|    Oct 15 Mon, 2018 8:37 pm
FLASH NEWS

മാധ്യമപ്രവര്‍ത്തകനെ മര്‍ദിച്ച സംഭവം: പ്രതിഷേധം ശക്തം

Published : 28th September 2017 | Posted By: fsq

 

കോഴിക്കോട്: ബിരുദ വിദ്യാര്‍ഥി ദുരൂഹ സാഹചര്യത്തില്‍ മരിച്ചത് റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകനെ  സംഘം ചേര്‍ന്ന് മര്‍ദ്ദിച്ചവര്‍ക്കെതിരേ നിസാര വകുപ്പുകള്‍ ചുമത്തി വിട്ടയച്ചതില്‍ പ്രതിഷേധം ശക്തം. പോലിസും അക്രമികളും ഒത്തുകളിച്ച് ജാമ്യം ലഭിക്കാവുന്ന വകുപ്പുകള്‍ പ്രതികള്‍ക്ക് മേല്‍ ചുമത്തിയെന്ന ആരോപണം കഴിഞ്ഞ ദിവസം തന്നെ ഉയര്‍ന്നിരുന്നു. നഗരഹൃദയത്തില്‍ ഗുണ്ടായിസം കാണിച്ചവരെ നിസാര വകുപ്പ് ചുമത്തി വെറുതെ വിടാനുള്ള പോലിസ് നടപടിക്കെതിരേ മാധ്യമപ്രവര്‍ത്തകരും രംഗത്തെത്തിയിട്ടുണ്ട്. കോളജ് കാംപസിലെ നിസാര പ്രശ്‌നങ്ങളുടെ പേരില്‍   വിദ്യാര്‍ഥികള്‍ക്കെതിരേ പോലുംവധശ്രമത്തിന് കേസെടുത്ത ചരിത്രമുള്ള പോലിസ് നഗരത്തില്‍ ഗുണ്ടായിസം നടത്തുന്നവരെ കണ്ടില്ലെന്ന് നടിക്കുകയാണെന്ന് ആക്ഷേപമുയര്‍ന്നിട്ടുണ്ട്. പ്രതികളെ കണ്ടെത്താന്‍ സിസിടിവി ദൃശ്യങ്ങള്‍ പരിക്കേറ്റ മാധ്യമപ്രവര്‍ത്തകന്‍ ഹാജരാക്കണമെന്ന പോലിസ് നിലപാട് പ്രതിഷേധമിരട്ടിപ്പിക്കാന്‍ കാരണമായി. ഗുണ്ടാ ആക്രമണം പോലിസ് നിസാരവല്‍ക്കരിച്ച് മുന്നോട്ട് പോവുകയാണെങ്കില്‍ വരും ദിവസങ്ങളില്‍ ശക്തമായ പ്രക്ഷോഭം നടത്താനുള്ള നീക്കത്തിലാണ് മാധ്യമപ്രവര്‍ത്തകര്‍. മാധ്യമപ്രവര്‍ത്തകര്‍ക്ക് ജോലി ചെയ്യാനുള്ള സാഹചര്യം നിഷേധിക്കുന്ന ഫാഷിസ്റ്റ് നടപടിക്ക് പോലീസ് കുട പിടിക്കുകയാണെങ്കില്‍ കമ്മീഷണര്‍ ഓഫിസ് മാര്‍ച്ച് ഉള്‍പ്പെടെയുള്ള പരിപാടികള്‍ ആസൂത്രണം ചെയ്യുമെന്ന് കേരള പത്രപ്രവര്‍ത്തക യൂണിയന്‍ നേതാക്കള്‍ പറഞ്ഞു. അതിനിടെ പരിക്കേറ്റ മലയാള മനോരമ ലേഖകന്‍ ടി ഡി ദിലീപ് ചൊവ്വാഴ്ച ആശുപത്രി വിട്ടിരുന്നുവെങ്കിലും വേദന മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് ഇന്നലെ വീണ്ടും ആശുപത്രിയില്‍ പ്രവേശിച്ചു. പ്രഫഷണല്‍ ഗുണ്ടാ രീതിയില്‍ ആക്രമിച്ചതിനെ തുടര്‍ന്നാണ് ദിലീപിന്റെ ജനനേന്ദ്രീയത്തിന് ക്ഷതമേറ്റതെന്ന്  ചികില്‍സിക്കുന്ന ഡോക്ടര്‍മാര്‍ പറഞ്ഞു. മരിച്ചതിന് തുല്യമായി ജീവിക്കണമെന്ന ഉദ്ദേശത്തോട് കൂടി ആക്രമിക്കുന്നവര്‍ക്ക് മാത്രമേ ഇത്തരത്തില്‍ ശരീരത്തില്‍ ക്ഷതമേല്‍പ്പിക്കാന്‍ സാധിക്കുകയുള്ളൂവെന്നും ഡോക്ടര്‍മാര്‍ പറയുന്നു. സംഭവവുമായി ബന്ധപ്പെട്ട് രണ്ടു പേരെയാണ് കഴിഞ്ഞ ദിവസം മെഡിക്കല്‍ കോളജ് പോലിസ് അറസ്റ്റ് ചെയ്ത് വിട്ടയച്ചത്. നല്ലളം എണത്തില്‍കാവില്‍ വിജേഷ് ലാല്‍(36),  അരക്കിണര്‍ ഫാത്തിമാ നിവാസില്‍ അസ്‌കര്‍ (39) എന്നിവരാണ് പിടിയിലായത്.  വെള്ളയില്‍  ജോസഫ്‌റോഡിലെ അറഫ ഹൗസില്‍ ഷാഹില്‍ (22) ലോഡ്ജില്‍ മുറിയെടുത്ത് മയക്കുമരുന്ന് അമിതമായി ഉപയോഗിച്ചതിനെ തുടര്‍ന്നാണ് മരിച്ചത്. സംഭവം റിപ്പോര്‍ട്ട്‌ചെയ്യാനെത്തിയപ്പോള്‍ മിംസ് ആശുപത്രി പരിസരത്തുവച്ച് ഞായറാഴ്ചയാണ് ദിലീപിന് മര്‍ദനമേറ്റത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss