|    Jun 19 Tue, 2018 9:50 pm
Home   >  Todays Paper  >  Page 4  >  

മാധ്യമപ്രവര്‍ത്തകനെ ഭീഷണിപ്പെടുത്തി ദൃശ്യങ്ങള്‍ നശിപ്പിച്ചെന്ന്; നടന്‍ ഉണ്ണി മുകുന്ദനെതിരേ പരാതി

Published : 23rd December 2017 | Posted By: kasim kzm

കൊച്ചി: സിനിമാസെറ്റില്‍ വച്ച് നടന്‍ ഉണ്ണി മുകുന്ദനും സംഘവും മാധ്യമപ്രവര്‍ത്തകനെ ഭീഷണിപ്പെടുത്തി കാമറയിലെ ദൃശ്യങ്ങള്‍ നശിപ്പിച്ചതായി പരാതി. മാതൃഭൂമി ന്യൂസ് കൊച്ചി ബ്യൂറോയിലെ റിപോര്‍ട്ടര്‍ എം എസ് ലിഷോയ്, കാമറാമാന്‍ നിഖില്‍ ജോസഫ് എന്നിവരാണ് ഉണ്ണി മുകുന്ദനും സംഘവും തങ്ങളെ ഭീഷണിപ്പെടുത്തി ദൃശ്യങ്ങള്‍ ഡിലീറ്റ് ചെയ്യിപ്പിച്ചെന്നു ചൂണ്ടിക്കാട്ടി സിറ്റി പോലിസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയത്.—ചാണക്യതന്ത്രം എന്ന സിനിമയുടെ സെറ്റില്‍ വച്ച് ഇന്നലെയാണ് പരാതിക്കാസ്പദമായ സംഭവം. മാസ്റ്റര്‍പീസ് സിനിമയുടെ വിജയാഘോഷത്തില്‍ പങ്കെടുക്കാനാണ് മാധ്യമപ്രവര്‍ത്തകരെ ചിത്രത്തിന്റെ പിആര്‍ഒ കരുവേലിപ്പടി ജങ്ഷനിലെ ഷൂട്ടിങ് ലൊക്കേഷനിലേക്കു ക്ഷണിച്ചത്. സെറ്റിലെത്തിയ ചാനല്‍സംഘം ആഘോഷപരിപാടികള്‍ ചിത്രീകരിച്ചശേഷം ഉണ്ണി മുകുന്ദനെതിരേ യുവതിയുടെ പീഡനാരോപണം സംബന്ധിച്ച പ്രതികരണം ആരാഞ്ഞു. അദ്ദേഹം ക്ഷുഭിതനാവുകയും ഇതു ചോദിക്കാന്‍ നിങ്ങളാരാണെന്നും തനിക്കു പറയാനുള്ളത് താന്‍ കോടതിയില്‍ പറഞ്ഞിട്ടുണ്ടെന്നും മറുപടി പറയുകയും ചെയ്തു. തുടര്‍ന്ന് അതുവരെ ഷൂട്ട് ചെയ്ത് ദൃശ്യങ്ങള്‍ കാമറയില്‍ നിന്ന് നീക്കംചെയ്യാന്‍ ആവശ്യപ്പെടുകയായിരുന്നു. ദൃശ്യങ്ങള്‍ ഡിലീറ്റ് ചെയ്യാതെ സെറ്റില്‍ നിന്ന് പുറത്തുവിടില്ലെന്നു പറഞ്ഞ് നടനൊപ്പം ഷൂട്ടിങ് സ്ഥലത്തുണ്ടായിരുന്ന സ്റ്റണ്ട് ആര്‍ട്ടിസ്റ്റുകളടക്കം 50ഓളം പേര്‍ ചേര്‍ന്ന് തങ്ങളെ വളഞ്ഞെന്നും പരാതിയില്‍ പറയുന്നു.—നടന്റെ സമ്മതമില്ലാതെ ദൃശ്യങ്ങള്‍ ടെലികാസ്റ്റ് ചെയ്യില്ലെന്ന് മാധ്യമപ്രവര്‍ത്തകന്‍ ഉറപ്പുനല്‍കിയിട്ടും ഭീഷണിപ്പെടുത്തി ദൃശ്യങ്ങള്‍ ഡിലീറ്റ് ചെയ്യിപ്പിക്കുകയായിരുെന്നന്നും പരാതിയില്‍ പറയുന്നു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss