|    Mar 22 Thu, 2018 1:59 am
FLASH NEWS
Home   >  Editpage  >  Lead Article  >  

മാധ്യമധര്‍മം; മാധ്യമധര്‍മസങ്കടം

Published : 9th September 2016 | Posted By: G.A.G

media-cover

NP-Chekkuty

എന്‍ പി ചെക്കുട്ടി

ഴുപതുകളുടെ അന്ത്യത്തിലോ എണ്‍പതുകളുടെ ആദ്യത്തിലോ ആണ് എന്റെ തലമുറയിലെ മാധ്യമപ്രവര്‍ത്തകരില്‍ മിക്കവരും ഈ തൊഴിലിലേക്കു കടന്നുവന്നത്. ഏതാണ്ട് മൂന്നര പതിറ്റാണ്ടു കാലത്തെ അനുഭവങ്ങളെന്നത് ചില്ലറക്കാര്യമല്ല. അങ്ങനെ തിരിഞ്ഞുനോക്കുമ്പോള്‍ ഉയര്‍ന്നുവരുന്ന ചിന്തകളും വികാരങ്ങളും മാധ്യമധര്‍മത്തിന്റെ ഗതിവിഗതികളെക്കുറിച്ചു മാത്രമല്ല, നമ്മുടെ പൊതുസമൂഹത്തിന്റെയും രാജ്യത്തിന്റെയും ധര്‍മനീതിയുടെയും നീതിബോധത്തിന്റെയും ഉത്ഥാനപതനങ്ങളെക്കുറിച്ചുകൂടിയാണ്.
കാര്യം ലളിതമാണ്: മാധ്യമപ്രവര്‍ത്തനം ഇന്നൊരു ധാര്‍മിക പ്രതിസന്ധിയുടെ ചുഴിയിലാണ്.

സമീപകാലത്ത് വഞ്ചിയൂര്‍ കോടതിയില്‍ ഒരുപറ്റം അഭിഭാഷകര്‍ മാധ്യമപ്രവര്‍ത്തകരെ ‘നാലാം ലിംഗക്കാര്‍ക്കു പ്രവേശനമില്ല’ എന്നു പ്രഖ്യാപിച്ച് വളഞ്ഞുവച്ച് ആക്രമിച്ചപ്പോള്‍ പോലും കേരളീയ പൊതുസമൂഹം അതു നിസ്സംഗമായി നോക്കിനില്‍ക്കുകയായിരുന്നു. ഈ പ്രസ്താവനയുടെ പിന്നിലെ ലിംഗപരമായ ഭേദവിചാരത്തെക്കുറിച്ചു പോലും ആരും കാര്യമായി ഉല്‍ക്കണ്ഠ പ്രകടിപ്പിക്കുകയുണ്ടായില്ല. ആണ്‍, പെണ്‍ എന്ന കൃത്യമായ മാനദണ്ഡങ്ങള്‍ക്ക് അപ്പുറത്തുള്ളവര്‍ക്ക് കോടതികളില്‍ ശരണമില്ല എന്നാണ് ഭരണഘടനയും നീതിശാസ്ത്രവും പഠിച്ചിറങ്ങിവന്ന അഭിഭാഷകര്‍ക്കു പോലും തോന്നുന്നതെങ്കില്‍ എന്താവും ഈ നാട്ടില്‍ അശരണരും അഗണ്യകോടിയില്‍ തള്ളപ്പെട്ടവരുമായ സാധാരണ ജനങ്ങളുടെ അവസ്ഥയെന്ന് ഊഹിക്കാവുന്നതേയുള്ളൂ. പക്ഷേ, പൊതുവില്‍ മാധ്യമപ്രവര്‍ത്തകരോടും അതിന്റെ സമീപകാല രീതികളോടുമുള്ള അനിഷ്ടം കൊണ്ടാവാം, സമൂഹം അത്തരത്തിലൊന്നും ഈ കാര്യങ്ങളെ ഇഴപിരിച്ചു പരിശോധിക്കുകയുണ്ടായില്ല.

മാധ്യമപ്രവര്‍ത്തനത്തെ സംബന്ധിച്ച സാമൂഹികമായ ഈ വിപ്രതിപത്തിയെക്കുറിച്ച് അറിയുന്നതുകൊണ്ടുകൂടിയാവാം തല്ലുകൊള്ളാനായി മാധ്യമപ്രവര്‍ത്തകര്‍ കോടതികളിലേക്കു പോവേണ്ടതില്ലെന്നു നമ്മുടെ മുഖ്യമന്ത്രി പോലും പ്രഖ്യാപിച്ചത്. മാധ്യമപ്രവര്‍ത്തകര്‍ തല്ലുകൊള്ളികളാണെന്ന അദ്ദേഹത്തിന്റെ ധാരണ വഞ്ചിയൂരിലെയും ഹൈക്കോടതിയിലെയും സംഭവവികാസങ്ങളില്‍ നിന്നു മാത്രം  ഉയിര്‍കൊണ്ടതാവാനിടയില്ല. മാധ്യമപ്രവര്‍ത്തനം സിന്‍ഡിക്കേറ്റ് പ്രവര്‍ത്തനമാണെന്ന് ഒരുകാലത്ത് നിരന്തരം ഉച്ചൈസ്തരം പ്രഖ്യാപിച്ചയാളാണ് നമ്മുടെ മുഖ്യമന്ത്രി പിണറായി വിജയന്‍. തന്നോടും തന്റെ പാര്‍ട്ടിയോടും മാധ്യമപ്രവര്‍ത്തകര്‍ മര്യാദ കാണിച്ചില്ലെന്ന പരാതി അദ്ദേഹം ഒരിക്കലും മറച്ചുവയ്ക്കുകയുണ്ടായില്ല.
അതിനാല്‍, മാധ്യമപ്രവര്‍ത്തനത്തിന്റെ ധര്‍മനീതിയെക്കുറിച്ചും അതിന്റെ മൂല്യവ്യവസ്ഥയെക്കുറിച്ചും സമൂഹത്തില്‍ തുറന്ന ചര്‍ച്ച തന്നെ നടക്കേണ്ടിയിരിക്കുന്നു. ഒരു കാര്യം തീര്‍ച്ചയാണ്: രാഷ്ട്രീയ നേതാക്കളുടെയും അധികാരം കൈയാളുന്ന കൊച്ചുമനുഷ്യരുടെയും വിരോധവും അതിക്രമങ്ങളും നേരിടാതെ മാധ്യമപ്രവര്‍ത്തനം ഒരിക്കലും സാധ്യമാവില്ല. മാധ്യമപ്രവര്‍ത്തനം തല്ലു കൊള്ളേണ്ട പണിയാണെന്നു കേരളത്തിലെ മുഖ്യമന്ത്രിക്ക് തോന്നുന്നുവെങ്കില്‍ അതു സാര്‍ഥകമായ മാധ്യമപ്രവര്‍ത്തനം തന്നെയാണെന്നു വിലയിരുത്തേണ്ടിവരും. അധികാരത്തില്‍ ഇരിക്കുന്നവന്റെ വളര്‍ത്തുപട്ടിയും കാവല്‍നായയുമായി മാധ്യമപ്രവര്‍ത്തനം എപ്പോള്‍ മാറിപ്പോകുന്നുവോ അപ്പോള്‍ സമൂഹം അതിനെതിരേ ജാഗരൂകരാവണം.
എന്നിരുന്നാലും ആത്മപരിശോധന അനിവാര്യമാണ്.

നമ്മുടെ പൊതുമാധ്യമങ്ങള്‍ ഇന്ന് സമൂഹത്തിന്റെ നാനാവിഭാഗങ്ങളുടെയും ജീവിതാനുഭവങ്ങളുടെ മേല്‍ പിടിച്ച സത്യസന്ധമായ ഒരു കണ്ണാടിയായി അനുഭവപ്പെടുന്നുണ്ടോ? അധികാരത്തില്‍ ഇരിക്കുന്ന അല്‍പബുദ്ധികളായ ചിലരെയല്ലാതെ സമൂഹത്തില്‍ അളവറ്റ സമ്പത്തും സ്ഥാനമാനങ്ങളും പദവികളുമെല്ലാം കൈയടക്കിവച്ചിരിക്കുന്ന നരഭോജികളായ സാമൂഹിക സത്വങ്ങള്‍ക്കെതിരേ ഒരക്ഷരം ശബ്ദിക്കാനോ അത്തരം സ്ഥാപിതതാല്‍പര്യങ്ങള്‍ക്കെതിരേ ചെറുവിരലെങ്കിലും ഉയര്‍ത്താനോ നമ്മുടെ മാധ്യമങ്ങള്‍ക്കു കഴിയുന്നുണ്ടോ? അങ്ങനെയൊന്നും സാധ്യമാവാത്ത കാലത്തോളം എങ്ങനെയാണ് പൊതുസമൂഹത്തിന്റെ മനസ്സാക്ഷിയാണ് മാധ്യമങ്ങളെന്നു നമുക്ക് ഉറച്ചുനിന്ന് അവകാശപ്പെടാന്‍ സാധ്യമാവുക?
കേരളത്തില്‍ ഇന്നു മാധ്യമങ്ങളുടെ തോരാമഴയാണ്. 24 മണിക്കൂറും ഉണര്‍ന്നിരിക്കുന്ന ചാനലുകള്‍ തന്നെ വരും ഒരു ഡസനോളം. രാവിലെയും വൈകീട്ടുമായി പുറത്തുവരുന്ന പത്രങ്ങള്‍ അതിലേറെയുണ്ട്. ഓണ്‍ലൈനായും ശബ്ദതരംഗ വീചികളിലൂടെയും പ്രചരിക്കുന്ന പുത്തന്‍ മാധ്യമങ്ങള്‍ വേറെ അനേകം.

ഇത്രയൊക്കെയായിട്ടും ശബ്ദകോലാഹലമല്ലാതെ സമൂഹത്തെപ്പറ്റി, ജീവിതത്തെപ്പറ്റി, അധികാരവ്യവസ്ഥയെപ്പറ്റി, സാമ്പത്തിക അസമത്വത്തെപ്പറ്റി എന്തെങ്കിലും കൃത്യമായൊരു കാഴ്ചപ്പാട് വായനക്കാരനോ പ്രേക്ഷകനോ ശ്രോതാവിനോ നല്‍കാന്‍ പര്യാപ്തമാംവിധം ചിന്തോദ്ദീപകമായ എന്തെങ്കിലും ഇന്നു പൊതുമാധ്യമങ്ങളില്‍ നിന്നു ലഭിക്കുന്നുണ്ടോ? അങ്ങനെയൊന്നും ലഭ്യമല്ലാത്തതുകൊണ്ടായിരിക്കണമല്ലോ മാധ്യമങ്ങളെ അപഹസിച്ചും ആട്ടിയകറ്റിയും കേരളീയ സമൂഹത്തില്‍ ഭരണാധികാരിയായും ന്യായാധിപനായും നീതിദേവതയുടെ കാവലാളായും ഒക്കെ മനസ്സാക്ഷിക്കുത്തോ സാമൂഹികമായ എതിര്‍ശബ്ദങ്ങളോ നേരിടാതെ പലര്‍ക്കും ഇന്നു കഴിഞ്ഞുകൂടാനാവുന്നത്.
മാധ്യമപ്രവര്‍ത്തനം ഇന്ന് അതിന്റെ അടിസ്ഥാനപരമായ മൂല്യസങ്കല്‍പങ്ങളില്‍ നിന്ന് അകന്നുപോയിരിക്കുന്നുവെന്നതു നിസ്തര്‍ക്കമാണ്.

എഴുപതുകളില്‍ മാധ്യമപ്രവര്‍ത്തനരംഗത്തു വന്ന ആരും പത്രപ്രവര്‍ത്തകരും പത്രമുതലാളിയുമായി ഒരേയവസരത്തില്‍ പ്രത്യക്ഷപ്പെടുകയുണ്ടായില്ല. അന്ന് നമ്മുടെ നാട്ടില്‍ അച്ചടിച്ചു വിതരണം ചെയ്യുന്ന പത്രങ്ങള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. റേഡിയോ സര്‍ക്കാരിന്റെ കുത്തകമാധ്യമമായി നിലനിന്നു. ടെലിവിഷനും ഓണ്‍ലൈന്‍ മാധ്യമങ്ങളും ദശാബ്ദങ്ങള്‍ക്കു ശേഷം വരാനിരിക്കുന്ന പുതുമകളായിരുന്നു. അന്ന് മാധ്യമപ്രവര്‍ത്തകര്‍ പരിമിത വിഭവങ്ങള്‍ മാത്രം കൈമുതലാക്കി സാമൂഹികമായ ഒരു ധര്‍മം നിറവേറ്റാനുള്ള ശ്രമമാണ് നടത്തിയത്. അതുകൊണ്ടുതന്നെ ഭരണകൂടത്തിന്റെ ഏറ്റവും കടുത്ത വിമര്‍ശകരും അതിന്റെ കണ്ണിലെ കരടുമായി മാറി പല മാധ്യമപ്രവര്‍ത്തകരും.

തങ്ങളുടെ പത്രങ്ങളിലൂടെ ശക്തമായ വിമര്‍ശനത്തിന്റെ കൂരമ്പുകള്‍ തൊടുത്തുവിട്ട പ്രമുഖര്‍ പോലും സ്വന്തം സ്ഥാപനത്തില്‍ ആരുമായിരുന്നില്ല. അടിയന്തരാവസ്ഥയുടെ ഭീകരാനുഭവങ്ങളെക്കുറിച്ചു കേരളത്തില്‍ ഏറ്റവും സമഗ്രമായ അന്വേഷണ പരമ്പര തയ്യാറാക്കി അവതരിപ്പിച്ചത് അന്നു ദേശാഭിമാനിയുടെ ലേഖകനായിരുന്ന അപ്പുക്കുട്ടന്‍ വള്ളിക്കുന്ന് ആയിരുന്നു. കക്കയം ക്യാംപിന്റെയും സമാനമായ മറ്റു പീഡനകേന്ദ്രങ്ങളുടെയും ഉള്ളറക്കഥകള്‍ അദ്ദേഹം തുറന്നുകാട്ടി. അതു കോടതിക്കേസും രാഷ്ട്രീയമായ പ്രചണ്ഡവാതവുമായി. കരുണാകരന്‍ മുഖ്യമന്ത്രിസ്ഥാനത്തു നിന്നു പുറത്തായി. ആ പരമ്പര പ്രസിദ്ധീകരിച്ച് രാഷ്ട്രീയ നേട്ടം കൊയ്ത അതേ പത്രത്തില്‍ നിന്നു കുറേ വര്‍ഷങ്ങള്‍ക്കു ശേഷം ആ പത്രപ്രവര്‍ത്തകനും പുറത്തായി. ഒരു നാള്‍ ഓഫിസില്‍ പോയി നോക്കിയപ്പോള്‍ അദ്ദേഹത്തിന്റെ മുറി പൂട്ടിയതായും കസേര അപ്രത്യക്ഷമായതായും കാണപ്പെടുകയായിരുന്നു!
ഇത് ഒരു വ്യക്തിയുടെ മാത്രം കഥയല്ല. ഒരു കാലഘട്ടത്തിന്റെയും ഒരു സംവിധാനത്തിന്റെയും ചിത്രമാണ്. മാധ്യമപ്രവര്‍ത്തകന്‍ തന്റെ ചുമതലകള്‍ സമൂഹത്തിനു വേണ്ടി നിതാന്തമായ ജാഗ്രതയോടെ നിറവേറ്റുമ്പോഴും അയാള്‍ പലപ്പോഴും തന്റെ കഥാപാത്രങ്ങളെപ്പോലെ സ്വയം വേട്ടയാടപ്പെടുന്ന ഒരു ഇര കൂടിയാണ്. സ്ഥാപനവുമായോ അതിന്റെ സാമ്പത്തിക സ്രോതസ്സുകളുമായോ അതിനു പിന്നിലെ രാഷ്ട്രീയ-മത-സാമ്പത്തിക ശക്തികളുമായോ ഏതെങ്കിലും വിധത്തില്‍ ഉരസലുണ്ടായാല്‍ അയാളുടെ ഗതി അധോഗതിയാവും. ഇന്നലെ വരെ കൊണ്ടാടപ്പെട്ടയാള്‍ ഇന്ന് അഗതിയായി, തൊഴില്‍ നഷ്ടപ്പെട്ടവനായി ആരുമല്ലാത്തവനായി പാട്ട കൊട്ടി പുറത്താക്കപ്പെടും. ഇത്തരം ദുരനുഭവങ്ങള്‍ കേരളത്തില്‍ മാത്രമല്ല രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലും ഭാഷകളിലും ഉണ്ടായിട്ടുണ്ട്. തീക്ഷ്ണമായ അരക്ഷിതാവസ്ഥയിലാണ് മിക്കവാറും എല്ലാ മാധ്യമപ്രവര്‍ത്തകരും കഴിഞ്ഞുകൂടിയത്.

(അവസാനിക്കുന്നില്ല)

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss