|    Sep 25 Tue, 2018 2:55 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

മാധ്യമങ്ങള്‍ വെല്ലുവിളികളെ അതിജീവിക്കണം: പിണറായി വിജയന്‍

Published : 23rd January 2017 | Posted By: fsq

pinarayi_cabinet_meet

കൊച്ചി: ഇന്ത്യന്‍ പത്രപ്രവര്‍ത്തനരംഗം അനവധി വെല്ലുവിളികള്‍ നേരിട്ടാണ് ഇന്നത്തെ സ്ഥിതിയിലെത്തിയതെന്നും വളര്‍ച്ചയ്ക്കു വിലങ്ങുതടികളുണ്ടെങ്കില്‍ അതിനെ മറികടക്കാന്‍ കഴിയണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. കേരള മീഡിയ അക്കാദമിയുടെ മാധ്യമ അവാര്‍ഡ് വിതരണവും വിദ്യാര്‍ഥികള്‍ക്കു സര്‍ട്ടിഫിക്കറ്റ് വിതരണവും നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ഇപ്പോള്‍ നീതിന്യായ വ്യവസ്ഥയുമായുള്ള പ്രശ്‌നങ്ങള്‍ ഇത്തരത്തില്‍ അതിജീവിക്കാന്‍ കഴിയണം. സര്‍ക്കാര്‍ ന്യായത്തിന്റെ ഭാഗത്താണ്. മൂല്യാധിഷ്ഠിത മാധ്യമപ്രവര്‍ത്തനം പ്രതിസന്ധി നേരിട്ടാല്‍ സര്‍ക്കാര്‍ അവര്‍ക്കൊപ്പം നില്‍ക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. പാവപ്പെട്ടവരുടെയും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെയും ശബ്ദമാവാന്‍ മാധ്യമങ്ങള്‍ക്കു കഴിയണം. ഇത്തരക്കാരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്കു കൊണ്ടുവരുന്നതിന് മാധ്യമങ്ങള്‍ക്ക് മുഖ്യപങ്ക് വഹിക്കാന്‍ കഴിയും. മൂല്യബോധവും അര്‍പ്പണബോധവുമുള്ള തലമുറയെ വാര്‍ത്തെടുക്കുന്ന കേരള മീഡിയ അക്കാദമിക്ക് സര്‍ക്കാരില്‍നിന്ന് എല്ലാ സഹായവും സഹകരണവുമുണ്ടായിരിക്കും.  മുന്‍ഗാമികളായ ധിഷണാശാലികളുടെ പ്രവര്‍ത്തനം മാതൃകയാക്കി പുതിയ മാധ്യമപ്രവര്‍ത്തകര്‍ മുന്നോട്ടുപോവണം. തെറ്റ് വ്യക്തിയുടെയോ സമൂഹത്തിന്റെയോ ഭാഗത്താണെങ്കില്‍ അതു തിരുത്തുന്നതിന് പ്രേരകശക്തിയാവണം. എന്നാല്‍, ഇക്കാര്യത്തില്‍ ചിലപ്പോള്‍ മാധ്യമപ്രവര്‍ത്തകര്‍ വ്യതിചലിക്കുന്നു. അതു മുതലാളിത്ത വ്യവസ്ഥയുടെ ഭാഗമാക്കപ്പെട്ടുപോവുന്നതിനാലാണ്. ഭയപ്പെടാതെയും ആരെയും ഭയപ്പെടുത്താതെയും മാധ്യമപ്രവര്‍ത്തനം നടത്താന്‍ കഴിയണം. ജനങ്ങളെ ബാധിക്കുന്ന പ്രശ്‌നങ്ങളില്‍ ഉത്തരവാദിത്തബോധത്തൊടെയുള്ള സമീപനം മാധ്യമങ്ങള്‍ സ്വീകരിക്കണം. കറന്‍സി പ്രശ്‌നത്തില്‍ വേണ്ടവിധത്തില്‍ പ്രതികരിക്കാന്‍ മാധ്യമങ്ങള്‍ക്കു കഴിഞ്ഞില്ല. ഇക്കാര്യത്തിലുണ്ടായ നയവൈകല്യം വേണ്ടവിധം തുറന്നുകാട്ടാനും കഴിഞ്ഞില്ല. ദേശീയതയുടെ പേരില്‍ സൃഷ്ടിക്കപ്പെടുന്ന പ്രശ്‌നങ്ങള്‍ വെളിച്ചത്ത്‌കൊണ്ടുവരാനും കഴിഞ്ഞില്ല. ഇക്കാര്യങ്ങളിലൊക്കെ ജനജിഹ്വയായി മാറാന്‍ മാധ്യമങ്ങള്‍ക്കു കഴിയണം.  അമേരിക്കന്‍ പ്രസിഡന്റിന്റെ നിലപാടുകള്‍ മാനവരാശിക്ക് അപകടം സൃഷ്ടിക്കുന്നതാണ്. ഇത് ഏവരെയും ആശങ്കയിലാഴ്ത്തുന്നതാണെന്നും മുഖ്യമന്ത്രി പറഞ്ഞു. തിരുവനന്തപുരത്ത് മാധ്യമ മ്യൂസിയം സ്ഥാപിക്കുന്നതിന് അക്കാദമി സമര്‍പ്പിച്ച പദ്ധതി നിര്‍ദേശം സര്‍ക്കാര്‍ അനുഭാവപൂര്‍വം പരിഗണിക്കുമെന്നും. അക്കാദമിയുടെ വിവിധ അവാര്‍ഡുകളും വിദ്യാര്‍ഥികളുടെ സര്‍ട്ടിഫിക്കറ്റുകളും മുഖ്യമന്ത്രി വിതരണം ചെയ്തു. യോഗത്തില്‍ അക്കാദമി ചെയര്‍മാന്‍ ആര്‍ എസ് ബാബു അധ്യക്ഷത വഹിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss