറിച്ച് പത്രപ്രവര്‍ത്തക യൂനിയന്‍ ഡല്‍ഹി ഘടകം പ്രസിഡന്റ് പ്രശാന്ത് രഘുവംശത്തിന്റെ നേതൃത്വത്തിലുള്ള നേതാക്കള്‍ അദ്ദേഹത്തോടു വിവരിച്ചു. ഹൈക്കോടതി പരിസരത്തെ സംഘര്‍ഷത്തിനു പിന്നാലെ, തിരുവനന്തപുരത്തേക്കും അക്രമം വ്യാപിച്ച പശ്ചാത്തലത്തില്‍ പത്രപ്രവര്‍ത്തക യൂനിയന്‍ നേതാക്കള്‍ കഴിഞ്ഞദിവസം ജസ്റ്റിസ് കുര്യന്‍ ജോസഫിനെ കണ്ടു വിഷയം സംസാരിച്ചിരുന്നു.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക