|    Jan 19 Thu, 2017 7:58 am
FLASH NEWS

മാധ്യമപ്രവര്‍ത്തകരെ അഭിഭാഷകര്‍ മര്‍ദ്ദിച്ച സംഭവം; ഹൈക്കോടതി പരിസരത്ത് സംഘം ചേരുന്നത് വിലക്കി

Published : 22nd July 2016 | Posted By: SMR

കൊച്ചി: മാധ്യമപ്രവര്‍ത്തകരെ ഹൈക്കോടതി അഭിഭാഷകര്‍ മര്‍ദ്ദിച്ചതിനെ തുടര്‍ന്നുണ്ടായ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ ഹൈക്കോടതി പരിസരത്ത് 15 ദിവസത്തേക്ക് സംഘം ചേരുന്നതു വിലക്കിക്കൊണ്ട് പോലിസ് ഉത്തരവ് പുറപ്പെടുവിച്ചു. ഹൈക്കോടതി പരിസരത്ത് കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ക്രമസമാധാന പ്രശ്‌നങ്ങളെ തുടര്‍ന്ന് സംഘര്‍ഷം നിലനില്‍ക്കുന്നതിനാലാണ് ഇന്നലെ മുതല്‍ 15 ദിവസത്തേക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നതെന്ന് ഉത്തരവില്‍ പറയുന്നു.
ഹൈക്കോടതിയുടെ 100 മീറ്റര്‍ ചുറ്റളവിലുള്ള സ്ഥലത്ത് (മത്തായി മാഞ്ഞുരാന്‍ റോഡ്, ഇആര്‍ജി റോഡ്, എബ്രഹാം മാടമാക്കല്‍ റോഡ്, ഡോ. സലിം അലി റോഡ് എന്നിവിടങ്ങളിലായി ന്യായവിരുദ്ധമായി സംഘം ചേര്‍ന്ന് നില്‍ക്കുന്നതും പൊതുയോഗങ്ങള്‍, ധര്‍ണ, മാര്‍ച്ച്, പിക്കറ്റിങ് എന്നിവ നടത്തുന്നതിനും കേരള പോലിസ് നിയമം വകുപ്പ് 79(1) പ്രകാരം നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുകയാണെന്നും കൊച്ചി സിറ്റി ജില്ല പോലിസ് മേധാവി ഉത്തരവില്‍ പറയുന്നു.
കഴിഞ്ഞ ദിവസം ഗവണ്‍മെന്റ് പ്ലീഡര്‍ ധനേഷ് മാത്യു മാഞ്ഞൂരാന്‍ വഴിയാത്രക്കാരിയായ സ്ത്രീയെ കടന്നു പിടിച്ചതിനെതിരേ പോലിസ് കേസെടുത്തത് മാധ്യമങ്ങള്‍ വാര്‍ത്തയാക്കിയതു മുതലാണ് ഒരു വിഭാഗം അഭിഭാഷകര്‍ മാധ്യമപ്രവര്‍ത്തകര്‍ക്കു നേരെ തിരിഞ്ഞത്. തുടര്‍ന്ന്, ഹൈക്കോടതിക്കുള്ളിലിട്ടും പുറത്തുവച്ചും മാധ്യമപ്രവര്‍ത്തകരെ ഇവര്‍ മര്‍ദ്ദിച്ചു. വിഷയത്തില്‍ കേരള പത്രപ്രവര്‍ത്തക യൂനിയന്‍ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ ചീഫ് ജസ്റ്റിസ് അടക്കമുള്ളവര്‍ക്ക് പരാതി നല്‍കുകയും പ്രതിഷേധം സംഘടിപ്പിക്കുകയും ചെയ്തിരുന്നു. ഇതേ തുടര്‍ന്ന് മാധ്യമ പ്രവര്‍ത്തകരെ കോടതിയില്‍ കയറ്റില്ലെന്നവിധത്തിലുളള നിലപാട് സ്വീകരിച്ചതോടെയാണ് സംഘര്‍ഷാവസ്ഥ ഉടലെടുത്തത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 106 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക