|    Oct 19 Thu, 2017 3:45 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

മാധ്യമപ്രവര്‍ത്തകരെ കോടതിവളപ്പില്‍നിന്നു മാറ്റാന്‍ നിര്‍ദേശം; പബ്ലിക് പ്രോസിക്യൂട്ടറുടെ നടപടി നിയമവിരുദ്ധം

Published : 2nd August 2016 | Posted By: SMR

കോഴിക്കോട്: ജില്ലാകോടതി വളപ്പില്‍നിന്ന് മാധ്യമപ്രവര്‍ത്തകരെ നീക്കംചെയ്യാന്‍ പോലിസിന് നിര്‍ദേശം നല്‍കിയ പബ്ലിക് പ്രോസിക്യൂട്ടര്‍ കെ ആലിക്കോയയുടെ നടപടി നിയമവിരുദ്ധം. കോടതിയുടെ നടത്തിപ്പിലോ സുരക്ഷാക്രമീകരണങ്ങളുടെ കാര്യത്തിലോ ഇടപെടാനും നിര്‍ദേശം നല്‍കാനും നിലവിലുള്ള നിയമം പബ്ലിക് പ്രോസിക്യൂട്ടര്‍മാര്‍ക്ക് അധികാരം നല്‍കുന്നില്ല. കോടതിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ടോ സുരക്ഷാക്രമീകരണങ്ങള്‍ സംബന്ധിച്ചോ നിര്‍ദേശം നല്‍കാന്‍ ശിരസ്തദാര്‍ക്കു മാത്രമേ നിയമപരമായി അധികാരമുള്ളൂ. ശിരസ്തദാരുടെ ഈ അധികാരത്തെ മറികടന്നാണ് പബ്ലിക് പ്രോസിക്യൂട്ടര്‍ മാധ്യമപ്രവര്‍ത്തകരെ കോടതിവളപ്പില്‍നിന്നു നീക്കംചെയ്യാന്‍ പോലിസിനു നിര്‍ദേശം നല്‍കിയത്.
പബ്ലിക് പ്രോസിക്യൂട്ടറുടെ നിയമവിരുദ്ധമായ നിര്‍ദേശം അനുസരിക്കാന്‍ പോലിസിനും ചുമതലയില്ല. കോഴിക്കോട് കോടതിയില്‍ ഉണ്ടായ അനിഷ്ട സംഭവങ്ങള്‍ ഒരു വിഭാഗം അഭിഭാഷകരുടെ ഗൂഢാലോചനയാണ് എന്ന് നിയമവിരുദ്ധമായ ഈ നിര്‍ദേശവും അതിനെ തുടര്‍ന്നുള്ള പോലിസ് നടപടിയും വ്യക്തമാക്കുന്നു. ക്രിമിനല്‍ നടപടി നിയമം വകുപ്പ് 24 അനുസരിച്ച്, സര്‍ക്കാറിനുവേണ്ടി കേസ് നടത്തുക എന്നത് മാത്രമാണ് പബ്ലിക് പ്രോസിക്യൂട്ടറുടെ ചുമതല. മാവോവാദി നേതാവ് രൂപേഷിനെ ഹാജരാക്കുന്നതുമായി ബന്ധപ്പെട്ട സുരക്ഷ മുന്‍നിര്‍ത്തി, ജില്ലാ ജഡ്ജിയുടെ നിര്‍ദേശപ്രകാരമാണ് മാധ്യമപ്രവര്‍ത്തകരുടെ വാഹനം തടഞ്ഞതെന്നാണ് കെ ആലിക്കോയ അന്വേഷണ ഉദ്യോഗസ്ഥനു നല്‍കിയ മൊഴിയെന്നാണ് വിവരം.
കോടതിയില്‍ സുരക്ഷാപ്രശ്‌നങ്ങള്‍ ഉണ്ടാവാന്‍ ഇടയുണ്ട് എന്ന് ജില്ലാ ജഡ്ജിക്ക് വിവരം ലഭിച്ചാല്‍, അക്കാര്യം അറിയിക്കേണ്ടതും നടപടി എടുക്കാന്‍ നിര്‍ദേശിക്കേണ്ടതും ശിരസ്തദാരോട് ആയിരുന്നു. അല്ലാതെ, ഇത്തരം കാര്യങ്ങളിലെ ചുമതലകള്‍ പബ്ലിക് പ്രോസിക്യൂട്ടറെ ഏല്‍പ്പിച്ച നടപടി നിയമപരമായി ശരിയല്ല. ജില്ലാ ജഡ്ജി ഇത്തരത്തില്‍ ആവശ്യപ്പെട്ടാല്‍പോലും പോലിസിന് നിര്‍ദേശം നല്‍കാന്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ക്ക് അധികാരവുമില്ല.
മാധ്യമപ്രവര്‍ത്തകരെ കോടതി വളപ്പിലേക്ക് പ്രവേശിപ്പിക്കരുത് എന്ന് പോലിസിന് നിര്‍ദേശം നല്‍കിയ പബ്ലിക് പ്രോസിക്യൂട്ടറുടെ നടപടി ശിരസ്തദാരുടെ അധികാരങ്ങള്‍ക്ക് മേലുള്ള കടന്നുകയറ്റംകൂടിയാണ്. വലിയ സംഘര്‍ഷങ്ങള്‍ക്കും അനിശ്ചിതത്വങ്ങള്‍ക്കും വഴിവച്ച സംഭവത്തിന് ഉത്തരവാദി എന്ന നിലയിലും കോടതി നടത്തിപ്പുമായി ബന്ധപ്പെട്ട് ഇല്ലാത്ത അധികാരം ഉപയോഗിച്ച സര്‍ക്കാര്‍ ജീവനക്കാരന്‍ എന്ന നിലയിലും പബ്ലിക് പ്രോസിക്യൂട്ടര്‍ക്കെതിരേ ജില്ലാ ജഡ്ജിയും ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനും നടപടി സ്വീകരിക്കുകയാണ് ഇക്കാര്യത്തില്‍ നിയമപരമായി ഇനി ഉണ്ടാവേണ്ട തുടര്‍പ്രവര്‍ത്തനം.
ഇതേസമയം പബ്ലിക് പ്രോസിക്യൂട്ടറുടെ നിര്‍ദേശം, മേലുദ്യോഗസ്ഥരെ അറിയിക്കുകപോലും ചെയ്യാതെ നടപ്പാക്കിയ ടൗണ്‍ പോലിസ് സ്‌റ്റേഷന്‍ എസ്‌ഐ പി എം വിമോദിന്റെ നടപടിയും അഭിഭാഷക- പോലിസ് ഗൂഢാലോചനയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. നിലവില്‍ അഭിഭാഷകരും മാധ്യമപ്രവര്‍ത്തകരും തമ്മില്‍ നിലനില്‍ക്കുന്ന അസ്വാരസ്യങ്ങള്‍ പരിഹരിക്കാന്‍ സുപ്രിംകോടതി ചീഫ് ജസ്റ്റിസ് മുതലുള്ള ജുഡീഷ്യല്‍ ഓഫിസര്‍മാരും മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ള ഭരണാധികാരികളും ശ്രമം നടത്തിക്കൊണ്ടിരിക്കേ മേലുദ്യോഗസ്ഥരെ അറിയിക്കാതെ മാധ്യമപ്രവര്‍ത്തകരെ കസ്റ്റഡിയില്‍ എടുത്ത എസ്‌ഐയുടെ നടപടിയിലും ദുരൂഹത നിലനില്‍ക്കുന്നുണ്ട്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക