|    Oct 17 Wed, 2018 8:43 am
FLASH NEWS
Home   >  Editpage  >  Editorial  >  

മാധ്യമപ്രവര്‍ത്തകരുടെ കൊല പതിവാകുന്നു

Published : 25th September 2017 | Posted By: fsq

 

സപ്തംബര്‍ 6ന് ഗൗരി ലങ്കേഷ് പത്രിക എഡിറ്റര്‍ ഗൗരി ലങ്കേഷ് അജ്ഞാതരുടെ ആക്രമണത്തില്‍ വെടിയേറ്റു കൊല്ലപ്പെട്ടതിനെ തുടര്‍ന്നുണ്ടായ പ്രതിഷേധ ജ്വാലകള്‍ കെട്ടടങ്ങിയിട്ടില്ല. സനാതന്‍ സന്‍സ്ത എന്ന സംഘപരിവാര ഭീകരര്‍ ഗൗരീവധത്തിനു പിന്നിലുണ്ടെന്ന അന്വേഷണ റിപോര്‍ട്ട് പുറത്തുവരവേ രാജ്യത്ത് മാധ്യമപ്രവര്‍ത്തകര്‍ കൊല്ലപ്പെടുന്നത് വര്‍ധിക്കുകയാണ്. ദിന്‍രാത് വാര്‍ത്താ ചാനലിലെ ശന്തനു ഭൗമികിനെ സപ്തംബര്‍ 20 ബുധനാഴ്ച തട്ടിക്കൊണ്ടുപോയി തലയ്ക്കടിച്ച് കൊന്നു.  ഏറ്റവും അവസാനം സപ്തംബര്‍ 23നു മൊഹാലിയില്‍ മുതിര്‍ന്ന പത്രപ്രവര്‍ത്തകന്‍ കെ ജെ സിങും 92കാരിയായ അമ്മയും സ്വവസതിയില്‍ കൊല്ലപ്പെട്ടു. അവിവാഹിതനായ കെ ജെ സിങ് ഇന്ത്യന്‍ എക്‌സ്പ്രസ്, ടൈംസ് ഓഫ് ഇന്ത്യ, ദി ടിബ്യൂണ്‍ എന്നീ മാധ്യമങ്ങളില്‍ ന്യൂസ് എഡിറ്ററായി പ്രവര്‍ത്തിച്ചിട്ടുള്ള ആളാണ്. ഈ സംഭവങ്ങളിലെല്ലാം പോലിസ് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കലും സംശയിക്കപ്പെടുന്നവരെന്നു പറഞ്ഞു നിരപരാധികളെ ചോദ്യം ചെയ്തു പീഡിപ്പിക്കലും തുടരുകയാണ്. മാധ്യമപ്രവര്‍ത്തകരെ ലക്ഷ്യംവച്ച് അക്രമികള്‍ നിരങ്ങുന്നതിന് ഹിന്ദുത്വ സംഘടനകളുടെ പിന്തുണയുണ്ട്. ഗൗരി ലങ്കേഷ് വധത്തില്‍ പ്രതിഷേധ കൊടുങ്കാറ്റ് നാടുനീളെ ആഞ്ഞുവീശിയിട്ടും പ്രധാനമന്ത്രിയോ മറ്റു മന്ത്രിസഭാ അംഗങ്ങളോ പ്രതികരിച്ചിട്ടില്ല. ഫാഷിസ്റ്റുകള്‍ എന്നും വാര്‍ത്താ മാധ്യമങ്ങളുടെ വായ മൂടിക്കെട്ടി കൊള്ളയും കൊള്ളിവയ്പും ദുര്‍ഭരണവും തുടരാന്‍ കച്ചകെട്ടി ഇറങ്ങിയതിന് ഇത്രയേറെ ദൃഷ്ടാന്തങ്ങള്‍ ഇന്ത്യയില്‍ ആദ്യമാണ്. ബിഹാറില്‍ മാധ്യമപ്രവര്‍ത്തകന്‍ മുന്നാ ഭാരതിയെയും കുടുംബത്തെയും ആക്രമിച്ച് കൃത്യനിര്‍വഹണത്തില്‍ നിന്നു തടഞ്ഞ് ജയ്ഹിന്ദ് എന്നു നിര്‍ബന്ധിച്ചു വിളിപ്പിച്ച് വഴിതടയുകയായിരുന്നു. ജീവനു ഭീഷണി മനസ്സിലാക്കി ‘ജയ് ശ്രീരാം’ വിളിച്ചു രക്ഷപ്പെടുകയായിരുന്നു എന്‍ഡിടിവി ഇന്ത്യ വാര്‍ത്താ ചാനലിലെ മറ്റൊരു മാധ്യമപ്രവര്‍ത്തകന്‍. ‘ഭാരത് മാതാ കീ ജയ്’ എന്ന് ഉരുവിടാത്തതിനു ബിഹാറിലെ ബിജെപി മന്ത്രി വിനോദ് കുമാര്‍ സിങ് ‘നിങ്ങളൊക്കെ പാകിസ്താനില്‍ നിന്നുള്ളവരാണോ’ എന്നു ചോദിച്ച് മാധ്യമപ്രവര്‍ത്തകരോട് ക്ഷുഭിതനായതു മറ്റൊരു സംഭവം. നാക്കുപിഴയാണെന്നു പറഞ്ഞ്, പ്രശ്‌നം വഷളായതിനെ തുടര്‍ന്ന് മന്ത്രി തടിയൂരി.നൂറുകണക്കിനു ഫ്രീലാന്‍സ് മാധ്യമപ്രവര്‍ത്തകരും ചാനല്‍-9ലെ ജാവീദ് അഹ്മദ് മീര്‍, അസോമിയ പ്രതിദിനിലെ മുഹമ്മദ് മുസ്‌ലിമുദ്ദീന്‍, ആസിയ ഖിലാനി, ന്യൂസ് ആന്റ് ഫീച്ചര്‍ അലയന്‍സിലെ പര്‍വേസ് മുഹമ്മദ് സുല്‍ത്താന്‍, ദൂരദര്‍ശന്‍ ടിവിയിലെ ശ്രീനഗര്‍ പ്രതിനിധി സെയ്ദാന്‍ ഷാഫി, അല്‍താഫ് അഹ്മദ് ഫാറൂഖ്, സാഫ്രോണ്‍ ടൈംസിലെ ഗുലാം റസൂല്‍ ശെയ്ഖ്, ഏഷ്യന്‍ ന്യൂസ് ഇന്റര്‍നാഷനലിലെ മുഷ്താഖ് അലി തുടങ്ങിയ മാധ്യമപ്രവര്‍ത്തകരും ഈയിടെ ആക്രമിക്കപ്പെട്ടു.കേന്ദ്രം തീക്കൊള്ളികൊണ്ട് തല ചൊറിയുകയാണെന്ന് ഓര്‍ക്കണം. ഇത്ര വഷളായ ഒരു കാലം ഇതിനു മുമ്പ് സ്വതന്ത്ര ഇന്ത്യയില്‍ ഉണ്ടായിട്ടില്ല.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss